| Monday, 17th October 2022, 9:55 am

അടിച്ചാലേ അഭിനയം വരൂവെന്ന് രജിഷ, ഞാന്‍ പിന്നെ ഒന്നും നോക്കാതെ ഒന്നങ്ങ് പൊട്ടിച്ചു: കാര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാര്‍ത്തിയുടെ പുതിയ ചിത്രമായ സര്‍ദാര്‍ റിലീസിനൊരുങ്ങുകയാണ്. മാസ് ആക്ഷന്‍ മോഡിലൊരുങ്ങുന്ന ചിത്രത്തില്‍ രജിഷ വിജയനും ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം പ്രൊമോഷന്റെ ഭാഗമായി കാര്‍ത്തിയും രജിഷയും റാഷി ഖന്നയും കൊച്ചിയിലെത്തിയിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ രജിഷ തന്റെ കഥാപാത്രത്തോടും സിനിമയോടും പുലര്‍ത്തുന്ന ആത്മാര്‍ത്ഥതയെ കുറിച്ച് കാര്‍ത്തി സംസാരിച്ചിരുന്നു.

ചിത്രത്തിലെ ഒരു സീനിന്റെ ഷൂട്ടിനെ കുറിച്ചുള്ള രസകരമായ അനുഭവങ്ങളായിരുന്നു അദ്ദേഹം പങ്കുവെച്ചത്.
‘ഈ സിനിമയോടുള്ള രജിഷയുടെ ആത്മാര്‍ത്ഥയെ കുറിച്ച് ഞാന്‍ പറയാം. മുഖത്തടിക്കുന്ന സീനുകളൊക്കെ വരുമ്പോള്‍ ശരിക്കും അടിച്ചോളാന്‍ രജിഷ പറയും.

അങ്ങനെ അടിച്ചാല്‍ വേദനിക്കില്ലേയെന്ന് ഞാന്‍ തിരിച്ചുചോദിച്ചു. അതൊന്നും കുഴപ്പമില്ല സാര്‍, അടിച്ചാലേ എനിക്ക് അഭിനയം വരൂ എന്നായിരുന്നു രജിഷയുടെ മറുപടി.

അപ്പൊ പിന്നെ ഞാനൊന്നും നോക്കിയല്ല, പടേ എന്ന് ഒന്നങ്ങ് പൊട്ടിച്ചു. ട്രെയ്‌ലറില്‍ ആ ഷോട്ടുണ്ട്. അത്ര ആത്മാര്‍ത്ഥതയാണ് രജിഷക്ക്. റാഷി ഖന്ന അങ്ങനെയല്ല. ആക്ടിങ് മാത്രമേ ചെയ്യൂ(ചിരിയോടെ),’ കാര്‍ത്തി പറഞ്ഞു.

സര്‍ദാറില്‍ ഇരട്ട വേഷത്തിലാണ് കാര്‍ത്തി എത്തുന്നത്. ഇതു കൂടാതെ വ്യത്യസ്ത ഗെറ്റപ്പുകളും സിനിമയിലുണ്ട്. കാര്‍ത്തിയുടെ മികച്ചപ്രകടനം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

വിജയ് പ്രകാശ് എന്ന പൊലീസ് ഇന്‍സ്പെക്ടറായും സര്‍ദാര്‍ എന്ന മറ്റൊരു കഥാപാത്രമായും കാര്‍ത്തിയെ ട്രെയ്‌ലറില്‍ കാണാം. ട്രെയ്‌ലറിന്റെ ദൃശ്യങ്ങളും പശ്ചാത്തല സ്‌കോറും മികച്ച അഭിപ്രായമാണ് നേടുന്നത്.

സുപ്രധാന വിവരങ്ങളടങ്ങിയ ഒരു സര്‍ക്കാര്‍ ഫയല്‍ കാണാതാകുന്നതിനെ ചുറ്റിപ്പറ്റിയാണ് സര്‍ദാറിന്റെ കഥാപരിസരം വികസിക്കുന്നതെന്നാണ് സൂചനകള്‍.

ഒക്ടോബര്‍ 21നാണ് ചിത്രം റിലീസിനെത്തുന്നത്. ദീപാവലി റിലീസായി എത്തുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് പ്രിന്‍സ് പിക്‌ചേഴ്‌സിന്റ ബാനറില്‍ എസ്. ലക്ഷ്മണ്‍ കുമാറാണ്.

കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. പി.എസ് മിത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാഷി ഖന്ന, രജിഷ വിജയന്‍ എന്നിവരെ കൂടാതെ, ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകര്‍, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, ബാലാജി ശക്തിവേല്‍, ആതിര പാണ്ടിലക്ഷ്മി, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.


വിദേശരാജ്യങ്ങളിലടക്കം ചിത്രീകരണം പൂര്‍ത്തിയാക്കിയ സര്‍ദാര്‍ കാര്‍ത്തിക്ക് വലിയ ഹിറ്റ് സമ്മാനിക്കുമെന്നാണ് കരുതപ്പെടുന്നത്. എന്തായാലും കാര്‍ത്തി അവതരിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങളെ സംവിധായകന്‍ എങ്ങനെ ബന്ധിപ്പിക്കുന്നു എന്ന് കാണാനുള്ള ആകാംക്ഷയിലാണ് എല്ലാവരും.

നാഗാര്‍ജുനയുടെ അന്നപൂര്‍ണ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ആന്ധ്രയിലും തെലങ്കാനയിലും റിലീസ് ചെയ്യുക. ഫോര്‍ച്യൂണ്‍ സിനിമാസാണ് കേരളത്തില്‍ ചിത്രമെത്തിക്കുന്നത്.

ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ജോര്‍ജ് സി. വില്യംസാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. റൂബനാണ് സിനിമയുടെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ദിലീപ് സബ്ബരായനാണ് സാഹസികമായ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. ഷോബി പോള്‍ രാജ് ആണ് നൃത്തസംവിധാനം.

Content Highlight: Actor Karthi about Rajisha Vijayan in Sardar Movie

Latest Stories

We use cookies to give you the best possible experience. Learn more