ഒരുകാലത്ത് മലയാള സിനിമയിലെ ചോക്ലേറ്റ് നായകനായി ഒരു തലമുറയുടെ മുഴുവന്‍ സ്‌നേഹം പിടിച്ചുപറ്റിയ നായകനാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവും നക്ഷത്രത്താരാട്ടും നിറവും എന്നുവേണ്ട ചാക്കോച്ചന്‍ സ്‌ക്രീനിലെത്തിയാല്‍ സിനിമ ഹിറ്റാവുന്ന ഒരു കാലമുണ്ടായിരുന്നു.
അന്നത്തെ പല പെണ്‍കുട്ടികളുടേയും ആരാധനാബിംബമായിരുന്നു ശരിക്കും കുഞ്ചാക്കോ ബോബന്‍. നിരവധി അഭിമുഖങ്ങളില്‍ അന്ന് തനിക്ക് ലഭിച്ച പ്രണയ ലേഖനങ്ങളെ കുറിച്ചൊക്കെ താരം സംസാരിച്ചിട്ടുണ്ട്.
വലിയൊരു ഇടവേളയ്ക്ക് ശേഷം തനിക്ക് അത്തരത്തില്‍ പ്രണയാതുരമായ കത്തുകള്‍ ലഭിച്ചത് രാമന്റെ ഏദന്‍തോട്ടം റിലീസ് ആയതിന് ശേഷമാണെന്ന് പറയുകയാണ് കുഞ്ചാക്കോ ബോബന്‍. ന്നാ താന്‍ കേസ് കൊട് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്ന് ലഭിച്ച കത്തുകളെ കുറിച്ചും അത് കണ്ട ശേഷം ഭാര്യ പ്രിയയോട് താന്‍ പറഞ്ഞ കാര്യത്തെ കുറിച്ചുമൊക്കെയാണ് ചാക്കോച്ചന്‍ അഭിമുഖത്തില്‍ പറയുന്നത്.
അന്നത്തെ ഇമേജ് മാറ്റി മുന്നോട്ട് പോകാന്‍ തനിക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ അന്നത്തെ ഒരു ഫയര്‍ ഇപ്പോഴും ഉണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. രാമന്റെ ഏദന്‍ തോട്ടം എന്ന സിനിമ റിലീസ് ചെയ്ത സമയത്താണ് കുറേ നാളുകള്‍ക്ക് ശേഷം എനിക്ക് പ്രണയത്തില്‍പൊതിഞ്ഞ കുറേ മെസ്സേജുകളും കാര്യങ്ങളുമൊക്കെ കിട്ടിയത്.
അപ്പോള്‍ ഞാന്‍ പ്രിയയോട് പറഞ്ഞു പ്രിയ, ഒന്ന് എന്നെ ശ്രദ്ധിച്ചോ ഞാന്‍ ചിലപ്പോ വഴിതെറ്റിപ്പോകാനുള്ള സാധ്യതയുണ്ടെന്ന്. അതിനേക്കാളൊക്കെ ഉപരി മുന്‍പ് എന്നെ താത്പര്യമില്ലാതിരുന്നവര്‍ക്ക് പോലും എന്റെ ആ സിനിമകളൊക്കെ ഇഷ്ടമായിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഈ 25ാം വര്‍ഷത്തില്‍ സന്തോഷമുണ്ട്. ഇനിയുമൊരു 25 വര്‍ഷം മുന്നോട്ടുപോകാനുള്ള പ്രചോദനമാണ് അത്, കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
ഏറെ നാളുകള്‍ക്ക് ശേഷം സ്വന്തമാക്കിയ അനിയത്തിപ്രാവിലെ ബൈക്കിനെ കുറിച്ചും ചാക്കോച്ചന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. ബൈക്ക് എറണാകുളത്തെ വീട്ടിലുണ്ട്. ഫ്‌ളാറ്റിന് ചുറ്റും ഒന്ന് കറങ്ങിയെന്നേയുള്ളൂ. ഇനി ഒറിജിനല്‍ പ്രിയയേയും പിറകിലിരുത്തി ഒന്ന് കറങ്ങണം. കുറേ ഫാന്‍സ് ബൈക്കിനുണ്ട്. കുറച്ചുപേരൊക്കെ കാണാന്‍ വന്നിരുന്നു. എന്റെ കൂടെയും ബൈക്കിന്റെ കൂടെയും ഫോട്ടോയെടുക്കണമെന്നും കറങ്ങണമെന്നും ആഗ്രഹമുള്ളവരുണ്ട്. അതിനുള്ള അവസരം ഉണ്ടാക്കാനായി ശരിക്കും ആഗ്രഹമുണ്ട്, കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
ന്നാ താന്‍ കേസ് കൊട് സിനിമയുടെ കാസര്‍ഗോഡുള്ള ഷൂട്ട് ഭയങ്കര രസമായിരുന്നെന്നും അവിടെയുള്ള ആളുകളുടെ സഹകരണം എടുത്തുപറയേണ്ട കാര്യമാണെന്നും ചാക്കോച്ചന്‍ അഭിമുഖത്തില്‍ പറഞ്ഞു.
രണ്ട് മൂന്ന് പാട്ട് ഷൂട്ട് ചെയ്ത കാര്യത്തെ കുറിച്ച് പറയാം. ആ ഗാനത്തില്‍ 250 ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ ഉണ്ട്. ഇത് കൂടാതെ 500 ല്‍ ഏറെ വരുന്ന നാട്ടുകാരും അവിടെ ഉണ്ട്. ഷൂട്ട് രാവിലെ മുതല്‍ രാത്രി വരെ നീളും. ഈ ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ എല്ലാം രാത്രി ഒരു ഒമ്പത് മണിയൊക്കെ ആകുമ്പോള്‍ പോയി. പക്ഷേ ഇവര്‍ അവിടെ തന്നെ നിന്നു. പിറ്റേ ദിവസവും ഇതിന്റെ ബാക്കി ഷൂട്ട് ഉണ്ടെന്നും നിങ്ങള്‍ എല്ലാവരും വരണമെന്നും പറ്റിയാല്‍ ഇതേ വസ്ത്രം തന്നെ ഇടണമെന്നും അവരോട് പറഞ്ഞു. അതുപോലെ തന്നെ അവര്‍ എല്ലാവരും പിറ്റേ ദിവസവും എത്തി. അതുകൊണ്ട് തന്നെ ആ സീനുകള്‍ എല്ലാം ഗംഭീരമായി ഷൂട്ട് ചെയ്യാനും പറ്റി, കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
Content Highlight: actor Kunchacko boban share a funny experiance after ramante edan thottam movie release