ചാക്കോ നിന്നെ ദൈവം ഉയര്‍ത്തിയത് നീ മറക്കേണ്ട; ചേരയുടെ പോസ്റ്റര്‍ പങ്കുവെച്ചതിന് കുഞ്ചാക്കോ ബോബനെതിരേയും വിദ്വേഷ പ്രചരണം
Chera Movie
ചാക്കോ നിന്നെ ദൈവം ഉയര്‍ത്തിയത് നീ മറക്കേണ്ട; ചേരയുടെ പോസ്റ്റര്‍ പങ്കുവെച്ചതിന് കുഞ്ചാക്കോ ബോബനെതിരേയും വിദ്വേഷ പ്രചരണം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 22nd August 2021, 3:11 pm

കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നടന്‍ കുഞ്ചാക്കോ ബോബനെതിരെ വിദ്വേഷ പ്രചരണം. ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ചേര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിനെതിരെ വിദ്വേഷ പ്രചരണം ആരംഭിച്ചത്.

കുരിശില്‍ നിന്നും ഇറക്കിയ ശേഷം മാതാവിന്റെ മടിയില്‍ കിടക്കുന്ന യേശുവിന്റെ ചിത്രവുമായി പോസ്റ്ററിന് സാമ്യമുണ്ട് എന്നാണ് വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ പറയുന്നത്. ഇത് ക്രിസ്ത്യന്‍ വിഭാഗത്തിന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്നു എന്നാരോപിച്ചാണ് കുഞ്ചാക്കോയ്ക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നത്.

ലോകപ്രസിദ്ധ ചിത്രകാരനും ശില്‍പിയുമായ മൈക്കലാഞ്ചലോയുടെ വിഖ്യാതമായ ശില്‍പം ‘പിയത്തെ’യെ അനുകല്‍പനം ചെയ്താണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിട്ടുള്ളത്.

ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്ററിന് താഴെ ഒട്ടനവധി വിദ്വേഷ കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

‘ഇത് തോന്ന്യവാസം ആണ്, കുറെ കഞ്ചാവടി ഡയറക്ടഴ്സ് കയറി മലയാള സിനിമ നശിപ്പിച്ചു, ചാക്കോ നിന്നെ ദൈവം ഉയര്‍ത്തിയത് നീ മറക്കണ്ട’, ‘ജിഹാദി പണം വാങ്ങിയാല്‍ ജോലി ചെയ്യണം പക്ഷേ ക്രിസ്ത്യാനികള്‍ എന്തും സഹിക്കും എന്ന് കരുതിയാല്‍ തെറ്റി’ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.


കഴിഞ്ഞ ദിവസമാണ് ചേരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയത്. അപ്പോഴും വിദ്വേഷ പ്രചരണങ്ങളുണ്ടായിരുന്നു.

‘ഈ സിനിമ ഇറക്കാന്‍ ഒരിക്കലും അനുവദിക്കില്ല, ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അതിര് കടക്കുന്നു,’ എന്നിങ്ങനെയാണ് കമന്റുകള്‍. നിങ്ങള്‍ക്ക് ക്രിസ്ത്യാനികളെ അപമാനിച്ചിട്ട് മതിയായില്ലേ എന്നാണ് മറ്റൊരു കമന്റ്.

മറ്റ് മതക്കാര്‍ അവരുടെ വിശ്വാസത്തെ കളിയാക്കുന്ന പടം വന്നാല്‍ ഇങ്ങനെ ആയിരിക്കുമോ പ്രതികരിക്കുകയെന്നും ചിലര്‍ ചോദിക്കുന്നു.

വിദ്വഷപ്രചാരങ്ങള്‍ക്ക് പിന്നാലെ സിനിമയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

ഇതാദ്യമായല്ല സിനിമകള്‍ക്കെതിരെ വിദ്വേഷപ്രചാരങ്ങള്‍ നടക്കുന്നത്. നേരത്തെ നാദിര്‍ഷ സംവിധാനം ചെയ്ത ‘ഈശോ’, ‘കേശു ഈ വീടിന്റെ നാഥന്‍’ എന്നീ സിനിമകളുടെ പേരിലും വിദ്വേഷപ്രചരണങ്ങളുണ്ടായിരുന്നു. ക്രിസ്ത്യന്‍ മതവിഭാഗത്തെ വ്രണപ്പെടുത്തുന്നതാണ് സിനിമയുടെ പേരുകള്‍ എന്നാരോപിച്ചായിരുന്നു പ്രചരണം.

ഫ്രൈഡേ, ലോ പോയന്റ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചേര. നജീം കോയയുടേതാണ് തിരക്കഥ.

ലൈന്‍ ഓഫ് കളേഴ്‌സിന്റെ ബാനറില്‍ അരുണ്‍ എം.സിയാണ് ചിത്രം നിര്‍മിക്കുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഷഹബാസ് അമന്‍ സംഗീതം പകരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Kunchacko Boban Cyber Attack Chera Movie