| Tuesday, 12th January 2021, 9:16 am

ബി.ജെ.പിയില്‍ നേരെ ചൊവ്വേ അംഗത്വമെടുക്കണമെന്നാണ് ആഗ്രഹം: കൃഷ്ണകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രചരണത്തിനിറങ്ങുമെന്ന് നടന്‍ കൃഷ്ണകുമാര്‍. പാര്‍ട്ടി അംഗത്വമെടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

‘തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രചാരണത്തിന് ഇറങ്ങാന്‍ 100 ശതമാനം തയ്യാറാണ്. അറിയപ്പെടുന്ന ഒരു കലാകാരന്‍ സ്ഥാനാര്‍ഥിയാകുമ്പോഴോ പ്രചരണത്തിന് ഇറങ്ങുമ്പോഴോ പത്ത് പേരില്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം’, കൃഷ്ണകുമാര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് തന്നോട് ബി.ജെ.പി നേതൃത്വം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ കാര്യങ്ങള്‍ പാര്‍ട്ടി നേതൃത്വം തീരുമാനിക്കും. പാര്‍ട്ടി അംഗത്വം ഇന്നു തന്നാലും സന്തോഷത്തോടെ സ്വീകരിക്കും. ഇന്നുവരെ അതൊന്നും പാര്‍ട്ടിയോട് ചോദിച്ചിട്ടില്ല.

അംഗത്വം ചെറിയൊരു കാര്യം മാത്രമാണ്. പാര്‍ട്ടി അംഗത്വമെടുക്കുമ്പോള്‍ നേരെ ചൊവ്വെ എടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

നേരത്തെ ബി.ജെ.പിയ്ക്ക് വേണ്ടി സംസാരിക്കുന്നതിനാലാണ് തനിക്കും സുരേഷ് ഗോപിയ്ക്കുമെതിരെ ട്രോളുകള്‍ വരുന്നതെന്നും കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. രാഷ്ട്രീയ നിലപാടുകളെ തുടര്‍ന്ന് എന്തുകൊണ്ടാണ് നടന്‍ മമ്മൂട്ടിയെ വിമര്‍ശിക്കാത്തതെന്നും അദ്ദേഹം ചോദിച്ചിരുന്നു.

തനിക്കും സുരേഷ് ഗോപിക്കും മാത്രമാണ് ട്രോളുകള്‍, രാഷ്ട്രീയ നിലപാട് കൊണ്ട് എന്തുകൊണ്ട് മമ്മൂട്ടിയെ വിമര്‍ശിക്കുന്നിലെന്നും കൃഷ്ണകുമാര്‍ ചോദിച്ചു. ട്വന്റി ഫോറിനോടായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം.

രാഷ്ട്രീയത്തില്‍ സജീവമാകാനാണ് തന്റെ തീരുമാനമെന്നും ബി.ജെ.പി ആവശ്യപ്പെട്ടാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി കൃഷ്ണകുമാറിനെയും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. സ്ഥാനര്‍ത്ഥികളുടെ സാധ്യതാപട്ടിക കഴിഞ്ഞ ദിവസം കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. 40 മണ്ഡലങ്ങളിലെ സാധ്യതാ പട്ടികയാണ് സമര്‍പ്പിച്ചത്.

പാര്‍ട്ടിയുടെ ഏക എം.എല്‍.എയായ ഒ. രാജഗോപാല്‍ മത്സരരംഗത്തുണ്ടാകില്ല. അദ്ദേഹം തന്നെ മത്സരിക്കാനില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. തിരുവനന്തപുരം സെന്‍ട്രലില്‍ ആണ് കൃഷ്ണകുമാറിനെ പരിഗണിക്കുന്നത്. ഇവിടെ കൃഷ്ണകുമാറിനോ എസ്.സുരേഷിനോ ആണ് സാധ്യത. വട്ടിയൂര്‍ക്കാവില്‍ വി.വി.രാജേഷ്, കഴക്കൂട്ടത്ത് കെ.സുരേന്ദ്രന്‍ എന്നിവര്‍ മത്സരിച്ചേക്കും.

കാട്ടാക്കടയില്‍ പി.കെ.കൃഷ്ണദാസ്, പാറശ്ശാലയില്‍ കരമന ജയന്‍, ആറ്റിങ്ങലില്‍ ബി.എല്‍.സുധീര്‍, കുന്നത്തൂരില്‍ രാജി പ്രസാദ്, ചാത്തന്നൂരില്‍ ബി.ബി.ഗോപകുമാര്‍, കരുനാഗപ്പള്ളിയില്‍ ഡോ. കെ.എസ്.രാധാകൃഷ്ണന്‍, ചെങ്ങന്നൂരില്‍ എം.ടി.രമേശ്, തൃപ്പൂണിത്തുറയില്‍ പി.ആര്‍.ശിവശങ്കര്‍ എന്നിവരെ പരിഗണിക്കും.

തൃശൂരില്‍ സന്ദീപ് വാര്യര്‍, ബി.ഗോപാലകൃഷ്ണന്‍, അനീഷ്‌കുമാര്‍ എന്നിവര്‍ക്ക് സാധ്യതയുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Krishna Kumar on BJP Membership

We use cookies to give you the best possible experience. Learn more