തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രസിദ്ധരാണ് നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറും അദ്ദേഹത്തിന്റെ മക്കളും. വീട്ടിലെ ഒാരോ അംഗത്തിനുമുള്ള യൂട്യൂബ് ചാനലിലൂടെ കൃഷ്ണകുമാറും കുടുംബവും പുറത്തുവിടുന്ന വീഡിയോകള്‍ ഏറെ വൈറലാവാറുണ്ട്.
കൃഷ്ണകുമാര്‍. ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹന്‍സിക കൃഷ്ണ എന്നിവര്‍ അടങ്ങുന്നതാണ് ഇവരുടെ കുടുംബം.
ഇവര്‍ എല്ലാവരുടെ ചേര്‍ന്ന് പുതിയ ചാരിറ്റബിള്‍ കമ്പനിക്ക് രൂപം കൊടുത്തിരുന്നു. ‘അഹാദിഷിക ഫൗണ്ടേഷന്‍’ എന്ന പേരില്‍ തുടങ്ങിയ സംഘടനയിലൂടെ ഇപ്പോള്‍ ഒമ്പത് വീടുകളുടെ ശൗചാലയ നിര്‍മാണത്തിന് പണം നല്‍കിയതിനെ കുറിച്ച് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നുപറഞ്ഞിരിക്കുകയാണ് കൃഷ്ണകുമാര്‍.
പത്രവാര്‍ത്തയെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയില്‍ വിതുരയിലെ വലിയകാല സെറ്റില്‍മെന്റുകള്‍ സന്ദര്‍ശിച്ചപ്പോള്‍ ആണ് 32 വീടുകളില്‍, 9 വീടുകള്‍ക്ക് മാത്രമേ ശൗചാലയമുള്ളുവെന്നറിഞ്ഞതെന്നും തുടര്‍ന്ന് വീട്ടിലെത്തി കാര്യം പറഞ്ഞപ്പോള്‍ ‘അഹാദിഷിക ഫൗണ്ടേഷന്‍’ വഴി ശൗചാലയം നിര്‍മിച്ച് നല്‍കാമെന്ന് തീരുമാനമായതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
‘അമ്മുകെയര്‍’ എന്ന സന്നദ്ധ സംഘടനയ്‌ക്കൊപ്പം ചേര്‍ന്നാണ് ഇവരുടെ പ്രവര്‍ത്തനം.
കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം,
പത്രവാര്‍ത്തയെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയില്‍ വിതുരയിലെ വലിയകാല സെറ്റില്‍മെന്റു സന്ദര്‍ശിച്ചപ്പോള്‍ 32 വീടുകളില്‍, 9 വീടുകള്‍ക്ക് മാത്രമേ ശൗചാലയമുള്ളു. ബാക്കിയുള്ള വീടുകളില്‍ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന 9 വീട്ടുകാരെ തിരഞ്ഞെടുത്തു. അവരുടെ പ്രശ്‌നങ്ങള്‍ എങ്ങനെയും പരിഹരിക്കണമെന്ന് മനസ്സില്‍ തോന്നി.
വീട്ടില്‍ വന്ന ശേഷം ആദ്യം സിന്ധുവിനോടും രണ്ടാമത്തെ മകളായ ദിയയോടും കാര്യം പറഞ്ഞപ്പോള്‍ അവര്‍ ഈ അടുത്ത് ആരംഭിച്ച AHADISHIKA FOUNDATION എന്ന ചാരിറ്റബിള്‍ കമ്പനിയുടെ സഹായത്തോടെ അത് നിര്‍മ്മിക്കാമെന്നു പറഞ്ഞു. പിന്നെ ഞാന്‍ വിളിച്ചത് സുഹൃത്തും മനുഷ്യസ്‌നേഹിയുമായ ശ്രി മോഹന്‍ജി യെ ആണ്.
അദ്ദേഹത്തോടും കാര്യം പറഞ്ഞപ്പോള്‍ വളരെ അധികം സന്തോഷത്തോടെ പറഞ്ഞു, AMMUCARE എന്ന അദ്ദേഹത്തിന്റെ ചാരിറ്റബിള്‍ ട്രസ്റ്റും നമ്മുടെ ഈ സംരംഭത്തില്‍ പങ്കാളിയാകാമെന്നു. AHADISHIKA FOUNDATIONനും AMMUCAREഉം ചേര്‍ന്നുള്ള ആദ്യ പ്രൊജക്റ്റായി വിതുര വലിയകാല സെറ്റ്ലെമെന്റിലെ 9 ശൗചാലയങ്ങള്‍ക്കുള്ള അഡ്വാന്‍സ് തുക സേവാഭാരതി വനസംയോജകനും, എന്റെ സുഹൃത്തുമായ ശ്രി വീനു കുമാറിനു ഇന്ന് കൈമാറി. എത്രയും വേഗത്തില്‍ 9 വീട്ടുകാര്‍ക്കും ശൗചാലയങ്ങള്‍ പണിതു കൈമാറണമെന്നാണ് ആഗ്രഹം. അമ്മുകെയറിന്റെ കേരള ചുമതലയുള്ള ശ്രിമതി സൂര്യ സുജന് പ്രത്യേക നന്ദി.