ഫഹദിന് ഒരു സ്‌റ്റൈല്‍, ദുല്‍ഖറിന് മറ്റൊന്ന്; മലയാള സിനിമയെ കുറിച്ച് ഞാന്‍ കൂടുതല്‍ പറയണ്ടല്ലോ: കാര്‍ത്തി
Entertainment news
ഫഹദിന് ഒരു സ്‌റ്റൈല്‍, ദുല്‍ഖറിന് മറ്റൊന്ന്; മലയാള സിനിമയെ കുറിച്ച് ഞാന്‍ കൂടുതല്‍ പറയണ്ടല്ലോ: കാര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 17th October 2022, 1:15 pm

കാര്‍ത്തിയെ നായകനാക്കി പി.എസ്. മിത്രന്‍ സംവിധാനം ചെയ്യുന്ന മാസ് ആക്ഷന്‍ ചിത്രം സര്‍ദാര്‍ റിലീസിനൊരുങ്ങുകയാണ്. പൊലീസ് ഇന്‍സ്‌പെകടറായാണ് കാര്‍ത്തി ചിത്രത്തിലെത്തുന്നത്. കാര്‍ത്തിയുടെ സര്‍ദാര്‍ എന്ന മറ്റൊരു കഥാപാത്രത്തേയും ചിത്രത്തില്‍ കാണാം.

സര്‍ദാര്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കാര്‍ത്തിയും രജിഷയും റാഷി ഖന്നയും കൊച്ചിയിലെത്തിയിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ കേരളത്തെ കുറിച്ചും മലയാള സിനിമയെകുറിച്ചും കാര്‍ത്തി പറയുന്നുണ്ട്.

മലയാളം സിനിമകള്‍ക്ക് വലിയ ഫാന്‍ബേസുണ്ടെന്നാണ് കാര്‍ത്തി പറയുന്നത്. ചെറിയ ആശയത്തെ പോലും ശക്തമായ സിനിമയാക്കി മാറ്റാന്‍ കഴിവുള്ള എഴുത്തുകാരും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മികച്ച നടന്മാരും കേരളത്തിലുണ്ടെന്നും കാര്‍ത്തി കൂട്ടിച്ചേര്‍ക്കുന്നു.

‘മലയാള സിനിമയെ കുറിച്ച് ഞാന്‍ അധികം പറയേണ്ടല്ലോ. മലയാളം സിനിമകള്‍ക്ക് മാത്രം ഒരു വലിയ ഫാന്‍ബേസാണുള്ളത്. ഈ നാട് കാണാന്‍ വേണ്ടി തന്നെ ഒരു കൂട്ടമുണ്ട്. ഞാനൊക്കെ മലയാളം സിനിമ കാണുമ്പോള്‍ ഫ്രെയിം തന്നെ നോക്കിയിരിക്കും. എവിടെ നോക്കിയാലും പച്ചപ്പാണ്, നല്ല ഭംഗിയാണ്. ഇവിടെയുള്ള സിനിമകള്‍ പ്രകൃതിയെ കൂടി ഉള്‍പ്പെടുത്തിയതാണ്.

ഒരു ചെറിയ വിഷയത്തെ വെച്ച് സിനിമയുണ്ടാക്കാനുള്ള റൈറ്റിങ് സ്‌ട്രെങ്ത് മലയാളത്തിലെ എഴുത്തുകാര്‍ക്കുണ്ട്. ഇതിന് കാരണം ശക്തമായ പെര്‍ഫോമന്‍സ് കൂടിയാണ്.

നമ്മളെ സ്വാധീനിക്കുന്ന ഒരുപാട് മികച്ച സിനിമകള്‍ നിരന്തരം മലയാളത്തില്‍ നിന്നു വരുന്നുണ്ട്. ദുല്‍ഖര്‍ ഒരു സ്റ്റൈലില്‍ പോകുന്നു, ഫഹദ് ഒരു സ്റ്റൈലില്‍ പോകുന്നു.

ഒരു ചെറിയ വിഷയം കൊണ്ട് ഒരു സിനിമ എങ്ങനെ കൊണ്ടുപോകും എന്നതില്‍ മലയാള സിനിമ എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്,’ കാര്‍ത്തി പറയുന്നു. ഒക്ടോബര്‍ 21നാണ് സര്‍ദാര്‍ റിലീസ് ചെയ്യുന്നത്.

റാഷി ഖന്ന, രജിഷ വിജയന്‍ എന്നിവര്‍ക്കു പുറമെ ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകര്‍, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, ബാലാജി ശക്തിവേല്‍, ആതിര പാണ്ടിലക്ഷ്മി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

നാഗാര്‍ജുനയുടെ അന്നപൂര്‍ണ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ആന്ധ്രയിലും തെലങ്കാനയിലും റിലീസ് ചെയ്യുക. ഫോര്‍ച്യൂണ്‍ സിനിമാസാണ് കേരളത്തില്‍ ചിത്രമെത്തിക്കുന്നത്.

ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ജോര്‍ജ് സി. വില്യംസാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. റൂബനാണ് സിനിമയുടെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ദിലീപ് സബ്ബരായനാണ് സാഹസികമായ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. ഷോബി പോള്‍ രാജ് ആണ് നൃത്തസംവിധാനം.

Content Highlight: Actor karthi shares his views about kerala and malayalam cinema