'ഏതു ശരി ഏതു തെറ്റ് എന്ന് സംശയം തോന്നുമ്പോള്‍ ഒന്ന് തിരിഞ്ഞുനോക്കാന്‍'; 18ാം വയസില്‍ അച്ഛന്‍ നല്‍കിയ കത്ത് പങ്കുവെച്ച് കനി
Malayalam Cinema
'ഏതു ശരി ഏതു തെറ്റ് എന്ന് സംശയം തോന്നുമ്പോള്‍ ഒന്ന് തിരിഞ്ഞുനോക്കാന്‍'; 18ാം വയസില്‍ അച്ഛന്‍ നല്‍കിയ കത്ത് പങ്കുവെച്ച് കനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th July 2020, 2:32 pm

കൊച്ചി: നടിയും മോഡലുമായ കനി കുസൃതിക്ക് 18 വയസ് തികയുന്ന വേളയില്‍ അച്ഛന്‍ മൈത്രേയന്‍ എഴുതിയ കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കനി തന്നെയാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ കത്ത് പുറത്തുവിട്ടത്. ‘ എന്റെ പതിനെട്ടാം പിറന്നാളിന് അച്ഛന്‍ നല്‍കിയ കത്ത്’ എന്ന് പറഞ്ഞുകൊണ്ടാണ് 2003 സെപ്റ്റംബര്‍ 12 ന് മൈത്രേയന്‍ എഴുതിയ കത്ത് കനി പങ്കുവെച്ചിരിക്കുന്നത്.

കത്തിന്റെ പൂര്‍ണരൂപം

‘ എന്റെ പ്രിയമുള്ള മകള്‍ കനിക്ക്, ഇന്ന് നിനക്ക് പതിനെട്ട് വയസ് തികയുകയാണ്. ഇന്ത്യന്‍ ഭരണഘടനാപരമായി നീ സ്വതന്ത്രയായി തീരുമാനം എടുക്കുവാന്‍ അവകാശം ഉള്ള ഒരു വ്യക്തിയായി തീര്‍ന്നിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ നിന്റെ അവകാശങ്ങള്‍ക്കും
ഉത്തരവാദിത്തങ്ങള്‍ക്കുമൊപ്പം, നിന്നെ വളര്‍ത്താന്‍ ഒരു സുപ്രധാന പങ്കുവഹിച്ച വ്യക്തിയെന്ന നിലയില്‍, നിനക്ക് ചില പിന്തുണകളും വാഗ്ദാനങ്ങളായി, ഞാന്‍ നല്‍കുകയാണ്.

വ്യത്യസ്തങ്ങളായ ജാതിമത വിശ്വാസങ്ങളുടേയും, വര്‍ഗ്ഗ, വംശ, രാഷ്ട്രീയ വേര്‍തിരിവുകളുടേയും പുരുഷ മേധാവിത്ത മൂല്യങ്ങളുടേയും ഒരു സമ്മിശ്ര സംസ്‌കാര സമൂഹത്തില്‍ വേണം നീ ഇനി മുതല്‍ ഒരു സ്വതന്ത്ര വ്യക്തിയായി ജീവിക്കാന്‍. ഇവിടെ കാലുറപ്പിക്കാന്‍ എളുപ്പമല്ല. അതില്‍ ഏതു ശരി ഏതു തെറ്റ് എന്ന് സംശയമുണര്‍ത്തുന്ന സന്ദര്‍ഭങ്ങളില്‍ ഒന്ന് തിരിഞ്ഞുനോക്കാനാണ് ഈ കുറിപ്പ് ഞാന്‍ നിനക്ക് നല്‍കുന്നത്.

സ്ത്രീകളെ രണ്ടാംതരം പൗരന്മാരായി കണ്ട് പുരുഷന്മാര്‍ക്ക് നിയന്ത്രിക്കാന്‍ തരത്തില്‍ രൂപപ്പെടുത്തിയ മൂല്യങ്ങളും നിയമങ്ങളുമാണ് ഈ സമൂഹത്തില്‍ ഭൂരിപക്ഷവും ഉള്ളത്. സ്ത്രീകളെ നിയന്ത്രിക്കാന്‍ അവരുടെ ലൈംഗികാവകാശങ്ങളെ കവര്‍ന്നെടുക്കുകയാണ് പുരുഷന്മാര്‍ ചെയ്തുവന്നത്.

