ഒപ്പം കയ്യടിച്ചു നില്‍ക്കുന്നവരെയാണ് വടിവേലു പിന്തുണക്കാറുള്ളതെന്ന് നടന്‍ കൊട്ടാച്ചി. ഫ്രണ്ട്‌സ് എന്ന ചിത്രത്തില്‍ തനിക്ക് അവസരം ലഭിച്ചത് സംവിധായകന്‍ സിദ്ദീഖ് വിളിച്ചിട്ടാണെന്നും വടിവേലു തനിക്ക് അത്തരത്തില്‍ ഒരു അവസരവും വാങ്ങി നല്‍കിയിട്ടില്ലെന്നും കൊട്ടാച്ചി പറഞ്ഞു. വിവേകിന്റെ സ്വഭാവം ഇതിനെതിരായിരുന്നുവെന്നും വടിവേലുവിന്റെ ഗ്രൂപ്പിലുള്ളവര്‍ക്ക് പോലും അദ്ദേഹം റോള്‍ മേടിച്ചുകൊടുത്തിരുന്നുവെന്നും ആഗയം സിനിമാസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കൊട്ടാച്ചി പറഞ്ഞു.
‘വടിവേലുവിന് ഒരു ടീമുണ്ട്. അതില്‍ ആരൊക്കെ കയ്യടിക്കുവോ അവരെയൊക്കെ ഒപ്പം നിര്‍ത്തും. ഫ്രണ്ട്‌സ് എന്ന സിനിമയിലേക്ക് സിദ്ദീഖ് സാര്‍ വിളിച്ചതുകൊണ്ടാണ് എനിക്ക് അഭിനയിക്കാന്‍ പറ്റിയത്. വടിവേലു സാറാണെങ്കില്‍ എന്നെ വിളിക്കുമായിരുന്നോ? അദ്ദേഹം എന്നെ വിളിക്കില്ല. അദ്ദേഹത്തെക്കാളും ഒരു രംഗത്തില്‍ നമ്മള്‍ സ്‌കോര്‍ ചെയ്താല്‍ ഒന്നുകൂടി ടേക്ക് എടുക്കാമെന്ന് പറയും. ടേക്കെടുക്കുമ്പോള്‍ നമ്മള്‍ ചെയ്തത് അതില്‍ പൊയ്‌പ്പോവും.
വിവേക് സാറിന്റെ ഗ്രൂപ്പിലുള്ള ആര്‍ക്കും വടിവേലു സാര്‍ വിളിച്ച് റോള്‍ കൊടുക്കാറില്ല. എന്നാല്‍ വടിവേലു സാറിന്റെ ഗ്രൂപ്പിലെ ആളുകള്‍ക്ക് വിവേക് സാര്‍ റോള്‍ കൊടുത്തിട്ടുണ്ട്. വിവേക് സാര്‍ നല്ലൊരു നടനാണ്. മറ്റുള്ളവര്‍ എങ്ങനെ ജീവിക്കുന്നു എന്നുകൂടി നോക്കുന്ന ആളാണ് അദ്ദേഹം. വടിവേലു സാര്‍ അങ്ങനെയൊന്നും ചിന്തിക്കുന്ന ആളല്ല. എന്നെക്കൊണ്ട് ഒരു ഗുണം മറ്റൊരാള്‍ക്ക് കിട്ടട്ടെ എന്ന് വിചാരിക്കില്ല. വിവേക് സാര്‍ അങ്ങനെ ചിന്തിക്കും.
വിവേക് സാറിനെ എനിക്ക് മറക്കാനാവില്ല. ഒരുപാട് കുട്ടികള്‍ക്ക് പഠിക്കാനുള്ള ഫീസ് അദ്ദേഹമാണ് അടച്ചിരുന്നത്. ആരും അറിയാതെ ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് എന്തൊക്കെ കഷ്ടപ്പാടുകള്‍ ഉണ്ടെങ്കിലും അത് പുറത്ത് കാണിക്കില്ല,’ കൊട്ടാച്ചി പറഞ്ഞു.
ജൂനിയര്‍ ആര്‍ടിസ്റ്റായി വന്ന് ചെറിയ ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് കൊട്ടാച്ചി. ഫ്രണ്ട്‌സ്, ബദ്രി, ഭഗവതി, യൂത്ത്, വസീഗര, കുരുവി, സുറ മുതലായ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Content Highlight: actor kottachy talks about vadivelu and vivek