| Sunday, 25th September 2022, 7:49 pm

എന്റെ കൈ ഒടിഞ്ഞെന്ന് കുഞ്ചാക്കോ ബോബന്‍, ന്നാ താന്‍ കേസ് കൊടെന്ന് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അജഗജാന്തരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കുന്ന ചിത്രത്തിന്റെ അണിയറയിലാണ് ടിനു പാപ്പച്ചന്‍. ഈ ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ കുഞ്ചാക്കോ ബോബന് പരിക്ക് പറ്റിയിരുന്നു . ഒരു ”പരുക്കന്‍” ക്യാരക്ടര്‍ ഡിമാന്ഡ് ചെയ്ത ”പരിക്ക്” എന്ന ക്യാപ്ഷനോടെ താരം തന്നെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ ചിത്രം പങ്കുവെച്ചത്.

കൈക്കാണ് പരിക്കേറ്റത്. ചിത്രത്തോടൊപ്പം കയ്യില്‍ പരിക്ക്, കയ്യിലിരിപ്പ് എന്ന ഹാഷ് ടാഗുകളും കുഞ്ചാക്കോ ബോബന്‍ ചേര്‍ത്തിട്ടുണ്ട്. ഇനി പല്ല് മുറിയെ തിന്നാമെന്നാണ് ചിത്രത്തിന് രമേഷ് പിഷാരടി കമന്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ആരാധകര്‍ കുഴിയില്‍ വീണോ, ന്നാ താന്‍ കേസ് കൊട് എന്ന കമന്റുകളുമായാണ് രംഗത്ത് വന്നിരിക്കുന്നത്.

രതീഷ് പൊതുവാള്‍ ചിത്രം ന്നാ താന്‍ കേസ് കൊടിന്റെ വലിയ വിജയത്തിന് ശേഷം കുഞ്ചാക്കോ ബോബന്‍ നായകനായി ഒരുങ്ങുന്ന പുതിയ ചിത്രം ത്രില്ലര്‍ ഗണത്തിലാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോയ് മാത്യുവാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്.

അരുണ്‍ നാരായണ്‍ ആണ് ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്. ഈശോയ്ക്ക് ശേഷം അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. ജിന്റോ ജോര്‍ജ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ കലാസംവിധായകന്‍ ഗോകുല്‍ദാസും എഡിറ്റര്‍ നിഷാദ് യൂസഫുമാണ്. രാജേഷ് ശര്‍മ്മ, തിങ്കളാഴ്ച നിശ്ചയംഫെയിം കെ.യു. മനോജ്, അനുരൂപ് തുടങ്ങിയവര്‍ പ്രധാന താരനിരക്കാരില്‍ ചിലരാണ്.

സെപ്റ്റംബര്‍ എട്ട് മുതല്‍ ‘ന്നാ, താന്‍ കേസ് കൊടി’ന്റെ ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചിരുന്നു. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെയായിരുന്നു സ്ട്രീമിംഗ്. ഓഗസ്റ്റ് 11നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. നിറഞ്ഞ സദസുകളിലെ പ്രദര്‍ശനത്തിനൊടുവിലാണ് ചാക്കോച്ചന്‍ ചിത്രം ഒ.ടി.ടിയിലേക്ക് മാറിയത്. ഒ.ടി.ടിയിലും ചിത്രത്തിന് നല്ല പ്രതികരണമായിരുന്നു.

Content Highlight: Actor Kunchacko Boban injured during shoot

We use cookies to give you the best possible experience. Learn more