ചരിത്രമല്ലാതെ ഹിന്ദു മതത്ത വൃണപ്പെടുത്തുന്ന ഒന്നും പറഞ്ഞിട്ടില്ലെന്ന് കമല്‍ ഹാസന്‍
ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു ഭീകരവാദിയാണ് നാഥുറാം ഗോദ്സെയെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി കമല്‍ ഹാസന്‍. താന്‍ പറഞ്ഞത് ചരിത്രം മാത്രമാണെന്നും ഹിന്ദു മതത്ത വൃണപ്പെടുത്തുന്ന ഒന്നും പറഞ്ഞിട്ടില്ലെന്നും മക്കള്‍ നീതി മയ്യം പ്രസിഡന്റ് കൂടിയായ കമല്‍ ഹാസന്‍ പറഞ്ഞു.
അതേസമയം, നാഥുറാം ഗോദ്സെയെ കുറിച്ചുള്ള പരാമര്‍ശത്തില്‍ കമല്‍ ഹാസനെതിരായി സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കാന്‍ ദല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു.
ബി.ജെ.പി നേതാവ് അശ്വനി ഉപധ്യായ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയിലാണ് ഹൈക്കോടതി വാദം കേള്‍ക്കാന്‍ വിസമ്മതിച്ചത്. ഇത് കോടതിയുടെ നിയമപരിധിക്ക് പുറത്ത് വരുന്ന കാര്യമാണെന്നാണ് കോടതി ചുണ്ടിക്കാട്ടിയത്.
ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചു, മതവികാരം വ്രണപ്പെടുത്തി എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു ബി.ജെ.പി ഹരജി നല്‍കിയിരുന്നത്. ഐ.പി.സി 153 എ, ഐ.പി.സി 295 എ എന്നീ വകുപ്പുകള്‍ ചുമത്തി കമല്‍ ഹാസനെതിരെ നടപടിയെടുക്കണമെന്നായിരുന്നു അശ്വിനി ഉപധ്യായ ആവശ്യപ്പെട്ടത്.
അറവകുറിച്ചി നിയോജക മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കുവേണ്ടി തെരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ സംസാരിക്കവേയായിരുന്നു കമല്‍ ഹാസന്‍ ഇങ്ങനെ പറഞ്ഞത്.
‘ഇവിടെ ഒരുപാട് മുസ്ലീങ്ങള്‍ ഉണ്ടെന്നതിനാലല്ല ഞാനിതു പറയുന്നത്. ഗാന്ധിയുടെ പ്രതിമയുടെ മുമ്പില്‍വെച്ചാണ് ഞാനിതു പറയുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ തീവ്രവാദ ഒരു ഹിന്ദുവാണ്. അയാളുടെ പേര് നാഥുറാം ഗോദ്‌സെയെന്നാണ്’- എന്നായിരുന്നു കമല്‍ ഹാസന്റെ വാക്കുകള്‍.