Entertainment news
പുള്ളി വിരട്ടിയാലും ഞാന്‍ ചിരിക്കും; നമ്മുടെ നല്ലതിന് വേണ്ടിയാണല്ലോ പറയുന്നത്; മമ്മൂട്ടിയെ കുറിച്ച് കോട്ടയം രമേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Oct 04, 12:50 pm
Tuesday, 4th October 2022, 6:20 pm

മലയാള സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്‍റെ അഭിനയത്തിലൂടെ ശ്രദ്ധ നേടുകയും മമ്മൂട്ടിയും മോഹന്‍ലാലുമടക്കം സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിക്കുകയും ചെയ്തയാളാണ് കോട്ടയം രമേഷ്.

സി.ബി.ഐ 5, പുഴു, ഭീഷ്മ പര്‍വം, അയ്യപ്പനും കോശിയും, മേപ്പടിയാന്‍, ആറാട്ട് എന്നീ ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കുമ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ കോട്ടയം രമേഷ്.

ഏതെങ്കിലും നടന്‍ മുന്നില്‍ നിന്ന് അഭിനയിക്കുമ്പോള്‍ പെട്ടെന്ന് കിളി പോയ പോലെ നിന്ന് പോയിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

”അത് ഇഷ്ടം പോലെ ഉണ്ടായിട്ടുണ്ട്, മമ്മൂക്കയുടെ കൂടെ നില്‍ക്കുമ്പോഴൊക്കെ. ഭീഷ്മയിലും പുഴുവിലും സി.ബി.ഐയിലുമൊക്കെ അതുണ്ട്.

പിന്നെ അഭിനയിക്കുന്നത് തെറ്റിയാലും നമ്മളോട് ഒരു സ്‌നേഹം പുള്ളിക്കുണ്ട് എന്ന് നമുക്കറിയാവുന്നത് കൊണ്ട് ആ പ്രശ്‌നം അങ്ങനെ നികന്ന് പോകും. തെറ്റിക്കഴിഞ്ഞാലും സൈക്കിളില്‍ നിന്ന് വീണ പോലെ ഒരു ചിരി ചിരിക്കും. പുള്ളി അഥവാ വിരട്ടിയാലും ഞാനങ്ങ് ചിരിക്കും.

അത് സത്യത്തില്‍ വരുന്ന സംഭവമാണ്. കാരണം അദ്ദേഹം ഒരിക്കലും ഇതൊന്നും ദേഷ്യത്തോടെ പറയുന്നതല്ല. നമ്മുടെ നന്മക്ക് വേണ്ടി, നല്ലതിന് വേണ്ടിയാണ് വിരട്ടുന്നത്. ആ സ്‌നേഹം കൊണ്ട് ചെയ്യുന്നതാണ്.

അത് നമുക്ക് കൃത്യമായി അറിയാവുന്നത് കൊണ്ട് വിഷമമില്ല. മോഹന്‍ലാലും അതുപോലെയാണ്,” കോട്ടയം രമേഷ് പറഞ്ഞു.

നേരത്തെ, മമ്മൂക്കയാണ് തനിക്ക് സിനിമകളില്‍ അവസരം വാങ്ങി തരുന്നതെന്നും എന്നാല്‍ നേരിട്ട് ചോദിച്ചാല്‍ അദ്ദേഹം ഇത് സമ്മതിക്കാറില്ലെന്നും കോട്ടയം രമേഷ് പറഞ്ഞിരുന്നു.

നാടകനടനായും തിളങ്ങിയ ശേഷമായിരുന്നു കോട്ടയം രമേഷ് സിനിമയിലെത്തിയത്. ഇതിനിടെ ടെലിവിഷന്‍ സീരിയലുകളിലൂടെയും അദ്ദേഹം പ്രേക്ഷക ശ്രദ്ധ നേടി.

Content Highlight: Actor Kottayam Ramesh talks about Mammootty