Kerala News
'ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് ഹിന്ദുവല്ല, മുസ്‌ലിമാണ്; ഇതുപോലെ ഒരുപാട് പേരുണ്ട് ഈ പാര്‍ട്ടിയില്‍'
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Aug 29, 06:29 pm
Tuesday, 29th August 2023, 11:59 pm

തിരുവനന്തപുരം: ബി.ജെ.പി എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണെന്ന് നടന്‍ കൃഷ്ണകുമാര്‍. അതുകൊണ്ടാണ് മുസ്‌ലിമായ അബ്ദുള്ളക്കുട്ടി പാര്‍ട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റായതെന്നും, അതുപോലെ നിരവധിപേര്‍ വലിയ സ്ഥാനങ്ങളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനെക്കുറിച്ചും അതിന് ശേഷം പ്രധാനമന്ത്രി തനിക്ക് നല്‍കിയ ഉപദേശത്തെക്കുറിച്ചും കൃഷ്ണകുമാര്‍ അഭിമുഖത്തില്‍ സംസാരിച്ചു.

കൃഷ്ണകുമാറിന്റെ വാക്കുകള്‍

തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും 35,000 ആളുകള്‍ എന്നില്‍ വിശ്വാസമര്‍പ്പിച്ചു. അത് കഴിഞ്ഞ് പ്രാധാനമന്ത്രി മോദിയെ ദല്‍ഹിയില്‍ വെച്ച് കാണാന്‍ കഴിഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞത്, ഇനിയും മണ്ഡലത്തില്‍ സജീവമാകണമെന്നാണ്. അങ്ങനെ ബന്ധമുണ്ടാകുമ്പോള്‍ മണ്ഡലത്തിലെ ആളുകള്‍ നമ്മുടെ ബന്ധുക്കളാകുമെന്ന് എന്നോട് പറഞ്ഞു.

 

സോഷ്യല്‍ മീഡിയാക്കാലത്ത് ഒരുപാട് തെറ്റായ പ്രചരണം നടക്കും. അതിനെയൊക്കെ അതിജീവിക്കേണ്ടിവരും. എനിക്കും കുടുംബത്തിനുമെതിരെ സൈബര്‍ അറ്റാക്കുണ്ടായിട്ടുണ്ട്. ഞങ്ങള്‍ സ്‌ട്രോങ്ങായത് ഉപദ്രവിച്ചവരുടെകൂടെ സഹായത്തിലാണ്.

ഞാന്‍ രാഷ്ട്രീയത്തില്‍ വന്നിട്ട് 2.5 വര്‍ഷമായിട്ടേയുള്ളു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും ജാതിയും മതവും ബി.ജെ.പിയേക്കാള്‍ നന്നായി ഉപയോഗിക്കുന്നവരാണ്. ബി.ജെ.പിയുടെ ദേശീയ വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടി ഒരു ഹന്ദുവല്ല, ഇസ്‌ലാമാണ്. ഇതുപോലെ പലരും വലിയ സ്ഥാനങ്ങളില്‍ ഇരിക്കുന്നുണ്ട്.

സുരേഷ് ഗോപി മാസായിട്ട് ആളുകളെ ആശ്രയിക്കാന്‍ കഴിയുന്ന നേതാവാണ്. അദ്ദേഹത്തിന് ഷൂട്ടിങ്ങിന്റെ തിരക്കൊക്കെയുണ്ട്. എന്നാലും അദ്ദേഹത്തെ ഉപയോഗിക്കാനാകുമെന്ന് തന്നെയാണ് കരുതുന്നത്.

കുഞ്ഞുങ്ങള്‍ അമ്മയുടെ പാല് കുടിച്ചാണ് വളരുന്നത്. അഞ്ച് വയസ് കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ കുടിക്കുന്നത് പശുവിന്‍ പാലാണ്. അതുകൊണ്ടാണ് പശുവിനെ മാതാവായി കാണുന്നത്. ചാണക സംഘിയില്‍പ്പെടുന്നയാളാണ് ഞാനെക്കെ(ചിരിക്കുന്നു). അങ്ങനെയുള്ള വിളി കേള്‍ക്കാറുണ്ട്.

സിനിമയില്‍ അഭിനയിച്ച് പോസ്റ്ററില്‍ ചിത്രം വരണം എന്നായിരുന്നു ആഗ്രഹം. പക്ഷേ പോസ്റ്ററില്‍ തല വരുന്നവേഷങ്ങള്‍ എനിക്കധികം കിട്ടാറില്ല. അങ്ങനെയിരുന്നപ്പോള്‍ തെരഞ്ഞെടുപ്പ് വന്നു. ആസമയം തിരുവനന്തപുരം സിറ്റി മുഴുവന്‍ എന്റെ പോസ്റ്റര്‍ വന്നു.

Content Highlight: Actor Krishnakumar says that BJP is an inclusive party