അടുത്തിടെയായിരുന്നു നെഞ്ചുവേദനയെ തുടര്‍ന്ന് നടന്‍ കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നത്തെ സാഹചര്യത്തെ കുറിച്ചും ഡോക്ടര്‍മാര്‍ തന്നോട് പറഞ്ഞ ചില കാര്യങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് കോട്ടയം നസീര്‍.
ഒപ്പം അവതാരകയും നടിയുമായ സുബി സുരേഷിന്റെ മരണവുമായി തന്റെ നെഞ്ചുവേദനയെ ചേര്‍ത്ത് വെച്ച് വന്ന മാധ്യമവാര്‍ത്തകളെ കുറിച്ചും മൂവീ വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കോട്ടയം നസീര്‍ സംസാരിക്കുന്നുണ്ട്.
‘എന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ എന്നോട് ചില കാര്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പറ്റുമെങ്കില്‍ അഭിമുഖങ്ങളില്‍ ഇക്കാര്യം പറയണമെന്നാണ് അവര്‍ പറഞ്ഞത്. നമുക്ക് ഇങ്ങനെ ഏതെങ്കിലും ഒരു പെയിന്‍ വരുമ്പോള്‍ അത് ഗ്യാസാണെന്നൊക്കെ പറഞ്ഞ് വെച്ചുകൊണ്ടിരിക്കാതെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തണമെന്നാണ് അവര്‍ പറഞ്ഞത്.
അങ്ങനെയാണെങ്കില്‍ ചികിത്സിച്ചുമാറ്റാവുന്ന കാര്യമേ എന്റെ കാര്യത്തിലൊക്കെ ഉണ്ടായിട്ടുള്ളൂ. ചെറിയൊരു പെയിന്‍ വന്നപ്പോള്‍ തന്നെ ഞാന്‍ ആശുപത്രിയില്‍ പോയി. അത് എന്റെ ഏറ്റവും നല്ല തീരുമാനമായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു. പലര്‍ക്കും മടിയാണ്. മാറുമെന്ന് പറഞ്ഞ് വെച്ചുകൊണ്ടിരിക്കുന്നതാണ് അബദ്ധമെന്നാണ് ഡോക്ടര്‍ പറഞ്ഞത്.
അന്ന് എനിക്ക് പേടിയൊന്നും തോന്നിയില്ല. പിന്നെ നമ്മള്‍ പല കാര്യങ്ങളും വായിക്കുകയും അറിയുകയും ചെയ്യുന്നുണ്ടല്ലോ. ഡോക്ടര്‍മാരുടെയൊക്കെ വീഡിയോകളും മറ്റും കാണുന്നുണ്ടല്ലോ. അതുകൊണ്ട് തന്നെ മനസുകൊണ്ട് പ്രിപ്പെയര്‍ ആയിരുന്നു. ഇതെങ്ങാനാണെങ്കില്‍ എന്ന തോന്നലില്‍ ആണ് ആശുപത്രിയില്‍ പോയേക്കാമെന്ന് തീരുമാനിക്കുന്നത്, കോട്ടയം നസീര്‍ പറഞ്ഞു.
സുബിയുടെ മരണവാര്‍ത്തയുമായി ബന്ധിപ്പിച്ചുള്ള വാര്‍ത്തകള്‍ ആ സമയത്ത് വന്നിരുന്നല്ലോ എന്ന ചോദ്യത്തിന് അത്തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നെന്നും ഞാന്‍ സുബിയുടെ വീട്ടില്‍ നില്‍ക്കുന്ന ഫോട്ടോ ഉള്‍പ്പെടെ നല്‍കിയാണ് വാര്‍ത്ത വന്നതെന്നും കോട്ടയം നസീര്‍ പറഞ്ഞു.
