| Friday, 4th December 2020, 4:14 pm

അന്നം തരുന്നവര്‍ കൊടുംതണുപ്പിലും കൊവിഡ് ഭീഷണിയിലും തെരുവില്‍; സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി കാര്‍ത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക ദ്രോഹനയങ്ങള്‍ക്കും കാര്‍ഷിക നിയമത്തിനുമെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി തമിഴ് താരം കാര്‍ത്തി. നമ്മളെ പോറ്റുന്ന കര്‍ഷകര്‍ കടുത്ത തണുപ്പിലും കൊവിഡ് ഭീതിയിലും ഒരാഴ്ചയായി തെരുവിലാണെന്നും അധികാരികള്‍ അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കണമെന്നും നടപടിയെടുക്കണമെന്നും അപേക്ഷിക്കുന്നെന്നും താരം ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

കര്‍ഷകര്‍ക്ക് വേണ്ടി കാര്‍ത്തി ആരംഭിച്ച ഉഴവന്‍ ഫൗണ്ടേഷന്റെ ലെറ്റര്‍ പാഡിലാണ് താരം കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിച്ച് രംഗത്ത് എത്തിയത്.

‘പാടത്ത് പണിയെടുത്ത് ദിവസേന നമ്മള്‍ക്ക് ഭക്ഷണം തരുന്ന കര്‍ഷകര്‍ ഒരു ആഴ്ചയിലധികമായി സമരത്തിലാണ്. കടുത്ത തണുപ്പിനേയും കൊറോണ വൈറസിനേയും വകവെക്കാതെ ഒറ്റ വികാരത്തോടെയാണ് അവരുടെ പോരാട്ടം.

കര്‍ഷകരുടെ പ്രതിഷേധം രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. അല്ലെങ്കില്‍ തന്നെ ജലദൗര്‍ലഭ്യവും പ്രകൃതി ദുരന്തങ്ങളും കാരണം കര്‍ഷകര്‍ വലിയ പ്രശ്നങ്ങളാണ് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. അവരുടെ വിളകള്‍ക്ക് തക്കതായ പ്രതിഫലം ലഭിക്കുന്നില്ല അതവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് അധികാരികള്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ കേള്‍ക്കണമെന്നും നടപടിയെടുക്കണമെന്നും അപേക്ഷിക്കുന്നെന്നായിരുന്നു കാര്‍ത്തി പങ്കുവെച്ച വാര്‍ത്ത കുറിപ്പില്‍ പറയുന്നത്.

അതേസമയം സമരം നടത്തുന്ന കര്‍ഷകരുമായി കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ച പരാജയമായിരുന്നു.
മൂന്ന് കാര്‍ഷിക നിയമങ്ങളിലും ഭേദഗതി വരുത്താമെന്നാണ് സര്‍ക്കാര്‍ കര്‍ഷകരോട് പറയുന്നത്. എന്നാല്‍ ഭേദഗതിയല്ല വേണ്ടത് നിയമം പിന്‍വലിക്കാനാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.

തുടര്‍ന്ന് ചര്‍ച്ച ഡിസംബര്‍ അഞ്ചിന് വീണ്ടും നടത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ് വ്യാഴാഴ്ച നടന്നത്.

സര്‍ക്കാര്‍ തുറന്ന ചര്‍ച്ചയാണ് കര്‍ഷകരുമായി നടത്തിയതെന്നാണ് കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ അവകാശപ്പെട്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Karthi support farmers protest

We use cookies to give you the best possible experience. Learn more