നേരം എന്ന അല്‍ഫോണ്‍സ് പുത്രന്‍ ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ നടനാണ് കൃഷ്ണ ശങ്കര്‍. പിന്നീട് അല്‍ഫോണ്‍സിന്റെ തന്നെ പ്രേമത്തില്‍ നിവിന്‍ പോളിയുടെ സുഹൃത്തായ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു. തുടര്‍ന്ന് നായകനായും സഹനടനായും നിരവധി സിനിമകളില്‍ കൃഷ്ണ ശങ്കര്‍ സജീവമാണ്.
നേരം എന്ന സിനിമയില്‍ നന്നായി അഭിനയിച്ചത് കൊണ്ടാണ് അല്‍ഫോണ്‍സ് പുത്രന്‍ തനിക്ക് പ്രേമത്തില്‍ മുഴുനീള റോള്‍ തന്നതെന്ന് പറയുകയാണ് കൃഷ്ണ. അവിടെ സുഹൃത്തുക്കളാണെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും നന്നായി അഭിനയിച്ചാലെ അല്‍ഫോണ്‍സ് റോള്‍ തരുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
അല്‍ഫോണ്‍സ് പുത്രനെ പരിചയപ്പൈട്ടത് കൊണ്ടാണ് സിനിമയിലേക്ക് എത്താന്‍ തനിക്ക് കഴിഞ്ഞതെന്നും കൃഷ്ണ കൂട്ടിച്ചേര്‍ത്തു. ട്രോണ്‍സോര്‍സിന്റെ ഉദ്ഘാടനത്തിന് ശേഷമാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം സംസാരിച്ചത്.
”ഞാന്‍ ഡിഗ്രിക്ക് എം.ഇ.എസ് കോളേജ് മാടമ്പള്ളിയിലാണ് പഠിച്ചത്. അവിടെ ബി.കോം പഠിക്കുമ്പോഴാണ് എനിക്ക് അല്‍ഫോണ്‍സ് പുത്രനെ പരിചയപ്പെടാന്‍ പറ്റിയത്. അതുകൊണ്ടാണ് ഞാന്‍ സിനിമയില്‍ കേറിയത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
അദ്ദേഹത്തിനും സിനിമയില്‍ കേറണം, എനിക്കും സിനിമയില്‍ കേറണം കൂടെ ഷറഫിനും കേറണം. ഞങ്ങള്‍ എല്ലാവരും ഒത്തുകൂടുന്ന സ്ഥലം എം.ഇ.എസ് ആയതാണ് ഞങ്ങളുടെ അവസരം. മൂന്ന് ഷോട്ട് ഫിലിം ഫസ്റ്റ് ചെയ്തു.
അതില്‍ ഒരു ഷോട്ട് ഫിലിം ഞങ്ങള്‍ നേരം എന്ന സിനിമയാക്കി. അത് ആളുകള്‍ കണ്ട് ഇഷ്ടായി. അതില്‍ അല്‍ഫോണ്‍സ് എനിക്ക് ഒരു മൂന്ന് സീനാണ് തന്നത്. ആ സിനിമയില്‍ ഞാന്‍ നന്നായിട്ട് ചെയ്തത് കൊണ്ടാണ് അല്‍ഫോണ്‍സ് എനിക്ക് പ്രേമം എന്ന സിനിമയില്‍ മുഴുനീള വേഷം തന്നത്. ഇല്ലെങ്കില്‍ അവന്‍ തരൂല, കണ്ണില്‍ ചോര ഇല്ലാത്തവനാണ്. അവിടെ സൗഹൃദം ഒന്നും പറഞ്ഞിട്ട് കാര്യമില്ല.
ആ മൂന്ന് സീനും ഞാന്‍ നന്നായി ഉപയോഗിച്ചു. അതുകൊണ്ടാണ് സിനിമയില്‍ പിന്നെയും ചാന്‍സ് കിട്ടിയത്. സിനിമാ നടന്‍ ആയില്ലായിരുന്നെങ്കില്‍ എന്താവുമായിരുന്നു എന്ന് പല അഭിമുഖങ്ങളിലും എന്നോട് ചോദിക്കാറുണ്ട്.
അവരോട് ഒക്കെ ഞാന്‍ പറയാറുള്ളത്, സിനിമയില്‍ അഭിനയിക്കണം എന്ന് ആഗ്രഹമുള്ള ഒരാളായി നടക്കുമായിരുന്നുവെന്ന്. കാരണം സിനിമാ നടന്‍ ആവാനാണ് ഞാന്‍ വണ്ടി ഓടിക്കാന്‍ പോലും പഠിച്ചത്,” കൃഷ്ണ ശങ്കര്‍ പറഞ്ഞു.
content highlight: actor krishna sankar about alphons puthran