നിന്റെ സ്വാതന്ത്ര്യബോധം പുരുഷ സമൂഹത്തിന്റെ മൂല്യബോധത്തിനെതിരാണ്. അതിനാല്‍ അതിന്റെ അടികളേല്‍ക്കാതിരിക്കാന്‍ ധാരാളം സന്ദര്‍ഭങ്ങള്‍ ജീവിതത്തിലുണ്ടാവുമെന്ന് ഞാന്‍ തിരിച്ചറിയുന്നു. ആ അടികളുടെ രൂക്ഷത കുറക്കാന്‍ എന്റെ ഇനിയുള്ള വാഗ്ദാനങ്ങള്‍ ശാരീരികവും മാനസികവുമായ ശക്തി പകരുമെന്ന് ഞാന്‍ കരുതുന്നു.

വീട് വിട്ട് പോകാനും മാറി താമസിക്കാനുമുള്ള നിന്റെ അവകാശത്തിന് പിന്തുണ പ്രഖ്യാപിക്കുന്നു. ഇഷ്ടപ്പെടുന്ന വ്യക്തിയുമായി അത് ആണായാലും പെണ്ണായാലും സങ്കര വര്‍ഗമായാലും ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിനക്കുള്ള അവകാശത്തിനും പിന്തുണ നല്‍കുന്നു.

ഗര്‍ഭം ധരിക്കാനും പ്രസവിക്കാനുമുള്ള നിന്റെ അവകാശം ഒരു പുരുഷന്റെ സംരക്ഷണം മാത്രം പരിമിതപ്പെടുത്തുന്ന ഇന്നത്തെ നടത്തിപ്പിന് വിരുദ്ധമായി നിനക്ക് അത് സ്വതന്തമായി ചെയ്യാന്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു.

നിനക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാനുള്ള അവകാശങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു.

നിന്റെ ഇഷ്ടത്തിന് വിരുദ്ധമായി ഗര്‍ഭം ധരിക്കാന്‍ ഇടവരികയാണെങ്കില്‍ അത് വേണ്ട എന്നുവെയ്ക്കാന്‍ നിനക്ക് അവകാശമുണ്ട്.

തെരഞ്ഞെടുത്ത ഇണയെ പിന്നീട് വേണ്ടയെന്ന് വെക്കാനും ഉള്ള അവകാശത്തിനും പിന്തുണ നല്‍കുന്നു.

ഒരേസമയം ഒന്നിലധികം പേരോട് പ്രേമം തോന്നാം. അങ്ങനെ തോന്നുന്നത് സ്വാഭാവികമാണെന്ന് മനസിലാക്കി അതിനും പിന്തുണ നല്‍കുക.

ആരോടും പ്രേമം തോന്നുന്നില്ല. അതിനാല്‍ ഒറ്റക്ക് കഴിയാനാണ് തീരുമാനമെങ്കില്‍ അതും സമ്മതമാണ്.

മദ്യം കഴിക്കാനും പുക വലിക്കാനും മറ്റേതൊരു വ്യക്തിയെ പോലെ നിനക്കും അവകാശമുണ്ട്.

നിനക്ക് ഇഷ്ടമുള്ള പ്രവൃത്തി ചെയ്തു ജീവിക്കാന്‍ പരിപൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നു. ഈ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള നിന്റെ ഏത് സമരത്തിനും പങ്കാളിയായി നിന്നോടൊപ്പം ഞാനുമുണ്ടായിരിക്കുന്നതാണ്.

