കോട്ടയം: സിനിമ-സീരിയല്‍ താരം കോട്ടയം പ്രദീപ് (61) അന്തരിച്ചു. കോട്ടയം കുമാരനല്ലൂര്‍ സ്വദേശിയാണ്.വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെ ശാരീരിക അസ്വസ്തതകളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ 4.15ഓടെ മരണം സംഭവിക്കുകയായിരുന്നു.
ഐ.വി. ശശി സംവിധാനം ചെയ്ത ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് പ്രദീപ് സിനിമയിലെത്തുന്നത്. ആ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടു.
മലയാളം, തമിഴ് സിനിമകളില്‍ നിരവധി കോമഡി റോളുകള്‍ ചെയ്തു പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.
2010ല്‍ പുറത്തിറങ്ങിയ ഗൗതം മേനോന്റെ ‘വിണ്ണൈ താണ്ടി വരുവായ’ എന്ന ചിത്രത്തിലെ തൃഷയുടെ അമ്മാവനായി അഭിനയിച്ച കഥാപാത്രം പ്രദീപിന്റെ സിനിമാജീവിതത്തില്‍ വഴിത്തിരിവായി.
തട്ടത്തിന്‍ മറയത്ത്, ആമേന്‍, വടക്കന്‍ സെല്‍ഫി, സെവന്‍ത് ഡേ, പെരുച്ചാഴി, എന്നും എപ്പോഴും, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് താരം മലയാളികളുടെ പ്രിയങ്കരനായി മാറി.
ആട് ഒരു ഭീകരജീവിയാണ്, അഞ്ചുസുന്ദരികള്‍, ജമ്‌നാപ്യാരി, ഉട്ടോപ്യയിലെ രാജാവ്, അമര്‍ അക്ബര്‍ അന്തോണി, അടി കപ്യാരേ കൂട്ടമണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഗോദ തുടങ്ങിയ ചിത്രങ്ങളിലൂടെയും മലയാളികളെ ചിരിപ്പിച്ചു.
സിനിമകള്‍ക്ക് പുറമെ നിരവധി പരസ്യ ചിത്രങ്ങളിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്. സല്‍സയുണ്ട്… എന്ന് തുടങ്ങുന്ന താരത്തിന്റെ പ്രശസ്തമായ ഡയലോഗിനും ആരാധകര്‍ ഏറെയായിരുന്നു. ഒറ്റ ഡയലോഗുകൊണ്ടു തന്നെ മലയാള സിനിമയില്‍ സ്വയം വരച്ചിട്ട നടനാണ് ഇപ്പോള്‍ വിട പറഞ്ഞിരിക്കുന്നത്.
2020ല്‍ പുറത്തിറങ്ങിയ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ആണ് കോട്ടയം പ്രദീപിന്റെ റിലീസായ അവസാന ചിത്രം. പത്താം വയസ്സില്‍ എന്‍.എന്‍.പിള്ളയുടെ ‘ഈശ്വരന്‍ അറസ്റ്റില്‍’ എന്ന നാടകത്തില്‍ ബാലതാരമായി അഭിനയ ജീവിതം തുടങ്ങിയ കോട്ടയം പ്രദീപ് അന്‍പത് വര്‍ഷമായി നാടകരംഗത്ത് സജീവമായിരുന്നു.
കാരാപ്പുഴ സര്‍ക്കാര്‍ സ്‌കൂള്‍, കോട്ടയം ബസേലിയസ് കോളജ്, കോപ്പറേറ്റീവ് കോളജ് എന്നിവടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി. 1989 മുതല്‍ എല്‍.ഐ.സിയില്‍ ജീവനക്കാരനാണ്. ഭാര്യ: മായ, മക്കള്‍: വിഷ്ണു, വൃന്ദ.
Content Highlight: Actor Kottayam Pradeep is no more