മിനിസ്‌ക്രീനിലും, ബിഗ് സ്‌ക്രീനിലും ചുരുങ്ങിയ കാലം കൊണ്ട് തന്നെ സ്വാധീനം ഉറപ്പിച്ച നടനാണ് കോട്ടയം രമേശ്. ഉപ്പും മുളകും എന്ന ജനപ്രിയ സീരിയലില്‍ നിന്നും സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലെ പൃഥ്വിരാജിനൊപ്പമുള്ള മുഴുനീള കഥാപാത്രം കോട്ടയം രമേശിന് സിനിമയിലേക്ക് കൂടതല്‍ അവസരങ്ങള്‍ നേടിക്കൊടുത്തു.
മമ്മൂട്ടിക്കൊപ്പം ഭീഷ്മപര്‍വത്തിലും, പുഴുവിലും മോഹന്‍ലാലിനൊപ്പം ആറാട്ടിലും രമേശ് മികച്ച വേഷങ്ങള്‍ ചെയ്തു. ഇപ്പോഴിതാ സിനിമയില്‍ പ്രാധ്യാന്യമുള്ള കഥാപാത്രങ്ങള്‍ ലഭിക്കുന്നതിന് മുന്‍പ് മമ്മൂക്കയുമായുള്ള അനുഭവങ്ങള്‍ ഉണ്ടായിരുന്നുവെന്നും അത് ഇന്നും ഓര്‍ത്ത് വെക്കുന്നുവെന്നുമാണ് കോട്ടയം രമേശ് പറയുന്നത്.
‘മദ്രാസില്‍ കുറച്ച് നാള്‍ ഞാന്‍ സിനിമയില്‍ അവസരങ്ങള്‍ തേടി നിന്നിരുന്ന സമയത്ത് ഇടക്കൊക്കെ കിട്ടുന്ന ഡബ്ബിങ് കൊണ്ടായിരുന്നു നിത്യ ചിലവുകള്‍ ഒക്കെ നടന്നു പോയിരുന്നത്. ആ സമയത്ത് അധര്‍വം എന്ന സിനിമക്ക് വേണ്ടി ഡബ്ബ് ചെയ്യാന്‍ പോയിരുന്നു. ഋഷി എന്ന നടന് വേണ്ടിയാണ് ഞാന്‍ ഡബ്ബ് ചെയ്യാന്‍ പോയത്. മമ്മൂക്കയ്ക് ആണേല്‍ ആ ഡബ്ബിങ് കഴിഞ്ഞ് നായര്‍സാബിന്റെ ഷൂട്ടിനായി കാശ്മീരിലേക്ക് പോകണം. അന്ന് ഡബ്ബിങ് ടേപ്പ് സിസ്റ്റം വഴിയായിരുന്നു. റെക്കോര്‍ഡ് ചെയ്തത് തെറ്റി പോയാല്‍ പിന്നെ ആ ടേപ്പ് വേസ്റ്റായി പോകും. അന്നേ ദിവസം ഒറ്റ ടേപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ഒരു പ്രതിസന്ധി വന്നപ്പോള്‍ മമ്മൂക്ക എന്നോട് ചോദിച്ചു. ഡോ തെറ്റിക്കുമോ, ടേപ്പ് ഒന്നേ ഉള്ളു തെറ്റികഴിഞാല്‍ മൊത്തം പണി പാളും. ഞാന്‍ പറഞ്ഞു നോക്കാം സാര്‍ എന്ന്. ഭാഗ്യത്തിന് ഒരു കുഴപ്പവും കൂടാതെ ഡബ്ബിങ് തീര്‍ക്കാന്‍ പറ്റി. മമ്മൂക്കയുടെ അഭിനന്ദവും കിട്ടി. അപ്പോള്‍ തന്നെ സിബി മലയിലിനെ വിളിച്ച് മറ്റൊരു സിനിമയില്‍ ഡബ്ബിങ് ചെയ്യാനുള്ള അവസരവും മമ്മൂക്ക ഒരുക്കിത്തന്നു.’; രമേശ് പറയുന്നു.
മമ്മൂക്ക ഇപ്പോള്‍ അതൊന്നും ഓര്‍ക്കുന്നുണ്ടാവില്ലയെന്നും എന്നാല്‍ അത് എനിക്ക് മറക്കാനാവാത്ത അനുഭവമായിരുന്നു എന്നും രമേശ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
ഭീഷ്മപർവത്തിലെ രമേശിന്റെ മണി സാർ എന്ന കഥാപാത്രം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. മോഹൻലാലിന്റെ ആറാട്ടിൽ വില്ലനായിട്ടാണ് രമേശ് എത്തിയത്.
Content Highlight : Actor Kottayam Ramesh about Mammooty