സുബി എത്രയോ വര്‍ഷമായി നമ്മുടെയൊപ്പം ഉണ്ടായിരുന്ന ആളാണ്. സുബി ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത് ഞാന്‍ പ്രൊഡ്യൂസ് ചെയ്ത അപരന്‍മാര്‍ നഗരത്തില്‍ എന്ന ചിത്രത്തിലാണ്. അന്ന് തൊട്ടേ നമുക്കൊപ്പം പ്രവര്‍ത്തിച്ച കലാകാരിയാണ്. തീര്‍ച്ചയായും സുബിയുടെ വിയോഗത്തില്‍ വലിയ വിഷമം ഉണ്ടായിരുന്നു. പക്ഷേ ഇത് അതുകൊണ്ടൊന്നും ആയിരുന്നില്ല.
നമ്മുടെ ദിനചര്യകള്‍ കൊണ്ടൊക്കെ വന്നതായിരിക്കാം. പിന്നെ ഡോക്ടര്‍ എന്നോട് പറഞ്ഞത് റോഡിലൂടെ പോകുന്ന ആരെ വിളിച്ച് പരിശോധിച്ചാലും മിനിമം മൂന്ന് ബ്ലോക്കെങ്കിലും അവര്‍ക്കുണ്ടാകുമെന്നാണ്. ഞാന്‍ ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ ഷൂട്ടിന് പോയി തുടങ്ങി. അല്ലെങ്കില്‍ എല്ലാവരും എന്നെ പിടിച്ച് ഷെഡ്ഡിലാക്കുമെന്ന് എനിക്കറിയാം (ചിരി).
നമ്മള്‍ ഇത്രയും കാലം സിനിമയില്‍ നിന്നിട്ട് ഇപ്പോഴാണ് മനസില്‍ ആഗ്രഹിക്കുന്ന വേഷങ്ങള്‍ കിട്ടിത്തുടങ്ങുന്നത്. അപ്പോള്‍ ഇങ്ങനെ ഒരു അസുഖമാണെന്നും ആശുപത്രിയിലാണെന്നുമൊക്കെ വന്ന് തുടങ്ങിയാല്‍ അത് വേറൊരു റൂട്ടിലായിപ്പോകും. അതുകൊണ്ട് തന്നെ ഡോക്ടറോട് അനുവാദം വാങ്ങി ഷൂട്ടിന് പോകുകയായിരുന്നു. പിന്നെ ഒരുപാട് പേരുടെ പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു, കോട്ടയം നസീര്‍ പറഞ്ഞു.
ജാനകീ ജാനെയാണ് കോട്ടയം നസീറിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രത്തില്‍ രാഷ്ട്രീയക്കാരനായാണ് കോട്ടയം നസീര്‍ എത്തുന്നത്.
കഥ പറയുമ്പോള്‍, ബാവൂട്ടിയുടെ നാമത്തില്‍, റൊഷാക്ക് തുടങ്ങി ചുരുക്കം ചില ചിത്രങ്ങൡലാണ് മികച്ച കഥാപാത്രങ്ങള്‍ ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചത്. റൊഷാക്കിന് ശേഷമായിരിക്കും തമാശയല്ലാത്ത ചില വേഷങ്ങള്‍ എനിക്ക് നല്‍കാമെന്ന് ചിലര്‍ക്കെങ്കിലും
തോന്നുന്നത്. രാഷ്ട്രീയക്കാരന്റെ വേഷമാണ്. അത്ര തമാശയുള്ള കഥാപാത്രമല്ല. നല്ലൊരു വേഷമാണ്. പ്രിവ്യൂ കണ്ട ശേഷം നവ്യയടക്കം എന്നെ വിളിച്ചിരുന്നു. ഇക്കയുടെ വേഷമാണ് ഏറെ ഇഷ്ടപ്പെട്ടതെന്ന് പറഞ്ഞു. അതൊക്കെ നല്‍കുന്ന ഒരു ആത്മവിശ്വാസമുണ്ട്’, കോട്ടയം നസീര്‍ പറഞ്ഞു.
Content Highlight: Actor Kottayam Nazeer about his health condition and New Movies