നടീനടന്മാര്‍ക്കൊപ്പം ഞാനും ഗമയില്‍ ഭക്ഷണം കഴിക്കാനിരുന്നു; അപ്പുറവും ഇപ്പുറവും ഇരുന്നവര്‍ക്ക് വിളമ്പി, പക്ഷേ എനിക്ക് വിളമ്പിയില്ല: ദുരനുഭവം പങ്കുവെച്ച് കൊച്ചുപ്രേമന്‍
Movie Day
നടീനടന്മാര്‍ക്കൊപ്പം ഞാനും ഗമയില്‍ ഭക്ഷണം കഴിക്കാനിരുന്നു; അപ്പുറവും ഇപ്പുറവും ഇരുന്നവര്‍ക്ക് വിളമ്പി, പക്ഷേ എനിക്ക് വിളമ്പിയില്ല: ദുരനുഭവം പങ്കുവെച്ച് കൊച്ചുപ്രേമന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 26th October 2022, 11:59 am

1980കളില്‍ മലയാള സിനിമയിലെത്തിയ നടനാണ് കൊച്ചുപ്രേമന്‍. കോമഡി വേഷങ്ങളിലൂടെ ശ്രദ്ധേയനായ കൊച്ചുപ്രേമന്‍ വലുതും ചെറുതുമായ നൂറ് കണക്കിന് വേഷങ്ങള്‍ അഭ്രപാളിയില്‍ പകര്‍ന്നാടികഴിഞ്ഞു. നാടകത്തിലൂടെ സിനിമയിലെത്തിയ അദ്ദേഹം ഇന്നും മലയാള സിനിമയില്‍ സജീവമാണ്. പുതിയ തലമുറയിലെ സംവിധായകരുടെ ചിത്രത്തിലും പഴയ സംവിധായകരുടെ ചിത്രത്തിലുമെല്ലാം കൊച്ചുപ്രേമന് ഇന്നും വേഷമുണ്ട്. നര്‍മത്തിന്റെ മേമ്പടിയില്‍, പ്രത്യേക താളത്തില്‍ ഡയലോഗുകള്‍ പറയുന്ന കൊച്ചുപ്രമേന്‍ സ്റ്റൈലിന് അന്നും ഇന്നും ആരാധകരേറെയൊണ്.

സിനിമാസെറ്റില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെ കുറിച്ച് തുറന്നുസംസാരിക്കുകയാണ് കൊച്ചുപ്രേമന്‍. കരിയറിന്റെ തുടക്കകാലത്ത് തന്നെ വിഷമിപ്പിച്ച ഒരു അനുഭവത്തെ കുറിച്ചാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ കൊച്ചുപ്രേമന്‍ സംസാരിക്കുന്നത്.

‘ ആദ്യസിനിമയില്‍ കോമഡി വേഷമായിരുന്നു എനിക്ക്. ബഹദൂര്‍ക്കയൊക്കെയുണ്ട്. കോമഡി ചെയ്ത് കൈയടി വാങ്ങി. എങ്കിലും എന്റെ റോളൊക്കെ ഷൂട്ട് ചെയ്ത് കഴിഞ്ഞ് ലൊക്കേഷനില്‍ എത്തിയപ്പോഴുണ്ടായ ഒരനുഭവം ചിന്തിപ്പിക്കുന്നതായിരുന്നു.

അതുവരെ സെറ്റില്‍ നിന്ന് കാറ് വന്ന് എന്നെ കൊണ്ടുപോകുമായിരുന്നു. എന്നാല്‍ എന്റെ ഷൂട്ട് തീര്‍ന്ന് രണ്ടു ദിവസം കഴിഞ്ഞ് ഞാന്‍ സെറ്റിലെത്തിയപ്പോള്‍ ‘എന്തിനാ ഇനിയും വന്നത്’ എന്ന മട്ടില്‍ അവിടുത്തെ സെക്യൂരിറ്റി വരെ എന്നെ ചോദ്യം ചെയ്യാന്‍ തുടങ്ങി. അവിടെ പ്രൊഡക്ഷന്‍ ഫുഡ് തമിഴ് സ്റ്റൈലിലാണ്. സാമ്പാര്‍സാദം, തൈര് സാദം തുടങ്ങിയവയൊക്കെ.

നടീനടന്മാര്‍ക്കൊപ്പം ഞാനും ഗമയില്‍ കഴിക്കാന്‍ കയറിയിരുന്നു. പക്ഷേ പന്തിയില്‍ എനിക്കപ്പുറവും ഇപ്പുറവും ഇരുന്നവര്‍ക്ക് വിളമ്പിയെങ്കിലും എനിക്ക് മാത്രം വിളമ്പിയില്ല. അവിടെ ഉണ്ടായിരുന്ന ആരും വിളമ്പാനും പറഞ്ഞില്ല. കുറച്ചുനേരം അവിടെ വെറുതെയിരുന്ന് ഞാന്‍ പുറത്തിറങ്ങിപ്പോന്നു.

സെറ്റിലുള്ളവര്‍ക്ക് മാത്രം ഭക്ഷണം കൊടുക്കുന്ന രീതിയായിരുന്നു അന്ന്. എണ്ണം കൃത്യമാക്കി മാത്രമേ കൊടുക്കുകയുള്ളൂ. എന്നാല്‍ ഇന്ന് കഥ മാറി. സെറ്റില്‍ പ്രൊഡക്ഷന്‍ ഫുഡ് ആവശ്യത്തിന് കിട്ടും. പന്തിഭേദമില്ലാതെ എല്ലാവര്‍ക്കും ഒരേ ഭക്ഷണമായിരിക്കും. നായകന്‍ കഴിക്കുന്ന ഭക്ഷണം തന്നെയായിരിക്കും പ്രൊഡക്ഷന്‍ ബോയിക്കും,’ കൊച്ചുപ്രേമന്‍ പറഞ്ഞു.

സീരിയലും സിനിമകളും ഇന്നും ഒരുമിച്ച് കൊണ്ടുപോകുന്ന ആളാണ് താനെന്നും പുതിയ സംവിധായകരുടെ ചിത്രത്തിലും വേഷം കിട്ടുന്നു എന്നത് സന്തോഷമുള്ള കാര്യമാണെന്നും കൊച്ചുപ്രേമന്‍ അഭിമുഖത്തില്‍ പറഞ്ഞു. ന്യൂജെന്‍ സിനിമയില്‍ അമ്മയും അച്ഛനും ബന്ധുക്കളും ഒന്നും ഇല്ല എന്നൊരു പരാതി കേള്‍ക്കാറുണ്ട്. എന്നാല്‍ പല പ്രായത്തിലുള്ള പല തരത്തിലുള്ള ആളുകളുണ്ട്. എനിക്ക് പറ്റിയ ഒത്തിരി റോളുകള്‍ കിട്ടിയിട്ടുമുണ്ട്.

ഇപ്പോള്‍ വിനീത് ശ്രീനിവാസന്‍ നായകനാകുന്ന തങ്കം എന്ന സിനിമയിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കോയമ്പത്തൂരാണ് ചിത്രത്തിന്റെ ഷൂട്ടിങ്. ബിജു മേനോനൊക്കെയുണ്ട് ചിത്രത്തില്‍. ഷൂട്ടിങ് തീര്‍ന്നിട്ടില്ല, കൊച്ചു പ്രേമന്‍ പറഞ്ഞു.

Content Highlight: Actor Kochu Preman Share a Bad Experiance he faced on Movie set

Repost