കന്നടയില്‍ ബോക്‌സ് ഓഫീസ് കളക്ഷനുകള്‍ ഭേദിച്ച് മുന്നേറുന്ന കാന്താര വിവാദങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്. ദക്ഷിണ കര്‍ണാടകയിലെ പ്രചാരത്തിലുള്ള ഭൂത കോലങ്ങളുടെ പാരമ്പര്യത്തെ ഹിന്ദു വിശ്വാസങ്ങളുടെ ഭാഗമായി അവതരിപ്പിക്കാനുള്ള ശ്രമമാണ് കാന്താര നടത്തിയിരിക്കുന്നതെന്ന വിമര്‍ശനമാണ് പല കോണുകളില്‍ നിന്നും ഉയരുന്നത്.
ഭൂത കോലങ്ങളിലൊന്നായ പഞ്ചുരുളി(കാട്ടുപന്നി)യെ വിഷ്ണുവിന്റെ അവതാരങ്ങളിലൊന്നായ വരാഹത്തോട് ഉപമിച്ചുകൊണ്ടാണ് സിനിമ കഥ പറയുന്നത്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ സംവിധായകനും നായകനുമായി ഋഷഭ് ഷെട്ടി ഭൂത സങ്കല്‍പം ഹിന്ദു വിശ്വാസത്തിന്റെ ഭാഗമാണെന്ന് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ തീവ്രവലതുപക്ഷ വിഭാഗക്കാരും ഹിന്ദുത്വവാദികളും ഋഷഭ് ഷെട്ടിയുടെ പ്രസ്താവനക്ക് പിന്നാലെ ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തുകയായിരുന്നു. വിവേക് അഗ്നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സിനൊപ്പമായിരുന്നു പലരും കാന്താരക്ക് സ്ഥാനം നല്‍കിയിരുന്നത്.
എന്നാല്‍ ഹിന്ദു ബ്രാഹ്മണ വിശ്വാസങ്ങളുടെ ഭാഗമല്ല ഭൂതങ്ങളെന്നും വേദിക് പിരിയഡിന് മുമ്പ് തന്നെ നിലനിന്നിരുന്ന ഇവ വാമൊഴി പാരമ്പര്യങ്ങളെയാണ് സംരക്ഷിച്ചു പോരുന്നതെന്നും ചരിത്രകാരന്മാരും സാമൂഹ്യ പ്രവര്‍ത്തകരും തെളിവുകള്‍ നിരത്തി ചൂണ്ടിക്കാട്ടിയിരുന്നു.
ഇപ്പോള്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ ഫോറസ്റ്റ് ഓഫിസര്‍ മുരളീധറിനെ അവതരിപ്പിച്ച നടന്‍ കിഷോര്‍ തന്നെ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. കാന്താര സിനിമയെ ഹിന്ദുത്വവത്കരിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്കെതിരെയാണ് അദ്ദേഹം സംസാരിച്ചിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു കിഷോറിന്റെ പ്രതികരണം. കാന്താരയില്‍ പ്രതിപാദിച്ചിരിക്കുന്ന തൊട്ടുകൂടായ്മയെ പരാമര്‍ശിച്ചുകൊണ്ടാണ് കിഷോര്‍ പോസ്റ്റ് തുടങ്ങുന്നത്.
ദൈവ കോലങ്ങളെ ആരാധിക്കുകയും എന്നാല്‍ ആ വേഷം കെട്ടുന്നവരെ വീടിനകത്തേക്ക് കയറ്റുകയും ചെയ്യാത്ത ജാതീയ പ്രഭുവിന്റെ അധര്‍മത്തെ നിങ്ങള്‍ കാണുന്നില്ലേ? അയാള്‍ അവരുടെ വീടുകളില്‍ പോയാല്‍ വിശുദ്ധ ജലം ഉപയോഗിച്ച് സ്വയം ശുദ്ധി വരുത്തുന്നതിലും നിങ്ങള്‍ അധര്‍മം കാണുന്നില്ല?
നാടിനെ രക്ഷിക്കാന്‍ വേണ്ടി സ്വയം പൊട്ടിത്തെറിച്ച് ജീവന്‍ വരെ നഷ്ടപ്പെടുത്തിയ ഗാര്‍നലു സാഹേബിന്റെ ധര്‍മത്തെ നിങ്ങള്‍ കാണുന്നില്ലേ?
