| Tuesday, 9th August 2022, 2:01 pm

ഏതെങ്കിലും സിനിമയില്‍ ശാലിനിയായിരുന്നു കൂടെ അഭിനയിച്ചിരുന്നെങ്കില്‍ എന്ന് തോന്നിയിരുന്നോ; മറുപടിയുമായി ചാക്കോച്ചന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുഞ്ചാക്കോ ബോബന്‍-ശാലിനി കൂട്ടുകെട്ടില്‍ മലയാളത്തില്‍ ഇറങ്ങിയ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഇരുവരും തമ്മിലുള്ള കെമിസ്ട്രി ആരാധകര്‍ക്ക് ഏറെ ഇഷ്ടവുമാണ്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ശാലിനി. കുഞ്ചാക്കോ ബോബനാകട്ടെ പഴയ ചോക്ലേറ്റ് ഇമേജ് വിട്ട് വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുകയുമാണ്.

ശാലിനിക്കൊപ്പം ഇനിയൊരു പടം എന്ന് ചെയ്യുമെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് കുഞ്ചാക്കോ ബോബന്‍. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയായിരുന്നു ശാലിനിയുമായുള്ള സൗഹൃദത്തെ കുറിച്ചും ഇനിയൊരു സിനിമ ചെയ്യുന്നതിനെ കുറിച്ചുമൊക്കെ താരം സംസാരിച്ചത്.

‘ ഞങ്ങള്‍ ഇടയ്‌ക്കൊക്കെ വിളിക്കാറും സംസാരിക്കാറുമുണ്ട്. ഇനിയൊരു സിനിമ ഞങ്ങള്‍ ഒരുമിച്ച് ചെയ്യുമോ എന്ന് ചോദിച്ചാല്‍ അതെനിക്ക് മാത്രമായി പറയാന്‍ കഴിയില്ല. അത് അവര്‍ കൂടി തീരുമാനിക്കേണ്ട കാര്യമാണ്. പുള്ളിക്കാരിയുടെ കൂടി ആഗ്രഹമനുസരിച്ചിരിക്കും ഇനി അവര്‍ ക്യാമറയ്ക്ക് മുന്നിലും ലൈം ലൈറ്റിലേക്കും വരണോ എന്നതൊക്കെ തീരുമാനിക്കുന്നത്. അവര്‍ തിരിച്ചുവരികയാണെങ്കില്‍ ഒരുമിച്ച് ഒരു സിനിമ ചെയ്യുന്നതില്‍ സന്തോഷമേയുള്ളൂ,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ഇരുവരും ഒന്നിച്ച് ഒരു അഭിമുഖത്തിന് വിളിച്ചാല്‍ വരുമോ എന്ന ചോദ്യത്തിന് പുള്ളിക്കാരി ഓക്കെയാണെങ്കില്‍ താന്‍ ഡബിള്‍ ഓക്കെ ആണെന്നായിരുന്നു ചാക്കോച്ചന്റെ മറുപടി.

ചെയ്ത ഏതെങ്കിലും സിനിമകളില്‍ നായികയുടെ സ്ഥാനത്ത് ശാലിനി ആയിരുന്നെങ്കില്‍ നന്നായേനെ എന്ന് തോന്നിയ സമയമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് അങ്ങനെയൊന്നും ഓര്‍ത്തിട്ടില്ലെന്നാണ് ചാക്കോച്ചന്റെ മറുപടി.

ഞാന്‍ അങ്ങനത്തെ ഒരുപാട് സിനിമകള്‍ ചെയ്തു കഴിഞ്ഞു. അതില്‍ നിന്ന് മാറിയുള്ള സിനിമകളാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇനി അങ്ങനെയുള്ള സിനിമകള്‍ ആണെങ്കില്‍ തന്നെ അതില്‍ എന്തെങ്കിലും ഒരു വ്യത്യസ്തത കൊണ്ടുവരണം. പ്രമേയത്തിലും ചിത്രം ഡിസ്‌കസ് ചെയ്യുന്ന ഗ്രാവിറ്റിയിലും വ്യത്യസ്തത വേണം. അങ്ങനെയുണ്ടെങ്കില്‍ മാത്രമേ അത്തരത്തിലൊരു സിനിമ ഇനി സംഭവിക്കൂ, കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ശ്യാമിലി, അസിന്‍, ജൂഹി ചൗള ഇവര്‍ക്കൊപ്പമൊക്കെ അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചും താരം സംസാരിച്ചു. ജൂഹി ചൗളയ്‌ക്കൊപ്പമൊക്കെ അഭിനയിച്ചത് വളരെ നല്ല ഓര്‍മകളാണ്. കൂളായിരുന്നു അവര്‍. ഹരികൃഷ്ണന്‍സിലാണ് ജൂഹിക്കൊപ്പം അഭിനയിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടപ്പോഴും അതേ സൗഹൃദം പുതുക്കാന്‍ സാധിച്ചു. അതുപോലെ അസിന്‍ നാട്ടില്‍ വരുമ്പോള്‍ സംസാരിക്കാറുണ്ട്. എറണാകുളത്ത് വരുമ്പോള്‍ കാണാറുമുണ്ട്, ചാക്കോച്ചന്‍ പറഞ്ഞു.

ഇനിയും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഏതെങ്കിലും കഥാപാത്രം ഉണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ ഒരു കഥാപാത്രമില്ലെന്നും താന്‍ ആഗ്രഹിച്ചതിനേക്കാളൊക്കെ എത്രയോ നല്ല കഥാപാത്രങ്ങളാണ് ഇപ്പോള്‍ തേടി വന്നുകൊണ്ടിരിക്കുന്നതെന്നുമായിരുന്നു കുഞ്ചാക്കോയുടെ മറുപടി. തന്റെ ആഗ്രഹങ്ങളൊക്കെ ലിമിറ്റഡാണെന്നും ചാക്കോച്ചന്‍ അഭിമുഖത്തില്‍ പറഞ്ഞു.

Content Highlight: Actor Kunchacko Boban about Actress Shalini and their combo

We use cookies to give you the best possible experience. Learn more