| Monday, 10th October 2022, 6:45 pm

റോഷാക്കിലേക്ക് വിളിച്ചില്ലായിരുന്നെങ്കില്‍ ജീവിക്കാന്‍ പെയിന്റിങിന് പോകാമെന്ന് കരുതിയിരിക്കുകയായിരുന്നു : കോട്ടയം നസീര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു സിനിമ നടനെന്ന നിലയില്‍ തനിക്ക് കിട്ടിയ അംഗീകാരമാണ് റോഷാക്കിലെ കഥാപാത്രമെന്ന് പറയുകയാണ് കോട്ടയം നസീര്‍. ഈ സിനിമയിലേക്ക് വിളിച്ചില്ലായിരുന്നെങ്കില്‍ പെയിന്റിങിന് പോകാമെന്ന് കരുതിയിരിക്കുകയായിരുന്നെന്നും റോഷാക്കിന്റെ വിജയത്തോടനുബന്ധിച്ച് നടത്തിയ പ്രസ് മീറ്റില്‍ നസീര്‍ പറഞ്ഞു.

”മിമിക്രിയില്‍ എനിക്ക് എന്റെതായ സ്‌പേസ് ഉണ്ടായിരുന്നു. കൊവിഡ് രണ്ട് വര്‍ഷം വന്നപ്പോള്‍ സ്‌റ്റേജും കാര്യങ്ങളും വിട്ട് വീട്ടിലിരിക്കേണ്ടി വന്നു. ഇനി എന്തിനാണ് പുതിയ താരങ്ങളെ പഠിക്കുന്നത്, എവിടെ ചെന്ന് കളിക്കാനാണെന്നൊക്കെ ഞാന്‍ ചിന്തിച്ചുപോയി.

രണ്ട് കൊല്ലം ഒരു പരിപാടിയുമില്ല. ആ സമയത്താണ് മിമിക്രിയിലേക്ക് പുതിയ പിള്ളേര് വന്നത്. നമ്മളെ അത്ഭുതപ്പെടുത്തികൊണ്ട് അവരുവന്ന് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നു. അപ്പോഴാണ് എക്‌സ്‌പൈറി കഴിഞ്ഞുവെന്ന് ഞാന്‍ മനസിലാക്കുന്നത്.

സിനിമയിലും ശക്തമായി ഒന്നും ആകാന്‍ പറ്റുന്നില്ല, മിമിക്രിയിലേക്ക് ഇനി തിരിച്ചുപോയിട്ടും കാര്യമില്ല എന്നൊരു തിരിച്ചറിവ് വന്നതോടെ ഇതെല്ലാം അവസാനിപ്പിച്ച് പെയിന്റിങിന് പോകാമെന്ന് ഞാന്‍ കരുതി.

അവിടെയങ്ങനെ ആരും പെട്ടെന്ന് കൈവെക്കില്ല. കാരണം കുറച്ച് പണിയുള്ള പണിയാണ് പെയ്ന്റിങ്. അങ്ങനെയെല്ലാം മനസില്‍ കരുതി ഒതുങ്ങിയങ്ങ് മാറാമെന്ന് കരുതിയപ്പോഴാണ് ഇങ്ങനെയൊരു അവസരം കിട്ടിയത്. ഇതെനിക്ക് വലിയ പ്രതീക്ഷയാണ്.

സിനിമയില്‍ ഒരു ക്യാരക്ടര്‍ വേഷം ചെയ്തതിന്റെ പേരില്‍ ഞാന്‍ ഇപ്പോഴാണ് അഭിനന്ദിക്കപ്പെടുന്നത്. നടനെന്ന നിലയിലെ അംഗീകാരവും സ്‌നേഹവും ലഭിക്കുന്നത് ആദ്യമായിട്ടാണ്. ഇങ്ങനെയൊരു വേഷത്തിലേക്ക് വിളിച്ചതിന്റെ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല,” നസീര്‍ പറഞ്ഞു.

മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രത്തില്‍ ഷറഫുദ്ദീന്‍, സഞ്ജു ശിവറാം, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.

കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് റോഷാക്ക്. അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Content Highlight: Actor Kottayam Naseer said that Had  not been called to Roschach, he would have had to go to painting for a living.

We use cookies to give you the best possible experience. Learn more