Entertainment
ആക്ഷന്‍ സിനിമയില്‍ വെറുതെ പാട്ട് പാടി പോകാനാണ് നായികമാര്‍ വരാറുള്ളത്, ഈ ചിത്രത്തില്‍ അങ്ങനെയല്ല: നടന്‍ കാര്‍ത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 15, 04:28 am
Thursday, 15th April 2021, 9:58 am

തന്റെ പുതിയ ചിത്രമായ സുല്‍ത്താനെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച നടന്‍ കാര്‍ത്തി. മറ്റു ആക്ഷന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി നായികാ കഥാപാത്രത്തിന് പ്രാധാന്യമുള്ള ചിത്രമാണ് സുല്‍ത്താനെന്ന് കാര്‍ത്തി പറയുന്നു.

വെറുതെ പാട്ട് പാടി പോകുന്ന നായികയല്ല, ശക്തയായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ നടി രശ്മിത മന്ദാന ചെയ്യുന്നതെന്ന് കാര്‍ത്തി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആക്ഷന്‍ സിനിമയിലെ നായിക എന്നാല്‍ സാധാരണ വെറുതെ പാട്ടിന് മാത്രം വന്നുപോകും പോലെയാണ് ഉണ്ടാവുക. സുല്‍ത്താനില്‍ അങ്ങനയെല്ല. രശ്മികയുടെ നായിക കഥാപാത്രത്തിന് വലിയ പ്രധാന്യമുണ്ട്. വളരെ ശക്തയായ കഥാപാത്രമാണത്,’ കാര്‍ത്തി പറഞ്ഞു.

നായികാ കഥാപാത്രത്തെ ചെയ്ത നടി രശ്മികയെ കുറിച്ചും കാര്‍ത്തി വാചാലനായി. ‘രശ്മികയുടെ ആദ്യ തമിഴ് ചിത്രമാണ് സുല്‍ത്താന്‍. മാത്രമല്ല, ഒരു ഗ്രാമത്തിലെ പെണ്‍കുട്ടിയായി അവര്‍ ചെയ്യുന്ന ആദ്യത്തെ വേഷവുമാണിത്.

എന്ത് ചെയ്യണമെന്ന് പറഞ്ഞാലും രശ്മിക വളരെ ധൈര്യത്തോടെ ചെയ്യുമായിരുന്നു. പാല്‍ കറക്കണമെന്നോ ട്രാക്ടര്‍ ഓടിക്കണമെന്നോ എവിടെയെങ്കിലും പോയി വീഴണം എന്നൊക്കെ പറഞ്ഞാലും അവര്‍ ചെയ്യും.

ഇതൊന്നും ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല. ഇത്രയും ബുദ്ധിമുട്ടുണ്ടാകുമെന്ന് വിചാരിച്ചില്ല എന്നെല്ലാം രശ്മിക പറയും. പക്ഷെ എല്ലാം നന്നായി ആസ്വദിച്ചാണ് അവര്‍ ചെയ്തത്.

കളിച്ചു നടക്കുന്ന പ്രകൃതമാണ് രശ്മികയ്ക്ക്. പക്ഷെ വര്‍ക്കില്‍ വളരെ സിന്‍സിയറാണ്. കട്ട് പറഞ്ഞാല്‍ പിന്നെ കണ്‍ട്രോള്‍ ചെയ്യാനേ പറ്റില്ല. ക്യാമറുടെ അടുത്തേക്ക് പോകുകയൊക്കെ ചെയ്യും.

ദയവ് ചെയ്ത് ഷോട്ടിനുള്ളില്‍ വരാതെ അവിടെ പോയിരിക്ക് എന്നൊക്കെ പറയേണ്ടി വരും. രശ്മിക വളരെ പ്രശസ്തയാണിപ്പോള്‍. എന്നാല്‍ അതിന്റേതായ ഒന്നും അവര്‍ കാണിക്കില്ല. നമ്മുടെ വീട്ടിലെ കുട്ടിയെ പോലെ തോന്നും,’ കാര്‍ത്തി പറഞ്ഞു.

100 റൗഡികളെ നിയന്ത്രിക്കേണ്ടി വരുന്ന ചെറുപ്പക്കാരനായാണ് സുല്‍ത്താനില്‍ കാര്‍ത്തിയുടെ വിക്രം എന്ന കഥാപാത്രമെത്തുന്നത്. ചിത്രത്തിലെ പാട്ടും ആക്ഷന്‍ രംഗങ്ങളുമെല്ലാം ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന് വേണ്ടി ചിമ്പു പാടിയ സുല്‍ത്താന്‍ എന്ന പാട്ടിന് ആരാധകരേറെയാണ്.

നെപ്പോളിയന്‍, ലാല്‍, യോഗി ബാബു, കെ.ജി.എഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാമചന്ദ്ര രാജു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഏപ്രില്‍ രണ്ടിനാണ് ചിത്രം തീയേറ്ററില്‍ എത്തിയത്.

എസ്.ആര്‍ പ്രഭുവിന്റെ ഡ്രീം വാരിയര്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഭാഗ്യരാജ് കണ്ണനാണ് സുല്‍ത്താന്‍ സംവിധാനം ചെയ്തിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Actor Karthi about heroines in action movies and his new movie Sulthan