| Saturday, 3rd December 2022, 4:16 pm

നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു. 68 വയസായിരുന്നു. വീട്ടില്‍ ഉച്ചഭക്ഷണം കഴിക്കുന്ന സമയത്ത് അദ്ദേഹത്തിന് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം ഇളപ്പഴഞ്ഞിയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ മൃതശരീരം ഉള്ളത്. വലിയവിളയിലാണ് കൊച്ചുപ്രേമന്റെ വസതി.

കെ.എസ്. പ്രേം കുമാര്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. 1979ല്‍ റിലീസ് ചെയ്ത ഏഴുനിറങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. പൃഥ്വിരാജ് ചിത്രം കടുവ, ഒരു പപ്പടവട പ്രേമം എന്നീ ചിത്രങ്ങളാണ് ഒടുവില്‍ അദ്ദേഹം അഭിനയിച്ച് പുറത്തിറങ്ങിയത്.

1955 ജൂണ്‍ ഒന്നിന് തിരുവനന്തപുരത്തെ പേയാട് എന്ന ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. കളരാമത്തില്‍ ശിവരാമന്‍ ശാസ്ത്രിയും ടി.എസ് കമലയുമാണ് മാതാപിതാക്കള്‍. അദ്ദേഹത്തിന് ആറ് സഹോദരങ്ങളുണ്ട്.

തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജില്‍ നിന്ന് കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കൊച്ചുപ്രേമന്‍ കാളിദാസ കലാകേന്ദ്രം, കേരള തിയേറ്റേഴ്‌സ്, സംഘചേതന തുടങ്ങിയ നാടക ട്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന കാലഘട്ടില്‍ തന്നെ നായകത്തില്‍ സജീവമായിരുന്നു. സ്‌കൂള്‍ പഠനകാലത്ത് നാടകം എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. ആകാശവാണിയിലെ ഇതളുകള്‍ എന്ന പരിപാടിയിലൂടെ കൊച്ചുപ്രേമന്റെ നാടകങ്ങള്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്.

സ്‌കൂള്‍ പഠനത്തിന് ശേഷം ജഗതി എന്‍.കെ. ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നായകത്തില്‍ അദ്ദേഹം അഭിനയിച്ചു. ഇതിന് ശേഷം ഗായത്രി തിയേറ്ററിന്റെ അനാമിക എന്ന നാടകത്തില്‍ അഭക്ഷിനയിച്ചു. സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങി പത്തോളം നാടക സമിതികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.

പിന്നീട് സിനിമാ രംഗത്തേക്ക് കടക്കുകയായിരുന്നു. 1996ല്‍ പുറത്തിറങ്ങിയ രാജസേനന്‍ ചിത്രം ദില്ലിവാലാ രാജമകുമാരന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ മേഖലയില്‍ ശ്രദ്ധ നേടുന്നത്. പട്ടാഭിഷേകം, ഓര്‍ഡിനറി, ചതിക്കാത്ത ചന്തു, ചോട്ടാ മുംബൈ, ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1984ല്‍ നടി ഗിരിജയെ അദ്ദേഹം വിവാഹം കഴിച്ചു. മകന്‍ പി.ജി. ഹരികൃഷ്ണന്‍.

Content Highlight: Actor Kochupreman passed away

We use cookies to give you the best possible experience. Learn more