1997ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന സിനിമയിലെ സുധീഷ് കുമാര്‍-രാധാമാധവന്‍ സുഹൃത്ത് കൂട്ടുകെട്ട് മലയാളികളുടെ പ്രിയപ്പെട്ട ഒന്നാണ്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കോളേജ് സുഹൃത്ത് കൂട്ടുകെട്ടുകളില്‍ ഒന്നുമാണിത്.
കുഞ്ചാക്കോ ബോബനും നടന്‍ സുധീഷുമായിരുന്നു ഈ കഥാപാത്രങ്ങളായി സ്‌ക്രീനില്‍ അന്ന് നിറഞ്ഞത്. പിന്നീടും ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച ഇവര്‍ സിനിമയ്ക്കപ്പുറം വ്യക്തിജീവിതത്തിലും നല്ല സുഹൃത്തുക്കളാണ്.
ഇപ്പോള്‍ അന്‍പത്തിയൊന്നാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം നേടിയ സുധീഷിനെ അഭിനന്ദിച്ചുകൊണ്ട് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. സുധീഷിന്റെ അവാര്‍ഡ് നേട്ടത്തില്‍ അഭിനന്ദനമറിയിച്ച കുഞ്ചാക്കോ ബോബന്‍ സിനിമയിലെ ഇരുവരുടെയും കൂട്ടുകെട്ടിനെക്കുറിച്ചും സുധീഷിന്റെ പെര്‍ഫോമന്‍സുകളെക്കുറിച്ചും പോസ്റ്റില്‍ സംസാരിക്കുന്നു.
‘സുധീഷ്… നടന്‍… ഞാന്‍ ആദ്യമായി നായകനായ സിനിമ മുതല്‍ ആദ്യമായി നിര്‍മാതാവായ സിനിമ വരെ. അനിയത്തിപ്രാവ് മുതല്‍ അഞ്ചാം പാതിര വരെ എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററുകളിലെല്ലാം സുധീഷ് എന്നോടൊപ്പം അഭിനയിച്ചിട്ടുണ്ട്. എന്നും ഒരു നല്ല സുഹൃത്ത്.
34 വര്‍ഷത്തെ മലയാള സിനിമാ ജീവിതത്തില്‍ അദ്ദേഹത്തിന് ആദ്യത്തെ സംസ്ഥാന പുരസ്‌കാരം ലഭിക്കുമ്പോള്‍, അദ്ദേഹത്തെ അറിയാവുന്നവരും അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് കണ്ടവരുമായ ഒരുപാട് പേര്‍ ചിന്തിക്കുന്ന പോലെ തന്നെ ഈ പുരസ്‌കാരം പ്രതീക്ഷിച്ചതിലും അല്പം വൈകിപ്പോയി എന്നെനിക്കറിയാം.
മലയാളസിനിമയില്‍ ഒഴിച്ചുകൂടാനാകാത്ത ‘അടുത്ത വീട്ടിലെ പയ്യന്‍’ ആയി മൂന്ന് പതിറ്റാണ്ടിലധികമായി ഇവിടെയുള്ള സുധീഷ് എന്ന നടന്‍, ഇതുവരെ ചെയ്തിട്ടില്ലാത്ത പുതുമയോടെ തന്നിലെ നടനില്‍ പരീക്ഷണങ്ങള്‍ നടത്തുന്നതാണ് നമ്മളിപ്പോള്‍ കാണുന്നത്.
പ്രിയ സുഹൃത്തേ, നിന്റെ വഴിയില്‍ ഇനിയും ഒരുപാട് വരാനിരിക്കുന്ന വലിയ കാര്യങ്ങളുടെ ഒരു ചെറിയ തുടക്കം മാത്രമാണ് ഇതെന്നാണ് ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നത്.
ഈ അവാര്‍ഡിന് നിന്നെ അര്‍ഹനാക്കിയ സിനിമകളുടെ അണിയറപ്രവര്‍ത്തകര്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍. ഒരുമിച്ച് ചെയ്യാനിരിക്കുന്ന, ഓര്‍മ്മയില്‍ സൂക്ഷിക്കാനുള്ള ഒരുപാട് വലിയ സിനിമകള്‍ക്ക്…,’ കുഞ്ചാക്കോ ബോബന്‍ കുറിച്ചു.
കുഞ്ചാക്കോ ബോബന്‍ നായകനായി അരങ്ങേറിയ ഫാസില്‍ ചിത്രം അനിയത്തിപ്രാവില്‍ താരത്തിന്റെ നായക കഥാപാത്രത്തിന്റെ സുഹൃത്തായ രാധാമാധവനായി സുധീഷ് എത്തിയിരുന്നു. ഉദയ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ കുഞ്ചാക്കോ ബോബന്‍ ആദ്യമായി നിര്‍മാതാവായ കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന സിനിമയിലും സുധീഷ് ഒരു പ്രധാന വേഷം ചെയ്തിരുന്നു.
അവാര്‍ഡില്‍ സന്തോഷമുണ്ടെന്നും അത് കൂടുതല്‍ ഉത്തരവാദിത്തമാണ് തരുന്നതെന്നുമായിരുന്നു സംസ്ഥാന പുരസ്‌കാരം ലഭിച്ച ശേഷം നടന്‍ സുധീഷ് പ്രതികരിച്ചത്. ‘എന്നിവര്‍’, ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്നീ സിനിമകളിലെ അഭിനയത്തിനാണ് മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം സുധീഷിന് ലഭിച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actor Kunchacko Boban Actor Sudheesh Kerala State Film Award