കുടുംബാംഗങ്ങളുമൊത്തുള്ള രസകരമായ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് നടന്‍ കുടുംബവിശേഷങ്ങളും പങ്കുവെച്ചത്.
കൊവിഡ് കാലത്തെ കുടുംബവിശേഷങ്ങളും മകന്‍ ഇസഹാക്കിന്റെ പ്രിയപ്പെട്ട സിനിമ പാട്ടുകളെക്കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിച്ചു.
‘ഈ കൊവിഡ് കാലത്തെ എന്റെ ഏറ്റവും വലിയ സന്തോഷം മകന്റെ വളര്‍ച്ച നേരിട്ട് കാണാനും അനുഭവിക്കാനും സാധിച്ചു എന്നുള്ളതാണ്. പുള്ളി ഇപ്പൊ വിജയ്യുടെ ‘വാത്തി കമിങ്’ന്റെയും അല്ലു അര്‍ജുന്റെ ‘ബുട്ട ബൊമ്മ’യുടെയും ആരാധകനാണ്. പുള്ളി ഡാന്‍സ് ചെയ്യുന്ന കൂട്ടത്തില്‍ നമ്മളും ഡാന്‍സ് ചെയ്യണം.
ഭാര്യ പ്രിയ മിക്കവാറും കയ്യും കാലും ഒടിഞ്ഞ് കിടക്കുമെന്നാണ് തോന്നുന്നത്. കാരണം പ്രിയയെ അവന്‍ പഞ്ഞിക്കിട്ടുകൊണ്ടിരിക്കുകയാണ്. എനിക്ക് ചെയ്യാന്‍ പറ്റാത്തത് അവന്‍ ചെയ്യുന്നത് കൊണ്ട് എനിക്ക് അവനോട് കുറച്ച് ആരാധനയുമുണ്ട്,” കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
നായാട്ട് സിനിമ കണ്ട് തന്റെ അമ്മ അഭിനന്ദിച്ചതിന്റെ സന്തോഷവും കുഞ്ചാക്കോ ബോബന്‍ അഭിമുഖത്തില്‍ പങ്കുവെച്ചു. നായാട്ടിലെ ‘പ്രവീണ്‍ മൈക്കിളി’ന് ലഭിച്ച ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായിരുന്നു അമ്മയുടെ പ്രതികരണമെന്ന് താരം പറഞ്ഞു.
”സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞ് ഞാന്‍ തിരിഞ്ഞു നടക്കുന്ന സീന്‍ കണ്ടപ്പോഴാണ് അമ്മ ചോദിച്ചത്, ‘എടാ നീയാണോ അത്? എനിക്ക് മനസ്സിലായില്ല കേട്ടോ’ എന്ന്. ഒരു നടനെന്ന നിലയില്‍ എനിക്ക് ഒരുപാട് സന്തോഷം നല്‍കിയ കാര്യമാണ് അത്,” ചാക്കോച്ചന്‍ പറഞ്ഞു.
മോശം സമയങ്ങളെ താന്‍ ചിരിച്ചുകൊണ്ടാണ് നേരിടാറുള്ളതെന്നും അത് അമ്മയില്‍ നിന്നും കിട്ടിയിട്ടുള്ള കഴിവാണെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ഏറ്റവും മോശപ്പെട്ട അവസ്ഥകളെയും ഒരു പരാതിയുമില്ലാതെ നേരിടുന്ന ആളാണ് അമ്മ മോളി കുഞ്ചാക്കോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചോക്ലേറ്റ് നായകന്‍ എന്ന പരിവേഷത്തില്‍ നിന്നും പുറത്തുകടന്ന് ശക്തമായ കഥാപാത്രങ്ങളിലൂടെ തന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കുകയാണ് കുഞ്ചാക്കോ ബോബന്‍. നായാട്ട് ആണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ആറാം പാതിര, ഒറ്റ്, അറിയിപ്പ് എന്നിവയാണ് അണിയറയിലുള്ള ചിത്രങ്ങള്‍.