അഭിനയിക്കുന്ന സിനിമകള്‍ നേരിടുന്ന പരാജയത്തെ കുറിച്ചും സിനിമയില്‍ മുന്നോട്ടുള്ള വഴിയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ കൃഷ്ണശങ്കര്‍. എന്തൊക്കെ സംഭവിച്ചാലും ആരൊക്കെ കൂടെ ഉണ്ടായാലും ഇല്ലെങ്കിലുമൊക്കെ യാത്ര തുടരണമെന്നും അത് നമ്മുടെ ആവശ്യവും ആഗ്രഹവുമാണെന്നാണ് കൃഷ്ണ ശങ്കര്‍ പറയുന്നത്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
ഓരോ സിനിമ പരാജയപ്പെടുമ്പോഴും അതിന് പിന്നില്‍ ചില കാരണങ്ങള്‍ നമ്മള്‍ കണ്ടെത്തുമെന്നും എന്നാല്‍ അതൊന്നും ശരിയായിക്കോളണമെന്നില്ലെന്നും താരം പറഞ്ഞു.
നിവിന്‍പോളി, ഷറഫുദ്ദീന്‍, സിജുവില്‍സണ്‍, അല്‍ഫോണ്‍സ് പുത്രന്‍ തുടങ്ങി തങ്ങളുടെ പഴയ ഗ്യാങ്ങിനെ കുറിച്ചും ഓരോരുത്തരും വ്യക്തിഗതമായി സഞ്ചരിക്കാന്‍ തുടങ്ങിയതിനെ കുറിച്ചുമൊക്കെ കൃഷ്ണ ശങ്കര്‍ അഭിമുഖത്തില്‍ സംസാരിച്ചു.
നല്ലകഥാപാത്രം ചെയ്ത ഒരു സിനിമ പരാജയപ്പെടുമ്പോള്‍ എന്താണ് തോന്നാറ് എന്ന ചോദ്യത്തിന് കൃഷ്ണ ശങ്കറിന്റെ മറുപടിയിങ്ങനെ
‘ ഓരോ സിനിമ പരാജയപ്പെടുമ്പോഴും നമ്മുടെ ഉള്ളില്‍ ഓരോ കാരണങ്ങള്‍ തോന്നും. അങ്ങനെ ചെയ്യുന്നതിന് പകരം ഇങ്ങനെ ചെയ്തിരുന്നെങ്കില്‍, അല്ലെങ്കില്‍ ആ കഥാപാത്രം ഇന്ന ആള്‍ ചെയ്തിരുന്നെങ്കില്‍ അങ്ങനെ പലതും. പക്ഷേ അതായിരിക്കില്ല അടുത്ത സിനിമയുടെ പ്രശ്‌നം.
പ്രശ്‌നങ്ങള്‍ മാറിക്കൊണ്ടിരിക്കും. ഉത്തരവും മാറും.
ഇതിനിടയില്‍ ഒരു പടം വിജയിച്ചാല്‍ അതിന്റെ സൂത്രവാക്യം നമുക്ക് അറിയുകയും ഇല്ല. ഇതിനൊന്നും ഒരു ഉത്തരവുമില്ല. എന്തുസംഭവിച്ചാലും യാത്ര തുടരുക. കൂടെ ആരെങ്കിലും ഇല്ലെങ്കിലുമൊക്കെ തുടരുക. യാത്ര തുടരുക എന്നത് നമ്മുടെ ആഗ്രഹമാണ്. തടസം വന്നാല്‍ നമ്മള്‍ വഴിമാറിപ്പോകുക.
സിനിമയില്‍ നിന്ന് എന്നെ ആരും മാറ്റിനിര്‍ത്തുന്നതായി എനിക്ക് തോന്നിയിട്ടില്ല. പിന്നെ ഓരോരത്തര്‍ക്കും ഓരോ റൂട്ടാണ്. നിവിന്‍ പോളി ഗോപൂസില്‍ ഇരുന്ന് കാപ്പി കുടിച്ച അതേ ബെഞ്ചില്‍ ഇരുന്നാണ് ഞാനും സിജുവും ഷറഫുവും അല്‍ഫോണ്‍സുമൊക്കെ കാപ്പി കുടിച്ചത്. കാപ്പിയും സ്ഥലവും ഒന്നായിരുന്നു. യാത്ര ഒന്നല്ല. നമ്മള്‍ പോകുന്ന യാത്ര എന്‍ജോയ് ചെയ്താല്‍ മതി, എന്നായിരുന്നു കൃഷ്ണ ശങ്കര്‍ പറഞ്ഞത്.
എന്തുകൊണ്ടാണ് ആ യാത്രയില്‍ ഒപ്പം പോകാത്തത് എന്ന ചോദ്യത്തിന് ഗ്രൂപ്പുകള്‍ ഇന്‍ഡിവിജ്വലായി മാറിയെന്നായിരുന്നു താരത്തിന്റെ മറുപടി.
ഓരോരത്തരും ഓരോ വഴികളിലൂടെ സഞ്ചരിക്കുകയാണ്. ഞാന്‍ കൊച്ചാള്‍ ചെയ്തു, അതുപോലെ സിജുവും ഷറഫുവും നായകനായി. നിവിന്‍ നേരത്തെ തന്നെ അങ്ങനെ ആണ്. മുന്‍പ് ഞാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു ഫ്രണ്ട്ഷിപ്പ് എന്ന് പറഞ്ഞാല്‍ സര്‍ക്കസിലെ ട്രപ്പീസിലെ വലയാണെന്ന്. എനിക്ക് ഉറപ്പാണ് ഞാന്‍ വീഴുമ്പോള്‍ അവര്‍ വരുമെന്ന്. ഞാന്‍ വീഴാത്തതുകൊണ്ടായിരിക്കണം അവര്‍ വരാത്തത്,’ കൃഷ്ണശങ്കര്‍ പറഞ്ഞു.
Content Highlight: Actor Krishnashankar on Friendship and Movie