പിഷാരടിയുമായുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീര്‍. പണ്ട് പല സ്‌റ്റേജ് ഷോകള്‍ക്കും തന്നെ സമീപിക്കുന്നവര്‍ക്ക് പിഷാരടിയെ പരിചയപ്പെടുത്താറുണ്ടെന്നും ഒരിക്കല്‍ സ്‌റ്റേജ് പരിപാടിക്കിടെ പിന്നില്‍ നിന്ന് ഒളിഞ്ഞ് നോക്കിയ പിഷാരടിയെ താന്‍ ഓടിച്ചുവിട്ടിരുന്നെന്നും മൈല്‍ സ്റ്റോണ്‍ മേക്കഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ കോട്ടയം നസീര്‍ പറഞ്ഞു.
”സിനിമയിലേക്കും മിമിക്രിയിലേക്കും വരുന്നതിന് മുമ്പ് പിഷാരടി എന്റെയൊരു പരിപാടി കാണാന്‍ വന്നിരുന്നു. അന്ന് നടന്ന ഒരു സംഭവത്തെക്കുറിച്ച് ഇപ്പോള്‍ പിഷാരടി തന്നെ ഇടയ്ക്ക് പറയാറുണ്ട്. അന്ന് എന്നെ ഓടിച്ചുവിട്ടതാണ് ഈ പുള്ളിയെന്ന് എന്നെക്കുറിച്ച് പിഷാരടി പറയും.
സ്‌ക്രീനിന്റെ സൈഡിലൊക്കെ വന്ന് അദ്ദേഹം എത്തിനോക്കുമായിരുന്നു. അതൊന്നും നമ്മള്‍ സ്‌റ്റേജില്‍ സമ്മതിക്കാറില്ല. അതിലൊക്കെ ഞങ്ങള്‍ക്ക് വലിയ ചിട്ടയാണ്. ഒരാള്‍ വന്ന് വെറുതെ എത്തിനോക്കാനൊന്നും ഞങ്ങള്‍ അനുവദിക്കില്ലായിരുന്നു. അങ്ങനെ പിഷാരടി വന്ന് എത്തിനോക്കിയപ്പോള്‍ ഞാന്‍ അവനെ വഴക്ക് പറഞ്ഞിട്ടുണ്ടെന്നാണ് പറയുന്നത്.
അന്നൊന്നും നമ്മള്‍ക്ക് അറിയില്ലാലോ ഇവന്‍ വളര്‍ന്ന് വാളുമായി നമ്മുടെ തലയ്ക്ക് മീതെ വരുമെന്ന്. ഇപ്പോഴും പരസ്പരം ബഹുമാനമുള്ള വ്യക്തിയാണ് പിഷാരടി.
ഇന്ന് കാണുന്ന നിലയിലേക്ക് വരുന്നതിനു മുമ്പ് എനിക്ക് ഒരുപാട് ഷോ വരുമായിരുന്നു. അന്ന് നമ്മുടെ പൈസ താങ്ങാന്‍ പറ്റാത്ത സംഘാടകര്‍ ചോദിക്കും ആരാണ് വേറെ സമീപിക്കാന്‍ പറ്റുന്ന ആളുള്ളതെന്ന്. അവരോട് ഞാന്‍ പറയാറുണ്ടായിരുന്നത് രമേഷ് പിഷാരടിയെക്കുറിച്ചായിരുന്നു.
അങ്ങനെ പിഷാരടിക്ക് ഒരുപാട് ഷോ കിട്ടി തുടങ്ങി. ചേട്ടന്‍ നല്ല റേറ്റ് എല്ലാവരോടും പറയണം ഒരിക്കലും റേറ്റിന്റെ കാര്യത്തില്‍ താഴരുതെന്ന് അവന്‍ എന്നോട് പറയും. കാരണം എന്നാലാണല്ലോ ആളുകള്‍ അവന്റെ അടുത്ത് പോവുകയുള്ളു.
ആദ്യം എനിക്ക് മനസിലായിരുന്നില്ല. ഇവന്‍ എന്താണ് ഇങ്ങനെ പറയുന്നതെന്ന് ഞാന്‍ വിചാരിക്കുമായിരുന്നു. പിന്നെ അവന്‍ തന്നെ പറഞ്ഞു ഞാന്‍ വിടുന്ന പരിപാടികളാണ് അവന് ലഭിക്കുന്നതെന്ന്. ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന കലാകാരനാണ് പിഷാരടി.
പിഷു അടിപൊളിയാണ്,നല്ല മിടുക്കന്‍ പെര്‍ഫോമറാണ്. പിഷാരടി തികഞ്ഞ മിമിക്രി ആര്‍ട്ടിസ്റ്റാണെന്ന് പറയാന്‍ പറ്റില്ല. പക്ഷേ അദ്ദേഹം നല്ലൊരു സ്റ്റാന്റപ്പ് കൊമേഡിയനാണ്.
അറിയാവുന്ന അനുകരണങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഒരു സ്‌റ്റേജ് എങ്ങനെ മാനേജ് ചെയ്യണമെന്ന് പിഷാരടിക്കറിയാം. മിമിക്രിക്കാരില്‍ കുറച്ചുകൂടെ വായനയും അറിവുമുള്ളയാളാണ് അദ്ദേഹം,” കോട്ടയം നസീര്‍ പറഞ്ഞു.
Content Highlight: Actor kottayam Nazeer About Ramesh pisharody