| Monday, 7th June 2021, 2:46 pm

കോളേജില്‍ റാഗ് ചെയ്യാന്‍ വന്നപ്പോഴാണ് അല്‍ഫോണ്‍സിനെ ആദ്യം കാണുന്നത്, നേരത്തിലേക്കു വിളിക്കുന്നത് ക്യാമറമാനായി: കൃഷ്ണ ശങ്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിലെത്തിയ കൃഷ്ണ ശങ്കര്‍ നായകവേഷത്തിലെത്താനൊരുങ്ങുകയാണ്. കുടുക്ക് 2025, കൊച്ചാള്‍ എന്നീ ചിത്രങ്ങളിലൂടെയാണു കേന്ദ്ര കഥാപാത്രമായി കൃഷ്ണ ശങ്കര്‍ എത്തുന്നത്.

ഇപ്പോള്‍ ആദ്യമായി സിനിമയിലെത്തിയതിന്റെയും കോളേജു കാലത്തു അല്‍ഫോണ്‍സ് പുത്രനെയും ശബരീഷിനെയും ഷറഫുദ്ദീനെയുമെല്ലാം പരിചയപ്പെട്ടതിന്റെയും സൗഹൃദത്തിന്റെയും ഓര്‍മ്മകള്‍ പങ്കുവെക്കുകയാണു കൃഷ്ണ ശങ്കര്‍. കേരള കൗമുദിയക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

അല്‍ഫോണ്‍സ് എന്റെ സീനിയറായിരുന്നു. എം.ഇ.എസ് കോളേജ് മാറമ്പള്ളിയില്‍ ഞാന്‍ ബികോമും അവന്‍ ബി.ബി.എയുമായിരുന്നു. ഞാനും ശബരിയും തൊബാമയുടെ സംവിധായകന്‍ മോസിനും ഒരേ ക്ലാസിലായിരുന്നു.

എന്നെ റാഗ് ചെയ്യാന്‍ വന്നിട്ടാണു അല്‍ഫോണ്‍സിനെ ആദ്യം പരിചയപ്പെടുന്നത്. അവിടുന്ന് തുടങ്ങിയ സൗഹൃദം പിന്നീടു സിനിമാ ചര്‍ച്ചയായി വളര്‍ന്നു. ഡിഗ്രിയ്ക്കു ശേഷം അല്‍ഫോണ്‍സ് ചെന്നൈയിലേക്കു പഠിക്കാന്‍ പോയി. ഞാന്‍ സിനിമാട്ടോഗ്രഫി പഠിക്കാന്‍ സന്തോഷ് ശിവന്‍ സാറിന്റെ ശിവന്‍ സ്റ്റുഡിയോയില്‍ ചേര്‍ന്നു.

അവിടുത്തെ പ്രോജക്ട് ചെയ്യാനായിട്ടാണ് അല്‍ഫോണ്‍സ് നേരം ഷോട്ട് ഫിലിം എടുക്കുന്നത്. അതിന്റെ ക്യാമറ ചെയ്യാനാണു എന്നെ വിളിക്കുന്നത്. എനിക്ക് അഭിനയിക്കാന്‍ ഇഷ്ടമാണെന്ന് അറിയാവുന്നതുകൊണ്ട് നേരം സിനിമയാക്കിയപ്പോള്‍ മാണിക് എന്ന കഥാപാത്രം തന്നു, കൃഷ്ണ ശങ്കര്‍ പറയുന്നു.

നേരത്തിലെ അഭിനയം നന്നായതുകൊണ്ടായിരിക്കണം പ്രേമത്തില്‍ കോയ എന്ന മുഴുനീള കഥാപാത്രത്തെ നല്‍കാന്‍ അല്‍ഫോണ്‍സ് തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. പ്രേമത്തിലെ കോയ വഴിയാണു എനിക്ക് ഒട്ടുമിക്ക അവസരങ്ങളും ലഭിച്ചത്.

പ്രേമത്തിന്റെയും നേരത്തിന്റെയും സെറ്റിലുള്ളവരെല്ലാം വര്‍ഷങ്ങളായി പരിചയമുള്ളവരായിരുന്നു. അതായിരുന്നു, അതിന്റെ പ്രത്യേകത. ആ ബോണ്ട് സിനിമക്കു ഗുണമായിട്ടുണ്ട്.

ഞാനും സിജു വില്‍സണും ആറാം ക്ലാസില്‍ ഒന്നിച്ചു പഠിച്ചവരാണ്. ഞാനും ഷറഫുദ്ദീനും പ്ലസ് ടുവില്‍ ഒന്നിച്ചു പഠിച്ചതാണ്. അതുകൊണ്ടു തന്നെ അവരോടെല്ലാം എന്തും തുറന്നുപറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കൃഷ്ണ ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actor Krishna Sanakar about Alphonse Puthren, Neram movie, Premam movie

We use cookies to give you the best possible experience. Learn more