മിമിക്രിയും അഭിനയവും പെയിന്റിങും ഒരുമിച്ച് കൊണ്ടുപോകുന്ന വ്യക്തിയാണ് കോട്ടയം നസീര്‍. എന്നാല്‍ ഇതിനുപുറമെ നിരവധി സിനികളില്‍ പല താരങ്ങള്‍ക്കായി അദ്ദേഹം ഡബ്ബും ചെയ്തിട്ടുണ്ട്. താന്‍ ഡബ്ബ് ചെയ്ത സിനിമകളെക്കുറിച്ചു മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയാണ് നസീര്‍.
‘മാട്ടുപെട്ടി മച്ചാന്‍ സിനിമയില്‍ 25ഓളം ആളുകള്‍ക്ക് ഞാന്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. ഓട്ടോയില്‍ പോകുന്നവര്‍ക്കും കടയില്‍ ഇരിക്കുന്നവര്‍ക്കെല്ലാം ഞാനാണ് ഡബ്ബ് ചെയ്തിരിക്കുന്നത്.
ആ സിനിമയില്‍ തന്നെ കൊച്ചു പ്രേമന്‍ ചേട്ടന് ആദ്യം ഡബ്ബ് ചെയ്യുന്നത് ഞാനാണ്. അതുപോലെ താളമേളം എന്ന സിനിമയുടെ സമയത്ത് ജഗതിച്ചേട്ടന്‍ അന്ന് അമേരിക്കയിലായിരുന്നു. ഇവിടെ ഡബ്ബുചെയ്യേണ്ട സമയമായപ്പോള്‍ ജഗതിച്ചേട്ടന്‍ വിളിച്ച് പറഞ്ഞിട്ട് ഞാനാണ് ഡബ്ബ് ചെയ്തത്.
വേറെ ഒന്നുള്ളത് വലത്തോട്ട് തിരിഞ്ഞാല്‍ നാലാമത്തെ വീട്, ക്യാമ്പസ് തുടങ്ങിയ ചിത്രങ്ങള്‍ക്കും ഡബ്ബ് ചെയ്തിട്ടുണ്ട്. രജനീകാന്ത് സാറിന്റെ യന്തിരന്‍ എന്ന സിനിമയില്‍ കൊച്ചിന്‍ ഹനീഫയ്ക്ക് വേണ്ടിയും ചെയ്തത് ഞാനാണ്.
നമ്മളീ പറയുന്ന പോലെയല്ല, വലിയ പണിയാണ് ഡബിങ്. പഠിച്ച ഡയലോഗ് മിമിക്രിയില്‍ കാണിക്കുന്ന പോലെയല്ല ഡബ്ബിങിന് പോകുന്നത്. ഡബ്ബു ചെയ്യുമ്പോള്‍ നാച്ചുറലായി ഫീല് ചെയ്യണം. ഡബ്ബിങ് പക്ഷേ എനിക്ക് വലിയ ബുദ്ധിമുട്ടില്ല. എന്നാല്‍ അഭിനയിക്കുന്നത് കുറച്ച് വിഷമമുള്ള കേസാണ്.
വരയ്ക്കാന്‍ എനിക്ക് ഇഷ്ടമാണ്. കൊവിഡിന്റെ 21 ദിവസം ലോക്ഡൗണില്‍ വെറുതെ ഇരിക്കുക എന്ന് പറയുന്നത് എന്നെ സംബദ്ധിച്ച് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അങ്ങനെ ഞാന്‍ വിചാരിച്ചു ഓരോ ദിവസവും ഓരോ ഫോട്ടോ വരച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാമെന്ന്.
അങ്ങനെ ആദ്യം 21 എണ്ണം വരച്ച് പോസ്റ്റ് ചെയ്തു. അപ്പോഴാണ് വീണ്ടും 21 ദിവസം നീട്ടിയത്. അങ്ങനെ വീണ്ടും 21 എണ്ണം കൂടെ വരച്ചു. മൊത്തം 42 എണ്ണം ഞാന്‍ വരച്ചു. അതുകൊണ്ട് ലോക്ഡൗണ്‍ എനിക്ക് ബോറിങ് ഫീല്‍ ചെയ്തിട്ടില്ല,” കോട്ടയം നസീര്‍ പറഞ്ഞു.
Content Highlight: Actor kottaym nazeer talking about dubbed movies