| Saturday, 7th October 2023, 5:20 pm

സോഷ്യല്‍ മീഡിയയിലെ സിനിമാ റിവ്യൂസിന് ലൈസന്‍സിങ്ങോ സെന്‍സര്‍ഷിപ്പോ വരണം: കുഞ്ചാക്കോ ബോബന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയയിലും അല്ലാതെയും വരുന്ന റിവ്യൂസിന് ലൈസന്‍സിങ്ങോ സെന്‍സര്‍ഷിപ്പോ വരണമെന്ന് കുഞ്ചാക്കോ ബോബന്‍. സോഷ്യല്‍ മീഡിയയില്‍ ആര്‍ക്കും എന്തിനെപ്പറ്റിയും ഒരു ധാരണയില്ലാത്ത കാര്യത്തെ പറ്റിയും അഭിപ്രായങ്ങള്‍ പറയാമെന്നത് മാറണമെന്നും അദ്ദേഹം പറഞ്ഞു. ‘ചാവേര്‍’ സിനിമയുടെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് ഈക്കാര്യം പറഞ്ഞത്.

‘ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായങ്ങളാണ്. ഓരോരുത്തരുടെയും ആസ്വാദനതലങ്ങള്‍ വ്യത്യസ്തമാണ്. എല്ലാവരെയും ഒരേസമയത്ത് ഒരുപോലെ തൃപ്തിപ്പെടുത്തുകയെന്നത് അസാധ്യമാണ്. നമ്മള്‍ സത്യസന്ധമായി ഒരു കാര്യത്തെ സമീപിക്കുന്നു. അതിന് വേണ്ടി എഫേര്‍ട്ടെടുക്കുന്നു. നമ്മുടെ സമയവും ഇന്‍വെസ്റ്റുമെന്റുമെല്ലാം അതിന് വേണ്ടി കൊടുക്കുന്നു. അതവസാനം പ്രേഷകരുടെ മുന്നിലെത്തിക്കുമ്പോള്‍, ആ സത്യസന്ധത മനസിലാക്കാനുള്ള ഒരു സ്‌പേസ് കിട്ടുകയെന്നത് ഇപ്പോള്‍ കുറഞ്ഞു വരികയാണ്.

ആദ്യത്തെ ദിവസം സിനിമയിറങ്ങുന്നതിന് മുമ്പുതന്നെ അതിന്റെ റിവ്യൂസ് വരുന്ന അവസ്ഥ നമ്മള്‍ കാണുന്നതാണ്. ചിലത് മനഃപൂര്‍വമുള്ളതാവാം, അല്ലാത്തതുമുണ്ടാകാം. ഏത് തരത്തിലുമുള്ളതും ഉണ്ടാകാം.

പക്ഷെ ഒരു സിനിമ ഏതുതരം ഓഡിയന്‍സിനെ എങ്ങനെ കണക്ട് ചെയ്യുന്നു, അല്ലെങ്കില്‍ എങ്ങനെയാണ് കണക്ട് ചെയ്യേണ്ടതെന്നുള്ള ഒരു സ്‌പേസ് ഇപ്പോള്‍ കിട്ടുന്നില്ല എന്നുള്ളതാണ് സത്യം.

അതിലാരെയും കുറ്റപ്പെടുത്താന്‍ പറ്റില്ല. കാരണം നമ്മുടെ ജീവിതത്തിന്റെ ഒരു ബേസ് അങ്ങനെയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ പത്തിരുപത്തിയാറ് വര്‍ഷമായി ഞാന്‍ സിനിമയിലുള്ളത് കൊണ്ട് എനിക്കത് മനസിലാവും. കാരണം എന്റെ ആദ്യ സിനിമയിലും അല്ലെങ്കില്‍ മറ്റ് പല സിനിമകളിലും ആദ്യത്തെ ദിവസത്തില്‍ മോശം റിവ്യൂസ് വന്നെങ്കിലും, പിന്നീടത് ചരിത്രവിജയം എന്നതരത്തിലേക്ക് മാറുന്ന സാഹചര്യങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ അതിനുള്ള ഒരു സ്‌പേസ് വളരെ കുറവാണ്. അതൊരു ക്രിട്ടിക്കല്‍ ഫാക്ടറാണ്.

ഏതുതരം പ്രേക്ഷകരെയാണ് ടാര്‍ഗറ്റ് ചെയ്യുന്നത്, അല്ലെങ്കില്‍ ഏതുരീതിയിലാണ് അവരെ എന്റര്‍ടെയ്ന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. അതിനൊക്കെയുള്ള സ്‌പേസ് കിട്ടുന്നില്ല എന്നതാണ് സത്യം. ആ ഒരു സ്‌പേസ് തരണം എന്നുപറയാന്‍ വേണ്ടിയാണ് ശരിക്കുമിങ്ങനെ ഒരു പ്രസ് മീറ്റ് വിളിച്ചത്.

എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ പറയാം. കാരണം ഓരോരുത്തര്‍ക്കും വ്യക്തിപരമായ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷെ അത് വലിയൊരു മെജോറിറ്റിയെ സ്വാധീനിക്കുന്നുണ്ട്. പത്തുപേരിടുന്ന റിവ്യൂ ചിലപ്പോള്‍ നൂറുപേര് ഇഷ്ടപെടുന്ന ഒരു സാഹചര്യം ഇല്ലാതാക്കുന്നുണ്ട്. ആ നൂറുപേരില്‍ ചിലപ്പോള്‍ തൊണ്ണൂറ് പേര്‍ക്ക് ഇഷ്ടപെടാം അല്ലെങ്കില്‍ ഇഷ്ടപെടാതിരിക്കാം. നമ്മള്‍ ആ തൊണ്ണൂറ് ശതമാനത്തിന്റെ സാധ്യതയാണ് പത്ത് ശതമാനം വരുന്ന റിവ്യൂ കാരണം ഇല്ലാതാകുന്നത്. അത് നമ്മളുടെ ക്രിയേറ്റിവിറ്റിയെയും എഫേര്‍ട്ടിനെയും ഇന്‍വസ്റ്റുമെന്റിനെയുമെല്ലാം ഒരൊറ്റ ഷോ കൊണ്ട് അല്ലെങ്കില്‍ ഒരു ദിവസം കൊണ്ട് ഇല്ലാതാക്കപ്പെടുന്നുണ്ട്.

സോഷ്യല്‍ മീഡിയയിലും അല്ലാതെയും വരുന്ന റിവ്യൂസിന് ഒരു ലൈസന്‍സിങ് അല്ലെങ്കില്‍ ഒരു സെന്‍സര്‍ഷിപ്പ് വരികയെന്നത് ആവശ്യമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആര്‍ക്കും എന്തിനെപറ്റിയും ഒരു ധാരണയില്ലാത്ത കാര്യത്തെ പറ്റിയും അഭിപ്രായങ്ങള്‍ പറയാം. അത് മാറണം എന്നാണെനിക്ക് പറയാനുള്ളത്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു

Content Highlight: Actor Kunchacko Boban About Social Media Reviews Of Movies

We use cookies to give you the best possible experience. Learn more