| Tuesday, 15th December 2020, 11:51 am

വിശ്വരൂപം എടുക്കാന്‍ പ്രേരിപ്പിക്കരുത്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കമല്‍ ഹാസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് വ്യക്തമായിരിക്കുകയാണ്. അതേസമയം ചെന്നൈയില്‍ നിന്ന് മത്സരിക്കുന്നത് പരിഗണനയില്ലെന്നാണ് കമല്‍ഹാസന്‍ അറിയിച്ചത്.

രജനീകാന്തുമായുള്ള സഖ്യകാര്യത്തില്‍ ജനുവരിയില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നും മക്കള്‍ നീതി മയ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് കമല്‍ഹാസന്‍ പറഞ്ഞിരുന്നു.

എന്നാല്‍ തങ്ങള്‍ ആവശ്യപ്പെട്ട തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കമല്‍ഹാസന്‍. തെരഞ്ഞെടുപ്പ് ചിഹ്നമായി മക്കള്‍ നീതി മയ്യം ടോര്‍ച്ച് ലൈറ്റ് ആവശ്യപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അത് നിഷേധിക്കുകയായിരുന്നു.

എം.ജി.ആറിന്റെ മക്കള്‍ കച്ചിക്ക് ബാറ്ററി ടോര്‍ച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കമല്‍ഹാസന്റെ പാര്‍ട്ടിക്ക് ചിഹ്നം നിഷേധിച്ചതെന്നാണ് സൂചന. ടോര്‍ച്ച്ലൈറ്റ് ഒരു ലൈറ്റ് ഹൗസായി മാറുമെന്നും അത് നിങ്ങള്‍ക്ക് കാണാമെന്നുമായിരുന്നു ഇതിന് പിന്നാലെ കമല്‍ഹാസന്‍ പ്രതികരിച്ചത്.

‘തെരഞ്ഞെടുപ്പ് കമ്മീഷന്‍ ടോര്‍ച്ച്ലൈറ്റ് ചിഹ്നം ഞങ്ങള്‍ക്ക് നിഷേധിച്ചു. ടോര്‍ച്ച് ലൈറ്റ് തന്നില്ലെങ്കില്‍ ഞങ്ങള്‍ ഒരു ലൈറ്റ് ഹൗസായി മാറും. വിശ്വരൂപം എടുക്കാന്‍ അവര്‍ ഞങ്ങളെ പ്രേരിപ്പിക്കുകയാണ്. വിശ്വരൂപം എപ്പോള്‍ എടുക്കണമെന്ന് നിങ്ങള്‍ എന്നോട് പറയുക, ഞങ്ങള്‍ അത് ഉടനെ എടുക്കാം,’ എന്നായിരുന്നു കമല്‍ഹാസന്‍ പറഞ്ഞത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നഗരമേഖലയില്‍ മികച്ച മുന്നേറ്റം നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഉലകനായകന്‍. ചില സഖ്യങ്ങള്‍ തകരുമെന്നും പുതിയ സഖ്യങ്ങള്‍ ഉണ്ടാകുമെന്നും അവകാശപ്പെട്ടാണ് കമല്‍ഹാസന്റെ പ്രചാരണം.

രജനികാന്തിനൊപ്പം ചേര്‍ന്ന് മൂന്നാം മുന്നണി സാധ്യത സജീവമാണ്. ചര്‍ച്ചകള്‍ നടക്കുന്നുവെന്നും അന്തിമ പ്രഖ്യാപനം രജനിയുടെ പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷമെന്നുമാണ് കമല്‍ഹാസന്റെ നിലപാട്. ബി.ജെ.പി വിരുദ്ധ പോരാട്ടമായി കൂടി ചിത്രീകരിച്ചാണ് കമല്‍ഹാസന്റെ പ്രചാരണം.

ഇതിനിടെ അസദുദ്ദിന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം തമിഴ്നാട്ടില്‍ 25 സീറ്റുകളിലെങ്കിലും മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയുമായി സഹകരിക്കുമെന്നാണ് സൂചന.

നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഉവൈസി തിങ്കളാഴ്ച തമിഴ്‌നാട്ടിലെ പാര്‍ട്ടി ഭാരവാഹികളുമായി ഹൈദരാബാദില്‍വെച്ച് ചര്‍ച്ച നടത്തുന്നുമെന്നും തെരഞ്ഞെടുപ്പ് പദ്ധതിക്ക് അന്തിമരൂപം നല്‍കാന്‍ പാര്‍ട്ടി ജനുവരിയില്‍ തൃച്ചിയിലും ചെന്നൈയിലും സമ്മേളനങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്നും പാര്‍ട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Kamal Hassan Against Tamilnadu Election Commission

We use cookies to give you the best possible experience. Learn more