പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ഹൃദയം ഏറെ പ്രശംസകളേറ്റുവാങ്ങിക്കൊണ്ട് മുന്നേറുകയാണ്. തിയേറ്ററില്‍ ഉജ്വല വിജയം നേടിയ ചിത്രം ഒ.ടി.ടിയിലും റിലീസ് ചെയ്തിരുന്നു.
പ്രണവിന്റെ കരിയറില്‍ വഴിത്തിരിവായ ചിത്രം കൂടിയാണ് ഹൃദയം. താരപുത്രന്‍ എന്ന ലേബലില്‍ നിന്നും ഒരു നടന്‍ എന്ന ലേബലിലേക്ക് പ്രണവിനെ പറിച്ചു നട്ടതും ഹൃദയത്തിലൂടെയായിരുന്നു.
ഇപ്പോഴിതാ പ്രണവിനെ വിമര്‍ശനപൂര്‍വം നിരൂപിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിനിമാ-സീരിയല്‍ താരമായ കൊല്ലം തുളസി. പ്രണവിനെ കാണുമ്പോള്‍ ഒരു കൊച്ചുകുട്ടിയെ ആണ് ഓര്‍മ വരുന്നതെന്നും മോഹന്‍ലാല്‍ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കും പോലെയാണ് സിനിമയിലേക്ക് നിര്‍ബന്ധിച്ച് വിടുന്നതെന്നുമാണ് കൊല്ലം തുളസി പറയുന്നത്.
മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.
‘പ്രണവിന്റെ സിനിമ ഞാന്‍ കണ്ടിട്ടുണ്ട്. കാളിദാസിന്റെ സിനിമ ഞാന്‍ കണ്ടിട്ടില്ല. മമ്മൂട്ടിയുടെ മകന്റെ സിനിമ കണ്ടിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ സിനിമയും കണ്ടിട്ടുണ്ട്.
ഇവരുടെ കഴിവില്‍ എനിക്കേറ്റവും അപ്രിസിയേഷന്‍ തോന്നിയിട്ടുള്ളത് ഫഹദ് ഫാസിലിന്റെ കാര്യത്തിലാണ്. എനിക്ക് നല്ല നടനെന്ന് തോന്നിയിട്ടുള്ളത് ഫഹദ് ഫാസിലിനെയാണ്. മറ്റുള്ളവരേക്കാള്‍ റേഞ്ച് ഉളള നടനായിട്ടാണ് ഫഹദ് ഫാസിലിനെ തോന്നിയിട്ടുള്ളത്.
മമ്മൂട്ടിയുടെ മകന്‍ ആണെന്നുള്ള കാര്യം ദുല്‍ഖര്‍ തെളിയിച്ചു. കഴിവുള്ള നടനാണെന്ന് തെളിഞ്ഞു. മമ്മൂട്ടിയുടെ ഒപ്പമെത്താനുള്ള സമയം വരട്ടെ.
പ്രണവിനെ കാണുമ്പോള്‍ എനിക്ക് വിഷമമാണ് തോന്നുന്നത്. അവനെ കാണുമ്പോള്‍ കൊച്ചു നേഴ്‌സറി കുട്ടിയെയാണ് ഓര്‍മ വരുന്നത്. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ മോഹന്‍ലാലും സുചിത്രയും നിര്‍ബന്ധിച്ച് ചെയ്യിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്.
അവന്റെ മുഖത്ത് തന്നെ ഒരു ഇന്നസെന്റ് ലുക്കാണ്. പക്ഷെ പുള്ളി കഴിവുള്ള നടനാണ്. വളര്‍ന്നു വരും, പക്ഷേ ഒരു കാലഘട്ടം കഴിയണം.’ അദ്ദേഹം പറയുന്നു.