ചെറിയ വേഷങ്ങളിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച താരമാണ് കൃഷ്ണ പ്രസാദ്. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളോടൊപ്പവും കൃഷ്ണ പ്രസാദ് അഭിനയിച്ചിട്ടുണ്ട്. മിസ്റ്റര്‍ ബ്രഹ്മചാരി എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ വെച്ചുണ്ടായ മോഹന്‍ലാലുമൊത്തുള്ള ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് കൃഷ്ണ പ്രസാദ്.
ഒരു അത്യാവശ്യ ഘട്ടത്തില്‍ തനിക്ക് സഹായമായത് മോഹന്‍ലാലാണെന്നും അതാണ് അദ്ദേഹത്തിന്റെ മഹത്വമെന്നും കൃഷ്ണ പ്രസാദ് പറഞ്ഞു. ഒരിക്കലും മറക്കാനാവാത്ത ബന്ധവും സ്‌നേഹവും കടപ്പാടുമാണ് തനിക്ക് മോഹന്‍ലാലിനോടെന്നും കൃഷ്ണ പ്രസാദ് പറഞ്ഞു. കാന്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘എന്റെ അമ്മ മരിച്ചതിന് ശേഷം ഞാന്‍ എല്ലാ വര്‍ഷവും ബലിയിടുമായിരുന്നു. ലാലേട്ടന്റെ സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് എനിക്ക് ഇതുപോലെ ബലിയിടാന്‍ പോകണമായിരുന്നു. തലേദിവസം തന്നെ ഞാന്‍ നാളെ കാണില്ല ബലിയിടാന്‍ പോകണമെന്ന് അസോസിയേറ്റിനോട് പറഞ്ഞിരുന്നു. ഉച്ചയായപ്പോള്‍ മോന്‍ നാളെ കാണില്ലേയെന്ന് ലാലേട്ടന്‍ എന്നോട് ചോദിച്ചു. ഇല്ലെന്ന് ഞാന്‍ പറഞ്ഞു. അമ്മ മരിച്ച കാര്യങ്ങളൊക്കെ വിശദമായി എന്നോട് ചോദിച്ചറിയുകയും ചെയ്തു.
ഉച്ച കഴിഞ്ഞപ്പോള്‍ ലൊക്കേഷനൊക്കെ ഫിറ്റ് ചെയ്തു. അപ്പോള്‍ അസോസിയേറ്റ് എന്നോട് വന്ന് പറഞ്ഞു, നാളെ പോകാന്‍ പറ്റില്ല ഷൂട്ട് വെച്ചിട്ടുണ്ടെന്ന്. അത് കേട്ടപ്പോള്‍ ഞാന്‍ ഉരുകി വെണ്ണീറായി. അടുത്ത സീന്‍ ഷൂട്ട് ചെയ്യേണ്ടത് ലാലേട്ടനുമായിട്ടാണ്. വളരെ ഡെസ്പായിട്ടാണ് ഞാന്‍ അഭിനയിച്ചത്. ഷൂട്ട് കഴിഞ്ഞപ്പോള്‍ ലാലേട്ടന്‍ എന്നെ വിളിച്ചു. മോനെ നാളെ നിനക്ക് എപ്പോഴാണ് പോകേണ്ടത്, എപ്പോള്‍ തിരിച്ച് വരും എന്നൊക്കെ അദ്ദേഹം എന്നോട് ചോദിച്ചു.
ഞാന്‍ സമയവും കാര്യങ്ങളുമൊക്കെ കൃത്യമായി അദ്ദേഹത്തിന് പറഞ്ഞുകൊടുത്തു. അതൊക്കെ കേട്ടപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു മോന്‍ എന്തായാലും പൊക്കോ, പറഞ്ഞ സമയത്ത് വന്നാല്‍ മതിയെന്ന്. പിന്നെയാണ് അവിടെ നടന്ന പല കാര്യങ്ങളും ഞാന്‍ അറിയുന്നത്. അദ്ദേഹത്തിന്റെ മഹത്വം തിരിച്ചറിയുന്നത് അതോടെയാണ്.
പിറ്റേദിവസം ഇന്ന സീനാണ് ഷൂട്ട് ചെയ്യുന്നതെന്ന് ലാലേട്ടനോട് പറഞ്ഞപ്പോള്‍ കൃഷ്ണ പ്രസാദ് ഉണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ആ പയ്യന്റെ അമ്മയുടെ കര്‍മമല്ലേ അതിന് പോകണ്ടേയെന്ന് ചോദിച്ചു. അതൊന്നും കുഴപ്പമില്ലെന്നാണ് അസോസിയേറ്റ് പറഞ്ഞത്. നിങ്ങള്‍ക്കും അമ്മയില്ലേ എന്നൊക്കെ ലാലേട്ടന്‍ അയാളോട് ചോദിച്ചു.
നാളെ രാവിലെ അവനുമായിട്ടുള്ള സീനാണ് എടുക്കുന്നതെങ്കില്‍ ഞാന്‍ കാണില്ലായെന്ന് ലാലേട്ടന്‍ പറഞ്ഞു. അദ്ദേഹത്തിന് അതൊന്നും ചിന്തിക്കേണ്ട കാര്യമില്ല. അദ്ദേഹത്തിന് തന്റെ സീന്‍ തീര്‍ത്താല്‍ മാത്രം മതി. എന്റെ അമ്മയുടെ കര്‍മമൊന്നും അറിയേണ്ട ആവശ്യമില്ല. അന്ന് വൈകുന്നേരം ഞാന്‍ അവിടെ നിന്നും പോന്നു. ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ബന്ധവും കടപ്പാടും സ്നേഹവുമാണ് ലാലേട്ടനോട്,’ കൃഷ്ണ പ്രസാദ് പറഞ്ഞു.
content highlight: actor krishna prasad about mohanlal