എന്നോട് അവര്‍ വിനയന്റെ സിനിമകള്‍ ചെയ്യേണ്ടെന്ന് പറഞ്ഞു; എന്നാല്‍ എന്നെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തത് അദ്ദേഹമാണ്: കൃഷ്ണ
Film News
എന്നോട് അവര്‍ വിനയന്റെ സിനിമകള്‍ ചെയ്യേണ്ടെന്ന് പറഞ്ഞു; എന്നാല്‍ എന്നെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തത് അദ്ദേഹമാണ്: കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 23rd February 2024, 3:41 pm

1994ല്‍ തന്റെ 14ാം വയസില്‍ നെപ്പോളിയന്‍ എന്ന മലയാള സിനിമയിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നു വന്ന താരമാണ് കൃഷ്ണ. തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

ഭാനുപ്രിയ നായികയായി 1997ല്‍ പുറത്തിറങ്ങിയ ഋഷ്യശൃംഗനിലാണ് കൃഷ്ണ ആദ്യമായി നായകവേഷത്തിലെത്തുന്നത്. 2001ല്‍ കമലിന്റെ നിറം സിനിമയുടെ തമിഴ് റീമേക്കിലൂടെ താരം തമിഴിലും അഭിനയിച്ചു തുടങ്ങി.

ഇപ്പോള്‍ സിനിമയിലെത്തിയിട്ട് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ സംവിധായകന്‍ വിനയനെ പറ്റി സംസാരിക്കുകയാണ് കൃഷ്ണ. ഏറെ ഇഷ്ടമുള്ള സംവിധായകര്‍ ആരാണെന്ന ചോദ്യത്തിന് മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മറുപടി പറയുകയായിരുന്നു താരം.

‘ഒരുപാട് സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. കമല്‍ സാര്‍, ജോഷി സാര്‍ പിന്നെ വിനയന്‍ സാര്‍ അങ്ങനെ ഒരുപാട് ആളുകളുണ്ട്. എന്നെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തത് വിനയന്‍ സാറാണ്.

അത് പറയാതിരിക്കാന്‍ പറ്റില്ല. സിനിമ ഇല്ലാതിരുന്ന സമയത്ത് അദ്ദേഹം ഒരുപാട് വേഷങ്ങള്‍ നല്‍കിയിരുന്നു. വേണമെങ്കില്‍ എന്നെ മോള്‍ഡ് ചെയ്ത ആളാണ് വിനയന്‍ സാറെന്ന് പറയാം. ഞാന്‍ അദ്ദേഹത്തിന്റെ സിനിമകള്‍ ചെയ്യാന്‍ മടികാണിക്കാറില്ല.

എന്നോട് ഒരുപാട് ആളുകള്‍ അദ്ദേഹത്തിന്റെ സിനിമകള്‍ ചെയ്യേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ ഒന്നാമത്തെ കാര്യം, എനിക്ക് അപ്പോള്‍ പടങ്ങള്‍ ഉണ്ടായിരുന്നില്ല. ആ സമയത്ത് ഞാന്‍ അദ്ദേഹത്തിന്റെ പടങ്ങള്‍ ചെയ്യില്ലെന്ന് പറയുന്നത് മോശമല്ലേ.

അദ്ദേഹത്തിന്റെ മിക്ക പടത്തിലും ഞാന്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നെ സംബന്ധിച്ച് ഞാന്‍ ഒരു നടനാണ്. ആര് വിളിച്ചാലും അവരുടെ സിനിമകള്‍ ചെയ്യും. കാരണം ഞാന്‍ മറ്റൊരാളെ തേടിപോകുമ്പോള്‍ അവര്‍ എനിക്ക് അവസരങ്ങള്‍ തരില്ല,’ കൃഷ്ണ പറഞ്ഞു.


Content Highlight: Actor Krishna Talks About Vinayan