വ്യത്യസ്തമായ അനേകം കഥാപാത്രങ്ങളിലൂടെ മലയാളികളെ രസിപ്പിച്ച നടനാണ് സുധീര്‍ കരമന. അച്ഛന്റെ സിനിമാ പാരമ്പര്യം പിന്തുടര്‍ന്ന് സിനിമയിലെത്തിയ സുധീര്‍ തന്റെ കരിയറില്‍ സന്തുഷ്ടനാണ്.
കളക്ടറും ജഡ്ജിയും കള്ളനും പൊലീസും ലോറി ഡ്രൈവറും അങ്ങനെ ധാരാളം വ്യത്യസ്ത കഥാപാത്രങ്ങള്‍ ഇക്കാലയളവിനുള്ളില്‍ തന്നെ ചെയ്തുതീര്‍ക്കാന്‍ സുധീറിനായിട്ടുണ്ട്.
കള്ളനായാലും പൊലീസായാലും തന്റെ ഡേറ്റുണ്ടോ എന്ന് സംവിധായകര്‍ തിരക്കുമ്പോഴാണ് അവരോടുള്ള പ്രതിബദ്ധത തനിക്ക് കിട്ടുന്നതെന്ന് സുധീര്‍ നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. മികച്ച കഥാപാത്രങ്ങള്‍ ചെയ്യുമ്പോഴും തന്റെ ഉദ്യോഗത്തിന്റെ പേരില്‍ താന്‍ വേദന അനുഭവിക്കുകയാണെന്നും സുധീര്‍ കരമന അഭിമുഖത്തില്‍ പറയുന്നു.
‘അഭിനയ ജീവിതത്തില്‍ എനിക്കെന്നും വളരെ സന്തോഷം തോന്നിയ ഒരു കാര്യമുണ്ട്. 2015 ല്‍ ഓണക്കാലത്ത് എന്റെ എട്ട് സിനിമകളാണ് റിലീസായത്. എട്ടു സിനിമകളിലും വ്യത്യസ്ത കഥാപാത്രങ്ങള്‍. പ്രേക്ഷകര്‍ ഏത് തിയേറ്ററില്‍ ചെന്നാലും എന്റെ വ്യത്യസ്ത വേഷങ്ങള്‍ കാണാനാകുമായിരുന്നു. അതിലൊന്നായിരുന്നു എന്ന് നിന്റെ മൊയ്തീന്‍.
ഉറുമ്പുകള്‍ ഉറങ്ങാറില്ല, ജമ്‌നാപ്യാരി, കുഞ്ഞിരാമായണം, ആമേന്‍, സിറ്റി ഓഫ് ഗോഡ് തുടങ്ങിയ സിനിമകളുടെ വരവ് എന്റെ അഭിനയ ജീവിതത്തിന്റെ മധുര മാമ്പഴക്കാലമായിരുന്നു. ഇത്രയും സിനികളും ഇത്രയും നല്ല കഥാപാത്രങ്ങളും ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന അതേ വേളയിലാണ് മറുവശത്ത് ഉദ്യോഗത്തിന്റെ പേരില്‍ ഞാന്‍ വേദന അനുഭവിച്ചതും.
സ്വന്തമായി ഒരു ജോലി സമ്പാദിച്ചതിനുശേഷം മതി സിനിമ എന്ന് അച്ഛന്‍ എപ്പോഴും പറയുമായിരുന്നു. ആരുടേയും മുന്നില്‍ കൈനീട്ടാതെ സ്വന്തമായി നില്‍ക്കാന്‍ പറ്റുന്ന ഒരു സ്റ്റാന്‍ഡ് നേടിയെടുത്ത ശേഷം മതി അഭിനയം എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. അതോടെ ഞാനും ആ രീതിയില്‍ ശ്രദ്ധിച്ചു. അങ്ങനെ എനിക്ക് ജോലി കിട്ടി.