ഇതോടൊപ്പം ചില അഭ്യര്‍ത്ഥനകളും മൈത്രേയന്‍ കത്തില്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. ബലാത്സംഗത്തിന് വിധേയയാല്‍, അതിനെ അക്രമം എന്ന് കണ്ട് ഉളവാക്കിയ സ്തോഭത്തെ മറികടക്കാനുള്ള ആര്‍ജവം നേടിയെടുക്കണമെന്നാണ് കത്തില്‍ മൈത്രേയന്‍ പറയുന്നത്.

മറ്റുള്ളവര്‍ക്ക് അസ്വസ്ഥതകളും ഹാനിയുമുണ്ടാക്കുന്നതിനാല്‍ പുകവലി ശീലമാക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. മദ്യം വേണമെന്നുണ്ടെങ്കില്‍ അത് മിതമായി ഉപയോഗിക്കുവാന്‍ ശീലിക്കുക. പക്ഷെ കുറ്റവാളികളെപ്പോലെ രഹസ്യമായി ചെയ്യരുത്.

രാഷ്ട്രീയത്തിന്റെ, മതത്തിന്റെ, വംശത്തിന്റെ, ലിംഗത്തിന്റെ, വര്‍ണ്ണത്തിന്റെ ദേശത്തിന്റെ, ജാതിയുടെ, ഭാഷയുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ, മറ്റുള്ളവരെ വെറുക്കാന്‍ പഠിപ്പിക്കുന്ന ഒരു തത്വ ചിന്തയേയും സ്വീകരിക്കരുത്.

ഒരു വ്യക്തിയുടെ നിലനില്‍പ്പ് തന്നെ ചില സന്ദര്‍ഭങ്ങളില്‍, മറ്റുള്ളവര്‍ക്ക് വേദനയുളവാക്കുന്നതാണ് എന്ന് ഞാന്‍ അറിയുമ്പോള്‍ പോലും അറിഞ്ഞുകൊണ്ട് മറ്റൊരാളെ വാക്ക് കൊണ്ടോ, പ്രവൃത്തികൊണ്ടോ, നോട്ടംകൊണ്ടോ, ഭാവംകൊണ്ടോ വേദനിപ്പിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കണം. ബലാല്‍സംഗം ചെയ്തവരെ പോലും വെറുക്കരുത്. ഈ ശ്രമത്തിന്റെ പരാജയം പോലും ജീവിത വിജയമാണ്.

തന്റെയും മറ്റുള്ളവരുടേയും സ്വാതന്ത്യത്തിനും വേണ്ടി നിരന്തരം സമരം ചെയ്യണം. നമ്മുടെ സമരം വ്യക്തികള്‍ക്കെതിരെയല്ല. വ്യവസ്ഥിതികള്‍ക്കും സമ്പ്രദായങ്ങള്‍ക്കുമെതിരെയാണ്.

നീ അറിഞ്ഞ് സ്നേഹിക്കാന്‍ കഴിവുള്ളവള്‍ തന്നെയാണെന്ന് ഞാന്‍ മനസിലാക്കുന്നു. ആ സ്നേഹം അഗാധമാക്കാന്‍ ശ്രമിക്കുക. നമ്മുടെ പ്രവര്‍ത്തിയുടെ അളവുകോല്‍ മറ്റുള്ളവരോടുള്ള സ്നേഹമണോ എന്ന് എപ്പോഴും നോക്കുക.

വളരെ കുറച്ചുനാള്‍ മാത്രം ജീവിതമുള്ള ഒരു വര്‍ഗ്ഗമാണ് മനുഷ്യന്‍, അതിനാല്‍ ഇന്നത്തെ നിന്റെ പ്രസരിപ്പ് നഷ്ടപ്പെടുത്താതെ മറ്റുള്ളവര്‍ക്ക് എന്നും ആനന്ദം നല്‍കി ജീവിക്കാന്‍ നിനക്ക് കഴിയട്ടെയെന്ന് ആശംസിച്ചുകൊണ്ട്,

അച്ഛത്തമില്ലാതെ പെരുമാറാന്‍ ശ്രമിക്കുന്ന നിന്റെ അച്ഛന്‍

മൈത്രേയന്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