| Tuesday, 11th October 2022, 5:20 pm

ഇതാണ് എന്റെ നല്ല സമയം,ഇപ്പോഴാണ് എന്റെ രൂപം കഥാപാത്രത്തിനായി ഒരുങ്ങിയത്: കോട്ടയം നസീര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആരോടും വാശിയും ദേഷ്യവുമില്ലെന്നും കൂടെ സിനിമയിലെത്തിയവരെല്ലാം നന്നായി കഷ്ടപ്പെട്ടതുകൊണ്ടാണ് അവര്‍ ശ്രദ്ധിക്കപ്പെട്ടതെന്ന് പറയുകയാണ് കോട്ടയം നസീര്‍. ഇപ്പോഴാണ് അനുകരണം വിട്ട് അഭിനയത്തേക്കുറിച്ച് താന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്നും മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ കോട്ടയം നസീര്‍ പറഞ്ഞു.

”എന്തുകൊണ്ടാണ് കൂടെ വന്ന പലരും രക്ഷപ്പെട്ടിട്ടും നിങ്ങള്‍ സിനിമയില്‍ ശ്രദ്ധിക്കപ്പെടാതെ പോയതെന്ന് എന്നോട് പലരും ചോദിക്കാറുണ്ട്. എനിക്ക് അവരോടെല്ലാം ഒന്നേ പറയാനുള്ളു, എന്നെക്കാള്‍ ഉപരി അവര്‍ സിനിമയെ സമീപിച്ചിരുന്നു അതുകൊണ്ടാണ് അവരൊക്കെ ജീവിതത്തില്‍ രക്ഷപ്പെട്ടത്. അവര്‍ അധ്വാനിക്കാന്‍ തയ്യാറായിരുന്നു എന്നതാണ് അതിന്റെ ഉത്തരം.

അങ്ങനെയാളുകള്‍ ചോദിക്കുമ്പോള്‍ എനിക്ക് ഒരു വിഷമവും ഉണ്ടായിട്ടില്ല. അടുത്തിടെ അവാര്‍ഡ് നൈറ്റ് നടന്നപ്പോള്‍ അതില്‍ ഷാജോണിന് ഒരു അവാര്‍ഡ് ലഭിച്ചിരുന്നു. അവാര്‍ഡ് ഞാന്‍ അവനുകൊടുക്കട്ടെയെന്ന് അതിന്റെ സംഘാടകരോട് ചോദിച്ചു. അവര്‍ അനുമതി തന്നിട്ട് ഞാനാണ് ഷാജോണിന് അവാര്‍ഡ് കൊടുത്തത്.

അതുപോലെ മുകേഷ് കുഞ്ഞുമോനെന്ന പുതിയകാലത്തെ മിമിക്രി കലാകാരന് എന്നോട് ഒരുമിച്ച് ദുബായില്‍ ഷോ ഉണ്ടായിരുന്നു. സംഘാടകര്‍ വേറെ ആങ്കറിനെയാണ് അദ്ദേഹത്തെ ക്ഷണിക്കാനായി വച്ചിരുന്നത്, എന്നാല്‍ ഞാന്‍ ക്ഷണിക്കാമെന്ന് അവരോട് പറഞ്ഞു. അദ്ദേഹത്തെ ഞാനാണ് സ്റ്റേജിലേക്ക് ക്ഷണിച്ചത്.

നമ്മളെന്തിനാണ് ഒരാളോട് ദേഷ്യവും വാശിയൊക്കെ വെക്കുന്നത്. നമുക്ക് എന്താണോ വിധിച്ചത് അതാണ് നമുക്ക് ലഭിക്കുക. എന്നോട് എല്ലാവരും പറയാറുണ്ട് നിങ്ങള്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ സമയം ഒരുപാട് വൈകിപ്പോയെന്ന്. എനിക്ക് അവരോട് പറയാനുള്ളത് ഇതാണ് എന്റെ നല്ല സമയമെന്നാണ്. കാരണം ഇപ്പോഴാണ് എന്റെ രൂപം കഥാപാത്രത്തിനായി ഒരുങ്ങിയത്.

ഇത്രയും കാലം അനുകരണങ്ങളിലായിരുന്നു എന്റെ ശ്രദ്ധ. ഇപ്പോഴാണ് സിനിമയെയും അഭിനയത്തെയുമെല്ലാം ഞാന്‍ ശ്രദ്ധിക്കുന്നത്.

പണ്ട് ആളുകളെ ഞാന്‍ നോക്കി പഠിക്കുമായിരുന്നു, അവരെ അനുകരിക്കാന്‍ വേണ്ടി. എന്നാല്‍ ഇപ്പോള്‍ ഞാന്‍ അതിന് ശ്രമിക്കാറില്ല. കാരണം അതുവീണ്ടും മിമിക്രിയിലേക്ക് എന്നെ കൊണ്ടെത്തിക്കുമെന്ന ഭയമാണെനിക്ക്,” കോട്ടയം നസീര്‍ പറഞ്ഞു.

Content Highlight: Actor Kottayam Nazeer about his film struggle

We use cookies to give you the best possible experience. Learn more