| Monday, 8th August 2022, 1:39 pm

എന്റെ കൂടെ പഠിച്ചവര്‍ക്കൊക്കെ അവരുടെ അത്രയുള്ള മക്കളായി; ഇസു വലുതാവുമ്പോഴും ഞാന്‍ യൂത്തനായി ഇരിക്കണമല്ലോ: കുഞ്ചാക്കോ ബോബന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മകന്‍ ഇസഹാക്കിനെ കുറിച്ചും മകന്‍ ജനിച്ച ശേഷം സിനിമയോടുള്ള തന്റെ സമീപനത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ചും സംസാരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍.

ഇസഹാക്ക് വന്ന ശേഷം ജീവിതം എങ്ങനെയൊക്കെ മാറിയെന്ന ചോദ്യത്തിനായിരുന്നു കുഞ്ചാക്കോ ബോബന്റെ മറുപടി. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പേളി മാണി ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചാക്കോച്ചന്‍.

‘ഇസു വന്ന ശേഷമായിരിക്കും സിനിമയോടുള്ള ആറ്റിറ്റിയൂഡിലും സിനിമയെ സമീപിക്കുന്ന രീതിയിലും പ്രകടമായ മാറ്റങ്ങള്‍ വന്നുതുടങ്ങിയത്. ഇസു വന്നശേഷം ചാക്കോച്ചന്‍ ചുമ്മാ ഫ്രീക്കൗട്ട് ചെയ്യുകയാണല്ലോയെന്ന് ചിലര്‍ ചോദിക്കും. ഒരുപക്ഷേ ഞാനും ഒരു ചൈല്‍ഡ് ആയി മാറുകയായിരുന്നു.

ഞങ്ങള്‍ക്ക് 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണല്ലോ ഈ ചോട്ട ഉണ്ടായിരിക്കുന്നത്. എന്റെ കൂടെ പഠിച്ച കൂട്ടുകാരന്‍മാരുടെയൊക്കെ മക്കള്‍ അവരുടെ ഹൈറ്റ് ആയി. ഞാനാണെങ്കില്‍ എന്റെ കൊച്ചിനേയും പൊക്കിപ്പിടിച്ചോണ്ടാണ് നടക്കുകയാണ്. (ചിരി). അതൊരു നല്ല കാര്യമാണ്. എന്നാലും ഇവന്‍ വലുതാവുമ്പോഴും ഞാന്‍ യൂത്തനായി ഇരിക്കണമല്ലോ. അതിന് വേണ്ടിയുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. (ചിരി). പിന്നെ അവന്‍ വന്ന ശേഷം നമ്മുടെ ലൈഫ് കൂടുതല്‍ ഹാപ്പിയായി. കൂടുതല്‍ സന്തോഷം വന്നു. അതിന്റെ ഒരു എക്‌സൈറ്റ് പാര്‍ട്ടുണ്ട്. പോസിറ്റീവ് വൈബുണ്ട്. അത് പ്രൊഫഷണല്‍ ലൈഫിലും പേഴ്‌സണല്‍ ലൈഫിലുമുണ്ട്, കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തെ കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ചിത്രത്തിന്റെ കഥ ആദ്യം കേള്‍ക്കുമ്പോള്‍ തുടക്കത്തിലെ ഇന്‍സിഡന്റ് വേറെയായിരുന്നെന്നും എന്നാല്‍ സ്‌ക്രിപ്റ്റ് ലെവലിലേക്ക് വരുമ്പോള്‍ രതീഷിന്റെ ഹ്യൂമറിന്റെ പാറ്റേണ് ഇതില്‍ സപ്പോര്‍ട്ടായി വരുമെന്ന് അറിയാമായിരുന്നെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

എനിക്ക് ഒരു അനുഭവമുണ്ടല്ലോ. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ കഥ പറഞ്ഞപ്പോള്‍ എനിക്ക് ഒന്നും മനസിലായിരുന്നില്ല. പിന്നെയാണ് അതില്‍ എത്രത്തോളം ഹ്യൂമറിന്റെ എലമെന്റ് ആഡ് ഓണ്‍ ചെയ്‌തെന്ന് മനസിലായത്. സീരിയസ് വിഷയമാണെങ്കിലും ഹ്യൂമറിലും സപ്പോര്‍ട്ട് ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു.

പിന്നെ നമുക്ക് പ്രേക്ഷകരിലേക്ക് ഒരു സീരിയസായ കാര്യം കണ്‍വേ ചെയ്യാനുണ്ടെങ്കില്‍ അതിന്റെ ഏറ്റവും എളുപ്പമുള്ള കാര്യം അതിന് ഹ്യൂമറിന്റെ സപ്പോര്‍ട്ട് കിട്ടുക എന്നതാണ്. അത് ആളുകളിലേക്ക് പെട്ടെന്ന് എത്തും. അത് കൃത്യമായ അളവില്‍ ഈ സിനിമയില്‍ ഉടനീളം ഉണ്ട്.

അടിപിടിയും കൊലപാതകവും ആണെങ്കിലും ഹ്യൂമറും സറ്റയറും ബ്ലാക്ക് ഹ്യൂമറും എല്ലാം ഉണ്ട്. നല്ല പാട്ടുകളുണ്ട്. നല്ല ഫ്രേമും ആര്‍ട്ട് വര്‍ക്കും ഉണ്ട്, കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Content Highlight: Actor Kunchacko Boban about son Izahaak Kunchacko

We use cookies to give you the best possible experience. Learn more