| Tuesday, 11th October 2022, 10:28 pm

വരാന്‍ പറ്റില്ലെന്നോ ഡേറ്റ് ഇല്ലെന്നോ പറയുമ്പോഴാണ് എന്നെ വിളിക്കാറുള്ളത്, അടുത്തയാളെ നോക്കാമെന്ന് ചിന്തിച്ചാലോ എന്ന ഭയമുള്ളതുകൊണ്ട് കൂടുതലൊന്നും ചോദിക്കില്ല: കോട്ടയം നസീര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഥാപാത്രത്തിനായി കണ്ടുവെച്ച നടന് ഷൂട്ടിങിന് എത്താന്‍ പറ്റില്ലെന്ന് പറയുമ്പോഴാണ് തന്നെ പലപ്പോഴും അഭിനയിക്കാനായി വിളിച്ചിട്ടുള്ളതെന്ന് കോട്ടയം നസീര്‍.

കുറേ സിനിമകളില്‍ അഭിനയിക്കുക എന്നതിലുപരി കുറച്ച് നല്ല കഥാപാത്രങ്ങള്‍ ചെയ്യുകയെന്നതാണ് തന്റെ ആഗ്രഹമെന്ന് മൈല്‍ സ്റ്റോണ്‍ മേക്കഴ്സിന് നല്‍കിയ അഭിമുഖത്തില്‍ നസീര്‍ പറഞ്ഞു.

”സിനിമയില്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആഗ്രഹിക്കുന്ന ഒരാളുണ്ടാകും അയാള്‍ ഇല്ലെന്ന് പറയുമ്പോഴാണ് പലപ്പോഴും എന്നെയൊക്കെ വിളിച്ചിട്ടുള്ളത്. അവര്‍ക്ക് വരാന്‍ പറ്റില്ലെന്നോ ഡേറ്റ് ഇല്ലെന്നോ പറയും.

എന്നെ വിളിക്കുമ്പോള്‍ ഫ്രീയാണെങ്കില്‍ ഞാന്‍ പറയും വരാമെന്ന്. പലപ്പോഴും രാത്രിയൊക്കെയാണ് പലരും വിളിച്ചിട്ടുള്ളത്. എന്ത് വേഷമാണെന്ന് ചോദിക്കുമ്പോള്‍ വേഷമെന്താണെന്ന് മാത്രം പറഞ്ഞ് തരും.

കൂടുതല്‍ കഥാപാത്രത്തെക്കുറിച്ച് ഞാന്‍ ചോദിക്കാറില്ല. അതിപ്പോള്‍ അറിയാന്‍ ആഗ്രഹമുണ്ടായാലും ചോദിക്കാറില്ല. അങ്ങനെ ചോദിച്ചാല്‍ ഇവന്‍ വേണ്ട അടുത്തയാളെ നോക്കാമെന്ന് അവര്‍ ചിന്തിച്ചാലോ എന്ന ഭയം ഉള്ളതുകൊണ്ടാണ് ചോദിക്കാത്തത്.

പക്ഷേ ഇനി കിട്ടുന്ന വേഷങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ ഉണ്ടാകണമെന്നൊരു ആഗ്രഹം എന്റെ മനസിലുണ്ട്. ഇനിയെങ്കിലും അങ്ങനെ കഥാപാത്രത്തെ നോക്കി ചെയ്തില്ലെങ്കില്‍ ഞാനൊക്കെയെന്ന് ചെയ്യാനാണ്.

കുറേ സിനിമകളില്‍ അഭിനയിക്കുക എന്നതിലുപരി കുറച്ച് നല്ല വേഷങ്ങളില്‍ അഭിനയിക്കുകയെന്നതാണ് എന്റെ ആഗ്രഹം,’ കോട്ടയം നസീര്‍ പറഞ്ഞു.

Content Highlight: Actor Kottayam Nazeer says that he has often been called to act when the actor found for the role says that he cannot come for the shoot

We use cookies to give you the best possible experience. Learn more