| Friday, 28th June 2024, 2:21 pm

അന്ന് പൊലീസിന്റെ തല്ല്, അതേ തിയേറ്ററിന് മുന്‍പില്‍ നെഞ്ചുംവിരിച്ചുള്ള അവന്റെ ഫ്‌ളക്‌സ്, വേറെന്തുവേണം: കൃഷ്ണ ശങ്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ സുഹൃത്തുക്കളുടെ സിനിമയിലെ വളര്‍ച്ചയെ കുറിച്ചും അതുണ്ടാക്കുന്ന സന്തോഷത്തെ കുറിച്ചും സംസാരിക്കുകയാണ് നടന്‍ കൃഷ്ണ ശങ്കര്‍. നിവിന്‍ പോളി, സിജു വില്‍സണ്‍, ശബരീഷ് എന്നിവരുടെ കരിയറിലെ വളര്‍ച്ചയെ കുറിച്ചാണ് കൃഷ്ണ ശങ്കര്‍ സംസാരിക്കുന്നത്.

‘ സിനിമയില്‍ വരുന്നതിന് മുന്‍പുള്ള പഴയ രസമുള്ള എല്ലാ സംഭവങ്ങളും ഞാന്‍ ഓര്‍ക്കാറുണ്ട്. പണ്ടൊക്കെ ഏത് പടം ഇറങ്ങിയാലും തിയേറ്ററില്‍ പോയി കാണും. സിനിമയില്‍ എങ്ങനെയെങ്കിലും കയറിപ്പറ്റണം. സിനിമ നമുക്ക് ബാലികേറാ മലയാണ്. ആരേയും പരിചയമില്ല. എങ്ങനെ ഇതിനകത്ത് കയറും ഒന്നും അറിയില്ല.

അങ്ങനെ സിനിമ പഠിക്കണമെന്ന ആലോചന വന്നു. അല്‍ഫോണ്‍സ് എഡിറ്റിങ് പഠിക്കാനും ഞാന്‍ ക്യാമറ പഠിക്കാനും പോയി. ഞങ്ങളുടെ ആദ്യ സിനിമ നേരം പോലെ തന്നെ എല്ലാം അതിന്റേതായ നേരത്തിന് തന്നെ വന്നു. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഭയങ്കര രസമുള്ള ഓര്‍മകള്‍ മാത്രമേയുള്ളൂ.

നമ്മുടെ ഒരു പടം പൊട്ടിക്കഴിയുമ്പോഴും നമ്മള്‍ അതിനെ കുറിച്ച് ആലോചിക്കുമ്പോള്‍ രസമാണ്. നമ്മള്‍ എവിടെ നിന്നാണ് വന്നത്. അതുകൊണ്ട് തന്നെ ഡിപ്രഷനിലേക്കൊന്നും പോകില്ല. ഞങ്ങളുടെ കൂട്ടത്തില്‍ എല്ലാവരും ചെറിയ ചെറിയ റോള്‍ ചെയ്ത് വന്നവരാണ്. അവരെല്ലാവരും ഇന്ന് ലീഡ് റോള്‍ചെയ്യുന്നു. അതൊരു അനുഗ്രഹമാണ്,’ കൃഷ്ണ ശങ്കര്‍ പറഞ്ഞു.

പ്രേമം ഗ്രൂപ്പിലെ എല്ലാവരും ഇപ്പോള്‍ പരസ്പരം കാണാറും സംസാരിക്കാറും ഉണ്ടോ എന്ന ചോദ്യത്തിന് എല്ലാവരും വലിയ സിനിമകളുടെ ഭാഗമാകാറുണ്ടോ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.

ഇന്ന് എല്ലാവരും വലിയ വലിയ സിനിമകളുടെ ഭാഗമാകുന്നു സിജുവും നിവിനും ശബരിയുമെല്ലാം. ഇതൊക്കെ നമുക്ക് ഭയങ്കര അഭിമാനമാണ്. കണ്ണൂര്‍ സ്‌ക്വാഡില്‍ മമ്മൂക്കയും ശബരിയും നില്‍ക്കുന്ന ഒരു സ്റ്റില്‍ ഉണ്ടായിരുന്നു. അത് കണ്ടപ്പോള്‍ എനിക്ക് ഭയങ്കര അഭിമാനം തോന്നി.
കാരണം അവന്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുകയാണല്ലോ.

അതുപോലെ പത്തൊമ്പതാം നൂറ്റാണ്ട് ഇറങ്ങിയ സമയത്ത് ഷേണായീസില്‍ സിജുവിന്റെ വലിയൊരു ഫ്‌ളക്‌സ് വന്നു. ഒരിക്കല്‍ അന്യനൊക്കെ കാണാന്‍ പോയപ്പോള്‍ പൊലീസിന്റെ അടി കൊണ്ട് നിന്ന തിയേറ്ററാണ്. അവിടെയാണ് അവന്റെ നെഞ്ചുംവിരിച്ച് നില്‍ക്കുന്ന ഫ്‌ളക്‌സ് വരുന്നത്. ഇതേ സാധനം തന്നെയാണ് പോളിയുടെ ആദ്യത്തെ പടങ്ങളില്‍ തോന്നിയത്.

നിവിന്റെ നല്ല രസമുള്ള ഒരു സ്റ്റില്‍, ഏതോ ആഡിന്റെ സ്റ്റില്‍ ആണ്. ലുലുവിന്റെ മുന്നില്‍ ഉണ്ടായിരുന്നു. അതൊക്കെ കാണുമ്പോള്‍, നമ്മുടെ കൂട്ടുകാരനല്ലേ അത് എന്ന ആ ഒരു ഫീല്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.

സിനിമയെന്നത് നമ്മള്‍ ഇഷ്ടപ്പെട്ടാല്‍ ഭയങ്കര രസകരമായി ചെയ്യാവുന്ന ഒരു ജോലിയാണ്. ഒരു സമയത്ത് നമ്മള്‍ ആളുകളൊക്കെ ചുറ്റും വന്ന് ഫോട്ടോയെടുക്കാന്‍ ആഗ്രഹിക്കും. ഇതേ നമ്മള്‍ തന്നെ പത്താള്‍ക്കാര്‍ ഫോട്ടോ എടുക്കാന്‍ നില്‍ക്കുമ്പോള്‍ അയ്യോ.. ഫോട്ടോ എടുക്കണം അല്ലേ എന്ന് ആലോചിക്കും. ഇതേ നമ്മള്‍ തന്നെ സിനിമ ഇറങ്ങുമ്പോള്‍ കാണണം കേട്ടോ എന്ന് ആള്‍ക്കാരോട് അങ്ങോട്ട് പറയും. മനുഷ്യന്മാര്‍ അങ്ങനെയാണ്. ഓരോ ജോലിയും അങ്ങനെയാണ്, കൃഷ്ണശങ്കര്‍ പറഞ്ഞു.

Content Highlight: Actor Krishnasankar about nivin pauly sabareesh and siju wilson

We use cookies to give you the best possible experience. Learn more