ജോജു ജോര്‍ജിനെയും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ പരിശ്രമങ്ങളെയും അഭിനന്ദിച്ച് നടന്‍ കൃഷ്ണ ശങ്കര്‍. ചൈനീസ് മുള പോലെ വര്‍ഷങ്ങളോളം പണിയെടുത്ത് മലയാള സിനിമയില്‍ വേരുറപ്പിച്ച നടനാണ് ജോജു ജോര്‍ജെന്ന് കൃഷ്ണ ശങ്കര്‍ പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു നടന്‍ ഹൃദയഹാരിയായി ചെറുകുറിപ്പ് പങ്കുവെച്ചത്.
‘ചൈനീസ് മുളയ്ക്ക് ഒരു പ്രത്യേകതയുണ്ട്. അത് നട്ട്, ആദ്യത്തെ 5 വര്‍ഷം നമുക്ക് കാര്യമായ വളര്‍ച്ചയൊന്നും കാണാന്‍ പറ്റില്ല. പക്ഷെ അഞ്ചാം വര്‍ഷം അതിന്റെ വേര്, വെറും 6 ആഴ്ച കൊണ്ട് ഏകദേശം 80 അടി താഴേക്ക് വളര്‍ന്നിരിക്കുന്നത് കാണാം.
ഈ വളര്‍ച്ച ശരിക്കും 6 ആഴ്ചയില്‍ ഉണ്ടായതല്ല. ആ മരം അത്രയും നാള്‍ കൊണ്ട് അതിന്റെ ശക്തമായ വേരുകള്‍ ഉണ്ടാക്കിയെടുക്കുകയായിരുന്നു. അതുപോലെ, മലയാള സിനിമയില്‍ തന്റെ ആത്മസമര്‍പ്പണം കൊണ്ട് വേരുറപ്പിച്ച ആളാണ് ജോജു ജോര്‍ജ്,’ കൃഷ്ണ ശങ്കര്‍ പറഞ്ഞു. ജോജു ജോര്‍ജ് തങ്ങള്‍ക്കെല്ലാം പ്രചോദനമാണെന്നും കൃഷ്ണ ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
നീണ്ട വര്‍ഷങ്ങള്‍ മലയാള സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടര്‍ന്നതിന് ശേഷമാണ് ജോജുവിന് കരിയറില്‍ ഒരു ബ്രേക്ക് ലഭിക്കുന്നത്. 1995ല്‍ മഴവില്‍ക്കൂടാരം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ജോജു 2010ലാണ് സഹതാരമായി മാറുന്നത്.
പിന്നീട് ഒരു സെക്കന്റ് ക്ലാസ് യാത്ര, ലുക്കാ ചുപ്പി എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെടുകയും 2018ലെ ജോസഫിനും ചോലയ്ക്കും സംസ്ഥാന അവാര്‍ഡ് നേടുകയും ചെയ്തു.
അതേ വര്‍ഷം തന്നെ ദേശീയ അവാര്‍ഡില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടുകയും ചെയ്തു. 2019ലെ പൊറിഞ്ചു മറിയം ജോസിലെ നായക കഥാപാത്രവും ഏറെ ശ്രദ്ധ നേടി. നായാട്ടാണ് ജോജുവിന്റെ അവസാനമിറങ്ങിയ ചിത്രം. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിലൂടെ നിര്‍മ്മാണരംഗത്തേക്കും ജോജു കടന്നുകഴിഞ്ഞു.
കാര്‍ത്തിക സുബ്ബരാജിന്റെ സംവിധാനത്തില്‍ ധനുഷ് നായകനായി എത്തുന്ന ജഗമേ തന്തിരത്തിലൂടെ തമിഴിലും ജോജു അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള വേഷത്തിലാണ് ജോജു എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെ നിരവധി പേരാണ് ജോജുവിന്റെ സിനിമയോടുള്ള പ്രണയത്തെയും കഠിനാധ്വാനത്തെയും പുകഴ്ത്തിക്കൊണ്ട് രംഗത്തുവന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actor Krishna Sankar about Joju George