| Thursday, 14th September 2023, 3:40 pm

26 കൊല്ലമായിട്ടും എനിക്ക് അത് മനസിലായിട്ടില്ല എന്ന് വിചാരിക്കുന്നുണ്ടെങ്കില്‍ അവരാണ് മണ്ടന്‍മാര്‍: കുഞ്ചാക്കോ ബോബന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പദ്മിനി സിനിമയുടെ പ്രൊമോഷന് പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ വിവാദത്തെ കുറിച്ച് മനസുതുറന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. സിനിമയുടെ പ്രൊമോഷനില്‍ നിന്നും മനപൂര്‍വം മാറിനിന്നതല്ലെന്നും തനിക്ക് അതിന്റെ ആവശ്യമില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ആ പടം മാര്‍ക്കറ്റ് ചെയ്ത് വിജയിക്കുകയാണെങ്കില്‍ അതിന്റെ ഗുണം ലഭിക്കുന്നത് തനിക്ക് കൂടിയാണെന്നും അങ്ങനെ ലഭിക്കുന്ന ഗുണം വേണ്ടെന്ന് വെക്കാന്‍ മാത്രം കോമണ്‍സെന്‍സ് ഇല്ലാത്ത ആളല്ല താനെന്നും ദി ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

‘ആ സമയത്ത് ഞാന്‍ എച്ച്.വണ്‍ എന്‍.വണ്‍ പനിപിടിച്ച് കിടപ്പിലായിരുന്നു. പിന്നെ ആ സിനിമയുടെ റിലീസിന്റെ സമയത്ത് നേരത്തെ തന്നെ കമ്മിറ്റ് ചെയ്ത് ഒരു പ്രോഗ്രാമിന്റെ ഭാഗമായി പുറത്തായിരുന്നു. ആ സിനിമയിലുള്ള വേറൊരു അഭിനേത്രിയും അന്ന് ലണ്ടനില്‍ ഉണ്ടായിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഡീല്‍ ചെയ്തിട്ടാണ് മറ്റ് കാര്യങ്ങള്‍ സെറ്റില്‍ ചെയ്തത്.

അത് അതിന്റെ രീതിയ്ക്ക് പോകുന്നു. അത്രയേ ഉള്ളൂ. ഒരു പടം വിജയിക്കുക എന്നതും വിജയിപ്പിക്കുക എന്നതും എല്ലാവരുടേയും ഭാഗത്തുനിന്ന് വരേണ്ട കാര്യമാണ്. പടം വിജയിച്ചാല്‍ ഏറ്റവും കൂടുതല്‍ ഗുണം ലഭിക്കുന്നത് അതിലെ ലീഡ് ആക്ടറിന് തന്നെയാണ്. 26 കൊല്ലമായിട്ടും അത് എനിക്ക് മനസിലായിട്ടില്ല എന്ന് വിചാരിക്കുന്നുണ്ടെങ്കില്‍ അത് വിചാരിക്കുന്നവരാണ് മണ്ടന്‍മാര്‍.

ഒരിക്കലും ഞാന്‍ മനപൂര്‍വം മാറിനിന്നിട്ടില്ല. എനിക്ക് അതിന്റെ ആവശ്യമില്ല. ഞാന്‍ ചെറിയ വേഷം ചെയ്ത സിനിമയാണെങ്കില്‍ പോലും സിനിമ വിജിയക്കുകയാണെങ്കില്‍ അത് എനിക്ക് കൂടി ഗുണമുള്ള കാര്യമാണ്. ട്രാഫിക്, വൈറസ് ഇതൊക്കെ കോമ്പിനേഷന്‍ മള്‍ട്ടി സ്റ്റാര്‍ മൂവികളാണ്. ആ പടം മാര്‍ക്കറ്റ് ചെയ്ത് വിജയിക്കുകയാണെങ്കില്‍ എനിക്ക് കൂടി അതിന്റെ ഗുണം ലഭിക്കും.

അങ്ങനെ ലഭിക്കുന്ന ഗുണം വേണ്ടെന്ന് വെക്കാന്‍ മാത്രം കോമണ്‍സെന്‍സ് ഇല്ലാത്ത ആളല്ല ഞാന്‍. പദ്മിനി സിനിമയുടെ മാര്‍ക്കറ്റിങ്ങി വേണ്ടി സിനിമയില്‍ ആദ്യമായി പാട്ടുപാടിയ ആളാണ് ഞാന്‍. അതില്‍ കൂടുതല്‍ എന്താണ് വേണ്ടത്.

സിനിമയുടെ മാര്‍ക്കറ്റിങ്ങിനായി നമ്മള്‍ എപ്പോഴും വ്യത്യസ്തമായിട്ടുള്ള കാര്യങ്ങള്‍ പരീക്ഷിക്കാറുണ്ട്. ന്നാ താന്‍ കേസ് കൊടിലെ ഡാന്‍സ് പോലുള്ള ചില കാര്യങ്ങള്‍. പദ്മിനിയില്‍ പാട്ടുപാടാം എന്ന് പറഞ്ഞത് ഞാനാണ്. ഇത്രയും വര്‍ഷമായിട്ട് ഞാന്‍ സിനിമയില്‍ പാട്ടുപാടിയിട്ടില്ല.

അത്തരത്തില്‍ വ്യത്യസ്തമായിട്ടുള്ള മാര്‍ക്കറ്റിങ് ഐഡിയ ആ പടത്തിന് ഗുണകരമായി ചെയ്യാന്‍ ശ്രമിച്ചിട്ടുള്ള വ്യക്തിയാണ് ഞാന്‍. അതില്‍പരം എനിക്ക് പ്രൂവ് ചെയ്യാന്‍ ഒന്നുമില്ല. പിന്നെ നിങ്ങളുടെ പ്രവൃത്തി എന്താണോ അതിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കും. അത്രയേയുള്ളൂ,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Content Highlight: Actor Kunchacko Boban about the Promotion Controversy

We use cookies to give you the best possible experience. Learn more