| Thursday, 4th February 2021, 7:36 pm

'ഡമ്മി കര്‍ഷകരുടെ വ്യാജസമരവും മൂന്നാംകിട സെലിബ്രിറ്റികള്‍ക്ക് കാശുകൊടുത്തെഴുതിച്ച് ട്വീറ്റും'; കര്‍ഷകര്‍ക്കെതിരെ നടന്‍ കൃഷ്ണകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കര്‍ഷക സമരം ആഗോള തലത്തില്‍ ചര്‍ച്ചയായതിനെ എതിര്‍ത്ത് ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കര്‍ഷകസമരം വ്യാജമാണെന്നാരോപിച്ചെത്തിയിരിക്കുകയാണ് നടന്‍ കൃഷ്ണകുമാര്‍. ബി.ജെ.പി അംഗത്വം സ്വീകരിച്ചതിന് തൊട്ടുപിന്നാലെയാണ് കൃഷ്ണകുമാറിന്റെ പരാമര്‍ശം.

രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് വ്യാജ കര്‍ഷക സമരമാണെന്നും ചില രാജ്യങ്ങളിലെ മൂന്നാംകിട സെലിബ്രിറ്റികള്‍ക്ക് കാശുകൊടുത്ത് എഴുതിച്ച ട്വീറ്റുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നതെന്നുമായിരുന്നു കൃഷ്ണകുമാറിന്റെ ആരോപണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.

‘കര്‍ഷകര്‍ നമ്മുടെ സഹോദരങ്ങളാണ്. സന്തുഷ്ടരും, അവര്‍ അവരുടെ കൃഷിയിടങ്ങളിലുമാണ്. അതുകൊണ്ടാണല്ലോ നമ്മുടെ അന്നം മുട്ടാതെ പോകുന്നതും. ചില ഡമ്മി കര്‍ഷകര്‍ ദല്‍ഹിയില്‍ കാട്ടിക്കൂട്ടിയ വ്യാജ കര്‍ഷക സമരത്തിന് പിന്നാലെ ചില രാജ്യങ്ങളിലെ മൂന്നാംകിട സെലിബ്രിറ്റിസിനു കാശുകൊടുത്തു കൂലിക്കെഴുതിപ്പിച്ച ചില ട്വീറ്റുകള്‍ പ്രത്യക്ഷപെട്ടു… പക്ഷെ ഭാരതത്തിന്റെ, ലോകം അറിയുന്ന, ലോകം ബഹുമാനിക്കുന്ന ശരിയായ സെലിബ്രിറ്റിസ്, ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാനായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ നേതൃത്വത്തില്‍ ആഞ്ഞടിച്ചപ്പോള്‍ വിദേശിപ്പട ഗ്രൗണ്ടിനു പുറത്തായി. എല്ലാം തീര്‍ന്നു..സ്പോര്‍ട്സ്, സിനിമ, രാഷ്ട്രീയം തുടങ്ങി എല്ലാ മേഖലകളിലെയും സെലിബ്രിറ്റീസ് അവരവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ തിരിച്ചടിച്ചു ശത്രുവിനെ നിശബ്ദമാക്കി. ഇതാണ് ശെരിയായ ഭാരതവും, ഭാരതീയരും. നമ്മളോട് കളിക്കല്ലേ.. മാന്തിയാല്‍ വലിച്ചു കീറും.. ഇതാണ് പുതിയ ഇന്ത്യ’, കൃഷ്ണകുമാര്‍ ഫേസ്ബുക്കിലെഴുതി.

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ടുമാസത്തിലേറെയായി സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ചുകൊണ്ട് പോപ് ഗായിക റിഹാന കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇത് വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തതോടെ നിരവധി പേര്‍ റിഹാനയെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു.

സച്ചിനുള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളും സിനിമാമേഖലയില്‍ നിന്നുള്ളവരും റിഹാനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യയെന്താണെന്ന് അറിയാമെന്നും പുറമേ നിന്നുള്ളവരുടെ അഭിപ്രായപ്രകടനം നിയന്ത്രിക്കണമെന്നുമായിരുന്നു സച്ചിന്‍ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇന്ത്യയുടെ പരമാധികാരം ആര്‍ക്കുമുന്നിലും വിട്ടുവീഴ്ച ചെയ്യപ്പെടില്ല. പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരാകാം. രാജ്യത്തിന്റെ പ്രതിനിധികളാകാന്‍ ശ്രമിക്കരുത്. ഇന്ത്യയെന്താണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് നന്നായി അറിയാം’, എന്നായിരുന്നു സച്ചിന്‍ ട്വിറ്ററിലെഴുതിയത്.