ആദ്യം ജോലി കിട്ടിയത് ഖത്തറിലാണ്. കുറച്ചുനാള്‍ അവിടെ ജോലി ചെയ്ത ശേഷം ഇവിടെ എനിക്ക് സ്‌കൂളില്‍ ജോലി കിട്ടി. ഞാന്‍ പ്രിന്‍സിപ്പാളുമായി. പ്രഥമ അധ്യാപകനായപ്പോള്‍ ലീവ് തരില്ലെന്നായി. അവര്‍ ലീവ് തരുന്നതുവരെ എനിക്ക് സ്‌കൂള്‍ വിടാന്‍ പറ്റാത്ത അവസ്ഥയായി.
ആ സമയത്താണ് ഭരത് ഗോപി അങ്കിള്‍ എന്നെ ആദ്യമായി ക്യാമറയുടെ മുന്നിലെത്തിച്ചത്. 2007 ല്‍ സിനിമയിലഭിനയിക്കാന്‍ എനിക്ക് ഗവര്‍മെന്റില്‍ നിന്ന് ഓര്‍ഡര്‍ കിട്ടിയെങ്കിലും സ്‌കൂള്‍ മാനേജ്‌മെന്റ് എനിക്ക് അനുവാദം തന്നില്ല. അതിനെതിരെ ഒരു പോരാട്ടം തന്നെയുണ്ടായിരുന്നു. അതിന് ശേഷം 2010 ല്‍ എനിക്ക് അനുവാദം കിട്ടി. അതോടെയാണ് ഞാന്‍ സിനിമയില്‍ സജീവമായത്.
2015 ആയപ്പോള്‍ വീണ്ടും സ്‌കൂള്‍ മാനേജ്‌മെന്റ് എതിര്‍ക്കാന്‍ തുടങ്ങി. ശനിയും ഞായറും മാത്രം വേണമെങ്കില്‍ അഭിനയിക്കാം എന്ന് അവര്‍ പറഞ്ഞു. ആ ദിവസങ്ങളില്‍ മാത്രമായി അഭിനയിക്കാന്‍ കഴിയുമോ? പ്രത്യേകിച്ചും സിനിമയില്‍, അത് നടക്കുന്ന കാര്യമല്ലല്ലോ. അങ്ങനെ ഇപ്പോള്‍ മാനേജ്‌മെന്റുമായി കേസും വഴക്കുമായി നില്‍ക്കുന്നു. ഞാനല്ല. മാനേജ്‌മെന്റും ഗവര്‍മെന്റും തമ്മിലാണ് കേസ്.
ഒരു കലാകാരന്‍ എന്ന നിലയില്‍ അഭിനയിക്കാന്‍ പെര്‍മിഷന്‍ കൊടുക്കാനുള്ള പ്രൊവിഷനുണ്ടെന്ന് ഗവര്‍മെന്റ് പറയുന്നു. പക്ഷേ മാനേജ്‌മെന്റ് എതിര്‍ക്കുകയാണ്. കഴിഞ്ഞ നാല് വര്‍ഷമായി ആ കേസ് നടന്നുകൊണ്ടേയിരിക്കുന്നു.
ജോലി സ്ഥലത്തുനിന്നും അവധിയും വേണം ശമ്പളവും വേണം എന്ന് ഞാന്‍ പറയുന്നില്ല. ശമ്പളമില്ലാത്ത ലീവ് മാത്രമേ ചോദിക്കുന്നുള്ളൂ. ഇവിടെ എത്രയോ കലാകാരന്‍മാര്‍ ഇങ്ങനെ അവധിയെടുത്ത് സിനിമയില്‍ പ്രവര്‍ത്തിക്കുന്നു. പിന്നെ എന്തുകൊണ്ട് എനിക്ക് മാത്രം കിട്ടാതെ പോകുന്നു’, സുധീര്‍ ചോദിക്കുന്നു.
Content highlight: Actor karamana sudheer about his career and profession