| Thursday, 13th October 2022, 3:19 pm

കൊമേഡിയനാണെന്ന് പറയുമ്പോള്‍ അതിശയത്തോടെ നോക്കും, എന്റെ രൂപം കാണുമ്പോള്‍ വില്ലനായിരിക്കുമെന്നാകും അവര്‍ക്ക് തോന്നുക: കോട്ടയം നസീര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ കോമഡി കഥാപാത്രങ്ങളിലേക്ക് കാസ്റ്റ് ചെയ്യപ്പെടാനുള്ള കാരണം പറയുകയാണ് കോട്ടയം നസീര്‍. തന്റെ രുപം വില്ലന്‍ കഥാപാത്രങ്ങളുടെതാണെന്നും വിദേശത്തുപോയി താന്‍ കൊമേഡിയനാണെന്ന് പറയുമ്പോള്‍ എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ആളുകള്‍ അതിശയത്തോടെ നോക്കാറുണ്ടെന്നും റെഡ് എഫ്. എമ്മിനോട് നസീര്‍ പറഞ്ഞു.

”എന്നെയൊന്നും എന്താണ് കോമഡിയില്‍ നിന്ന് മാറിയുള്ള വേഷങ്ങളിലേക്ക് കാസ്റ്റ് ചെയ്യാത്തതെന്ന് ഞാന്‍ ആലോചിക്കാറുണ്ട്. ഞാന്‍ പല വിദേശരാജ്യങ്ങളിലും ഷോ ചെയ്യാനായി പോകാറുണ്ട്.

അവിടെ എമിഗ്രേഷനില്‍ ചെല്ലുമ്പോള്‍ എന്റെ കയ്യില്‍ ഒരുപാട് ട്രാവല്‍ ചെയ്തതിന്റെ പാസ്‌പോര്‍ട്ടുകളുണ്ടാകും. ഏകദേശം പത്തോളം പാസ്‌പോര്‍ട്ടുണ്ടാകും. ഇതെല്ലാം വാങ്ങിച്ച് അവര്‍ തിരിച്ചും മറിച്ചും നോക്കും. ഇതെല്ലാം കാണുമ്പോള്‍ അവര്‍ക്ക് തോന്നാം ഇയാളെന്തോ കൊള്ളാവുന്ന ആളാണെന്ന്.

ചോദിക്കുമ്പോള്‍ ആക്ടറാണെന്ന് ഞാന്‍ പറയും. അപ്പോള്‍ അവര്‍ ചോദിക്കും സിനിമയില്‍ എന്ത് റോളാണ് ചെയ്യുന്നതെന്ന്. എന്നെ കാണുമ്പോള്‍ അവര്‍ക്ക് തോന്നുക ഞാന്‍ വില്ലന്‍ കഥാപാത്രങ്ങളാണ് ചെയ്യുന്നതെന്നാണ്.

കൊമേഡിയനാണെന്ന് പറയുമ്പോള്‍ അവര്‍ അതിശയത്തോടെ എന്നെ മൊത്തത്തില്‍ നോക്കും. എന്റെ രൂപത്തിന് ഒരു കൊമേഡിയന്‍ ഒരിക്കലും ചേരില്ല അതുകൊണ്ടാണ് അവര്‍ക്ക് അതിശയം.

എന്റെ രൂപത്തിന് പറ്റിയ കഥാപാത്രങ്ങളിലല്ല ഞാനൊന്നും റോള്‍ ചെയ്യപ്പെട്ടിട്ടുള്ളത്. റോഷാക്കില്‍ അതില്‍ നിന്നൊക്കെ മാറിയ കഥാപാത്രത്തെ എനിക്ക് കിട്ടി. എന്റെ സുഹൃത്തുക്കളില്‍ കുറേ പേര്‍ സംവിധായകരുണ്ട് അവരൊന്നും എന്നെവെച്ച് പരീക്ഷണം നടത്താന്‍ തയ്യാറായില്ല എന്നൊന്നും ഞാന്‍ ചിന്തിക്കാറില്ല.

സിനിമയെ നമ്മള്‍ അങ്ങനെ നോക്കി കണ്ടിട്ട് കാര്യമില്ല. ഞാനെന്ത് കൊണ്ടാണ് സിനിമയില്‍ ശ്രദ്ധിക്കപ്പെടാതെ പോയി എന്ന് ചോദിച്ചാല്‍ ഭൂരിഭാഗം എന്റെ തെറ്റ് കൊണ്ടാകും.

ഞാന്‍ അന്ന് കൂടുതലും സ്‌റ്റേജ് പരിപാടികള്‍ക്കും മിമിക്രിക്കും പ്രാധാന്യം കൊടുത്തു. അങ്ങനെ സിനിമക്കപ്പുറം അതിലേക്ക് ഞാന്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള കാരണം സിനിമയില്‍ എനിക്ക് നല്ല അവസരങ്ങള്‍ കിട്ടുന്നില്ല എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ്. പിന്നെ സിനിമയില്‍ നിന്ന് കിട്ടുന്നതിലും കൂടുതല്‍ വരുമാനം എനിക്ക് ഷോസ് ചെയ്യുമ്പോള്‍ കിട്ടിയിരുന്നു.

എന്റെ കൂടെ വന്നവരെല്ലാം സിനിമയില്‍ എന്റെ മുകളിലെത്തിയിട്ടുണ്ടെങ്കില്‍ അതെല്ലാം അവരുടെ കഴിവുകൊണ്ടാണ്. സിനിമയെ അവര്‍ അത്രയും പാഷനോടെ സമീപിക്കുകയും അതിന് വേണ്ടി ഒരുപാട് ശ്രമിക്കുകയും ചെയ്തിട്ടുണ്ടാകും. അതുകൊണ്ടാണ് അവരെല്ലാം സിനിമയില്‍ എനിക്ക് മുകളിലെത്തിയതെന്ന് വിശ്വാസിക്കാനാണ് എനിക്ക് ഇഷ്ടം.

സിനിമ ഒരു കലാരൂപം എന്ന് പറയുന്നതിനൊപ്പം തന്നെ ഒരു ബിസിനസുകൂടിയാണ്. അതുകൊണ്ട് ആ സമയത്ത് വാല്യുബിളായ, പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള താരങ്ങളെ പരിഗണിക്കാനേ അവര്‍ നോക്കുകയുള്ളു. അതിപ്പോള്‍ ഞാന്‍ നാളെ സിനിമ ചെയ്യുമ്പോഴും അതൊക്കെയാണ് ചിന്തിക്കുക,” കോട്ടയം നസീര്‍ പറഞ്ഞു.

Content Highlight: Actor Kottayam Nazeer explains why he was cast in comedy roles.

We use cookies to give you the best possible experience. Learn more