കര്‍ഷക സമരം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് സൗകര്യം വിഛേദിച്ചതിനെതിരെയും റിഹാന രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ റിഹാനയ്‌ക്കെതിരെ സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിയതോടെ വിഷയം ആഗോളതലത്തില്‍ ചര്‍ച്ചയാകുകയായിരുന്നു.

റിഹാനയ്ക്ക് പിന്നാലെ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ്, അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ് തുടങ്ങിയവര്‍ കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇതിനോടൊപ്പം തന്നെ ഇവര്‍ ഇന്റര്‍നെറ്റ് സസ്പെന്‍ഡ് ചെയ്തതുള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

സ്റ്റോപ്പ് കില്ലിങ്ങ് ഫാര്‍മേഴ്‌സ് എന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വിഷയത്തില്‍ പ്രതികരണവുമായി മീനാ ഹാരിസ് മുന്നോട്ട് വന്നത്.

കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഭാരതം ഒരു ശക്തമായ ഒരു രാജ്യമാണ്.. ഭാരതീയര്‍ അതി ശക്തരും. നമ്മള്‍ ഒരു വലിയ കുടുംബമാണ്. കുടുംബത്തില്‍ നിറയെ സന്തോഷവും ഇടയ്ക്കു ചില ദുഖങ്ങളും അത് ചിലപ്പോ കൊച്ചു കൊച്ചു പ്രശ്‌നങ്ങളുമായി മാറാം. നല്ല കുടുംബവും കുടുംബ നാഥനും ഉള്ളതിനാല്‍ നമുക്കത് തീര്‍ക്കാവുന്നതേയുള്ളു.. അവിടെയാണ് പരാചിതരായ അയവക്കകാരുടെ റോള്‍..അതും ഇതുവരെ കേള്‍ക്കാത്ത ചില ‘സെലിബ്രിറ്റിസിന്റെ’ രംഗപ്രവേശം.കുത്തിത്തിരിപ്പിനായി ചില വ്യാജ പ്രചരണങ്ങളുമായി ഒന്ന് പണിതു നോക്കി.. കര്‍ഷകര്‍ നമ്മുടെ സ്വന്തം സഹോദരങ്ങളാണ്. അവര്‍ സന്തുഷ്ടരും, അവര്‍ അവരുടെ കൃഷിയിടങ്ങളിലുമാണ്. അതുകൊണ്ടാണല്ലോ നമ്മുടെ അന്നം മുട്ടാതെ പോകുന്നതും. ചില ഡമ്മി കര്‍ഷകര്‍ ഡല്‍ഹിയില്‍ കാട്ടിക്കൂട്ടിയ വ്യാജ കര്‍ഷക സമരത്തിന് പിന്നാലെ ചില രാജ്യങ്ങളിലെ മൂന്നാകിട സെലിബ്രിറ്റിസിനു കാശുകൊടുത്തു കൂലിക്കേഴുതിപിച്ച ചില ട്വീറ്റ്‌റുകള്‍ പ്രത്യക്ഷപെട്ടു.. പക്ഷെ ഭരതത്തിന്റെ, ലോകം അറിയുന്ന, ലോകം ബഹുമാനിക്കുന്ന ശെരിയായ സെലിബ്രിറ്റിസ്, ലോകം കണ്ട ഏറ്റവും മികച്ച ബാറ്റസ്മാനായ സച്ചിന്‍ തെണ്ടുക്കറുടെ നേതൃത്വത്തില്‍ ആഞ്ഞടിച്ചപ്പോള്‍ വിദേശിപ്പട ഗ്രൗണ്ടിനു പുറത്തായി.. എല്ലാം തീര്‍ന്നു..സ്‌പോര്‍ട്‌സ്, സിനിമ, രാഷ്ട്രീയം തുടങ്ങി എല്ലാ മേഖലകളിലെയും സെലിബ്രിറ്റീസ് അവരവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമിലൂടെ തിരിച്ചടിച്ചു ശത്രുവിനെ നിശബ്ദമാക്കി. ഇതാണ് ശെരിയായ ഭാരതവും, ഭാരതീയരും. നമ്മളോട് കളിക്കല്ലേ.. മാന്തിയാല്‍ വലിച്ചു കീറും.. ഇതാണ് പുതിയ ഇന്ത്യ.. ജയ് ഹിന്ദ് #IndiaAgainstPropaganda #IndiaTogether


Content Highlights: Krishnakumar Slams Farmers Protest

We use cookies to give you the best possible experience. Learn more