ഈ പ്രപഞ്ചത്തിലെ മറ്റേതെങ്കിലും നടിക്ക് എന്നേക്കാള്‍ കഴിവും പ്രാപ്തിയും ഉണ്ടെന്ന് തെളിയിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമെങ്കില്‍ ധാര്‍ഷ്ട്യം ഒഴിവാക്കാമെന്ന് കങ്കണ. അതുവരെ തനിക്ക് ആത്മാഭിമാനത്തിന്റെ ആഡംബരം താങ്ങാന്‍ കഴിയുമെന്നും കങ്കണ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം.
തന്റെ പുതിയ ചിത്രങ്ങളായ തലൈവി, ദക്കട് എന്നിവയുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു കങ്കണയുടെ പ്രതികരണം.
”ഞാനിപ്പോള്‍ കാണിക്കുന്നത് പോലുള്ള പ്രകടനമികവ് ഇപ്പോള്‍ ഈ ലോകത്തിലെ ഒരു നടിക്കുമില്ല. പല ലെയറുകളുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ എനിക്ക് മെറില്‍ സ്ട്രീപ്പീനെപോലെ സാധിക്കും. അതിലുപരി സ്‌കില്‍ഡ് ആക്ഷന്‍ കഥാപാത്രങ്ങളും ഗ്ലാമര്‍ വേഷങ്ങളും ഗാല്‍ ഗദോത്തിനെപ്പോലെ അവതരിപ്പിക്കാനും എനിക്ക് സാധിക്കും,” കങ്കണ പറഞ്ഞു.
തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയായി കങ്കണ റണൗത്ത് വെള്ളിത്തിരയിലെത്തുന്ന ചിത്രമാണ് തലൈവി.
അരവിന്ദ് സ്വാമിയാണ് എം.ജി.ആറായി ചിത്രത്തിലെത്തുന്നത്. ആരാധകരുടെ ഇഷ്ടജോഡിയായി വെള്ളിത്തിരയില്‍ നിറഞ്ഞാടിയവരായിരുന്നു ജയലളിതയും എം.ജി.ആറും. നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. 1965 മുതല്‍ 1973 കാലയളവില്‍ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളിലും ഇരുവരും നായികനായകന്മാരായി എത്തിയിരുന്നു.പിന്നീട് സിനിമ വിട്ട് രാഷ്ട്രീയത്തിലേക്കിറങ്ങിയ എം.ജി.ആറിന്റ വഴി തന്നെയാണ് ജയലളിതയും പിന്തുടര്‍ന്നത്.
ജയലളിതയുടെ പതിനാറ് വയസ്സുമുതലുള്ള ജീവിതവും വ്യക്തിജീവിതവും രാഷ്ട്രീയ പ്രവേശനവുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. എ.എല്‍ വിജയ് ആണ് തലൈവി സംവിധാനം ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, എന്നീ ഭാഷകളിലാണ് ചിത്രമൊരുങ്ങുന്നത്.ഇന്ദിരാഗാന്ധിയായി കങ്കണ എത്തുന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actor Kangana says she is the most talented actress in twitter