| Monday, 10th October 2022, 9:58 pm

ഞാന്‍ നല്ലൊരു നടനല്ലല്ലേ? അവന്‍ സൈലന്റായി മൂളിയപ്പോള്‍ എനിക്കാകെ സങ്കടമായി: കോട്ടയം നസീര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കലാഭവന്‍ ഷാജോണുമായി ഒരിക്കലുണ്ടായ അനുഭവത്തെക്കുറിച്ച് പറയുകയാണ് കോട്ടയം നസീര്‍. നല്ല കഥാപാത്രം ചെയ്യാനുള്ള അവസരം നസീറിന് ലഭിക്കുമെന്ന് ഷാജോണ്‍ മുന്നെ പറഞ്ഞിരുന്നു.

അന്ന് കലാഭവന്‍ ഷാജോണ്‍ പറഞ്ഞതിനുള്ള ഉത്തരമാണ് ഇപ്പോള്‍ നിസാം ബഷീറിന്റെ റോഷാക്കെന്നാണ് നസീര്‍ പറയുന്നത്. റോഷാക്കിന്റെ പ്രസ്മീറ്റിലാണ് നസീര്‍ തന്റെ സന്തോഷം പങ്കുവെച്ചത്.

”ചെയ്ത വേഷങ്ങള്‍ വിജയിക്കാതെ ആഗ്രഹിച്ചതൊന്നും കിട്ടാതെ മനസ് വിഷമിച്ചിരിക്കുമ്പോള്‍ നമുക്ക് ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിന്റെ മുന്നില്‍ നമ്മള്‍ ഏല്ലാ വിഷമവും തുറന്ന് പറയും. അവിടെ നിന്ന് കിട്ടുന്ന മറുപടിയാണ് പിന്നീട് അങ്ങോട്ടേക്കുള്ള സമയങ്ങളില്‍ നമുക്ക് ആശ്വാസം തരുക.

ഒരു ദിവസം കലാഭവന്‍ ഷാജോണുമായി റൂമിലിരിക്കുമ്പോള്‍ ഞാന്‍ നല്ലൊരു നടനല്ലല്ലേയെന്ന് ഷാജോണിനോട് ചോദിച്ചു. അവന്‍ സൈലന്റായി അതെയെന്ന് മൂളി. എനിക്കാകെ സങ്കടമായി അങ്ങനെയൊരു സുഹൃത്ത് ചെയ്യാന്‍പാടുണ്ടോ, ചോദിക്കണ്ടായിരുന്നു എന്നുപോലും ഞാന്‍ ചിന്തിച്ചു.

പിന്നെ ഞാന്‍ സൈലന്റായി നിന്നു. ഇതുകണ്ടിട്ട് ഷാജോണ്‍ അടുത്തേക്ക് വന്നു. ആരും നല്ല നടനല്ല ഇക്ക, നല്ല കഥയും കഥാപാത്രങ്ങളും ചെയ്യുമ്പോഴാണ് നമ്മള്‍ക്കും നല്ല അവസരം കിട്ടുന്നത്. ഇക്കയ്ക്കും അങ്ങനെയൊന്ന് വരുമെന്ന് അവന്‍ പറഞ്ഞു.

അതിനുള്ള ഉത്തരമാണ് ഇപ്പോള്‍ നിസാം ബഷീര്‍ എന്ന സംവിധായകന്‍ എനിക്ക് തന്നിരിക്കുന്നത്. സിനിമയില്‍ നല്ല കഥാപാത്രത്തെ അവതരിപ്പിക്കണം, തങ്ങളുടെ കഴിവ് പുറത്തെടുക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന നിരവധിയാളുകളുണ്ട്.

അവരെയെല്ലാം കണ്ടെത്താനും അവസരങ്ങള്‍ നല്‍കാനും സംവിധായകരും എഴുത്തുകാരും ഒരു ശ്രമം നടത്തണം. ഏത് കലാരുപമായാലും പുതിയ കലാകാരന്‍മാരും അവരുടെ പുതിയ ആശയങ്ങളുമുണ്ടെങ്കില്‍ മാത്രമാണ് ആ കലാരുപത്തിന് പുതുമയുണ്ടാകുകയുള്ളു.

അങ്ങനെ പുതിയ നടന്മാരെ കണ്ടെത്താനും അവര്‍ക്ക് നല്ല അവസരം കൊടുക്കാനും നിസാം ബഷീറിനെ പോലെയുള്ള സംവിധായകരുണ്ടാകട്ടെയെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്,” കോട്ടയം നസീര്‍ പറഞ്ഞു.

റോഷാക്കില്‍ ശശാങ്കന്‍ എന്ന കഥാപാത്രത്തെയാണ് നസീര്‍ അവതരിപ്പിക്കുന്നത്. നിഗൂഢതകളുടെ കൂമ്പാരം ഉള്ളിലൊളിപ്പിച്ച് അലസ രൂപത്തിലും ഭാവത്തിലും നടക്കുന്ന കഥാപാത്രമാണ് ശശാങ്കന്‍. വളരെ മികച്ച രീതിയിലാണ് ശശാങ്കനെന്ന കഥാപാത്രത്തെ നസീര്‍ അവതരിപ്പിക്കുന്നത്.

Content Highlight: Actor Kottayam Nazeer is talking about an experience he once had with Kalabhavan Shajon

We use cookies to give you the best possible experience. Learn more