Kerala News
ബി.ജെ.പിയുടെ കൊടി കാറില്‍ കണ്ടിട്ടുള്ള അസഹിഷ്ണുതയാണ് പൊലീസിന്; പന്തളത്തെ അപകടത്തില്‍ കൃഷ്ണകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Sep 01, 11:06 am
Friday, 1st September 2023, 4:36 pm

കോട്ടയം: മുഖ്യമന്ത്രിക്ക് അകമ്പടിപോയ പൊലീസ് വാഹനത്തിനെതിരെ പരാതിയുമായി ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗമായ നടന്‍ കൃഷ്ണകുമാര്‍. തന്റെ കാറില്‍ മുഖ്യമന്ത്ര്യുടെ അകമ്പടി വാഹനം മനപൂര്‍വം ഇടിപ്പിച്ചെന്നാണ് കൃഷ്ണകുമാറിന്റെ പരാതി.

പത്തനംതിട്ട പന്തളത്തുവെച്ചാണ് സംഭവമുണ്ടായത്. ഇതിന് ശേഷം വാഹനത്തിലുണ്ടായിരുന്ന പൊലീസുകാര്‍ മോശമായി പെരുമാറിയെന്നും കൃഷ്ണകുമാര്‍ പറയുന്നു. പുതുപ്പള്ളിയല്‍ എന്‍.ഡി.എയുടെ പ്രചാരണ പരിപാടികള്‍ക്കായി പോവുകയായിരുന്നു കൃഷ്ണകുമാര്‍. വിഷയത്തില്‍ നടന്‍ പന്തളം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

‘പുതുപ്പള്ളിയിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുകയായിരുന്നു ഞാന്‍.
പൊലീസ് ബസ് ഹോണടിക്കുന്നുണ്ടായിരുന്നു. പക്ഷേ കാര്‍ ഒതുക്കാന്‍ സ്ഥലമില്ലായിരുന്നു. കുറച്ച് മുന്നോട്ട് പോയി കാര്‍ ഒതുക്കാമെന്ന് കരുതിയപ്പോള്‍ പൊലീസ് ബസ് കാറില്‍ ഇടിപ്പിക്കുകയായിരുന്നു.

ബി.ജെ.പിയുടെ കൊടി കാറില്‍ ഇരിക്കുന്നത് കണ്ടിട്ടുള്ള അസഹിഷ്ണുതയാണ് പൊലീസുകാര്‍ക്ക്. രാഷ്ട്രീയത്തെ രാഷ്ട്രീയമായി എതിര്‍ക്കാം. എന്നാല്‍ ഇത്തരം ഗുണ്ടാ പ്രവര്‍ത്തികളും അപായപ്പെടുത്താനുള്ള ശ്രമങ്ങളും ഒരിക്കലും നിലനില്‍ക്കില്ല.

ഇത് ഈ പാര്‍ട്ടിയുടെ തന്നെ അന്ത്യംകുറിക്കാന്‍ പോകുന്ന നടപടികളുടെ തുടക്കമാണ്. യൂണിഫോമില്‍ നില്‍ക്കുന്നവരോട് അപമര്യാദയായി പെരുമാറരുതെന്നാണ് അച്ഛന്‍ പഠിപ്പിച്ചത്. മൊത്തം സേനക്ക് ചീത്തപ്പേരുണ്ടാക്കുന്ന പൊലീസ് ഗുണ്ടകളാണ് ഇവര്‍,’ കൃഷ്ണകുമാര്‍ പറഞ്ഞു.