മറ്റേതൊരു നല്ല സിനിമയെയും പോലെ, കാന്താരയും ജാതി മത ഭാഷാ ഭേദമന്യേ ഈ രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുകയാണ്. എന്റര്‍ടെയ്ന്‍മെന്റിലൂടെ നിരവധി സാമൂഹ്യ പ്രശ്‌നങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാത്മാരാക്കാനും ഈ ചിത്രത്തിന് കഴിയുന്നുണ്ട്.
അത്തരത്തിലൊരു സിനിമയെ അന്ധവിശ്വാസങ്ങളും മതാന്ധതയും വിദ്വേഷവും പ്രചരിപ്പിക്കാനും ആളുകളെ തമ്മില്‍ ഭിന്നിപ്പിക്കാനും ഉപയോഗിക്കുമ്പോള്‍, ഏത് വലിയ വിജയവും മനുഷ്യത്വത്തിന്റെ പരാജയമായി മാറും.
വിദ്വേഷത്തിന്റെ ദല്ലാളുകളുടെ കെണിയില്‍ വീഴുന്നതിന് മുമ്പ് ഒരു നിമിഷം ചിന്തിക്കൂ… ദേശീയഗാനത്തെയും പതാകയെയും ചിഹ്നത്തെയും കവികളെയുമെല്ലാം ഹൈജാക്ക് ചെയ്തവരാണവര്‍. വോട്ടിന് വേണ്ടി ഗാന്ധിയെയും പട്ടേലിനെയും ബോസിനെയും നെഹ്‌റുവിനെയുമടക്കം കോടിക്കണക്കിന് സ്വാതന്ത്ര്യ സമരസേനാനികളെ ദുരുപയോഗിച്ചവരാണവര്‍.
നമ്മുടെ സിനിമകളെ കൂടി അവര്‍ ഹൈജാക്ക് ചെയ്യുന്നതിന് മുമ്പ് ഒരു നിമിഷം ചിന്തിക്കൂ. നമ്മുടെ സിനിമകള്‍ നമ്മുടെ അഭിമാനമാണ്. ആ സിനിമകള്‍ മതാന്ധത ബാധിച്ചവരുടെ കയ്യിലെ കരുക്കളായി മാറാന്‍ അനുവദിക്കരുത്,’ കിഷോര്‍ പറയുന്നു.
കിഷോറിന്റെ പോസ്റ്റിന് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. അതേസമയം നടനെ എതിര്‍ത്തും വിദ്വേഷ കമന്റുകളിറക്കിയും ഹിന്ദുത്വവാദികളും എത്തിയിട്ടുണ്ട്.
നേരത്തെ കന്നട നടനും സാമൂഹ്യ പ്രവര്‍ത്തകനുമായ ചേതന്‍ അഹിംസ ഋഷഭ് ഷെട്ടിയുടെ പ്രസ്താവനക്കെതിരെ സംസാരിച്ചിരുന്നു. ‘നമ്മുടെ കന്നട ചിത്രം കാന്താര ദേശീയ തലത്തില്‍ വരെ ശ്രദ്ധ നേടുന്നതില്‍ വളരെ സന്തോഷമുണ്ട്. പക്ഷെ സംവിധായകന്‍ ഋഷഭ് ഷെട്ടി ഭൂത കോലം ഹിന്ദു വിശ്വാസത്തിന്റെ ഭാഗമാണെന്ന്
പറഞ്ഞു. അത് തെറ്റാണ്. നമ്മുടെ പാമ്പട/നാളികേ/പരവാ ബഹുജന്‍ പാരമ്പര്യങ്ങള്‍ വേദിക്-ബ്രാഹ്മണിക്കല്‍ ഹിന്ദൂയിസത്തിനും മുമ്പുള്ളതാണ്. മൂലിനിവാസി സംസ്‌കാരത്തെ ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും സത്യസന്ധതയോടെ തന്നെ അവതരിപ്പിക്കേണ്ടതുണ്ട്,’ എന്നായിരുന്നു ചേതന്‍ അഹിംസ പറഞ്ഞത്.
എന്നാല്‍ ഇതിന് പിന്നാലെ ഹിന്ദു ജാഗരണ്‍ വേദിക മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പരാതി നല്‍കുകയും ചേതന്‍ അഹിംസക്കെതിരെ ഉഡുപ്പി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.
കിഷോറിനെതിരെയും സമാനമായ പ്രതികരണമുണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Actor Kishore against Hindutva groups’s appropriation of Kantara and Bhootha Culture to Hindu Beliefs