എന്റെ മുതിര്‍ന്ന സഹോദരന്‍ ബാലു ജീവിതം മുഴുവന്‍ പാട്ടിന് വേണ്ടി മാറ്റിവെച്ചു; അതുകൊണ്ടാണ് അദ്ദേഹം ശബ്ദമായി മാറിയത്; എസ്.പി.ബിയുടെ ഓര്‍മകളില്‍ കമല്‍ ഹാസന്‍
Entertainment news
എന്റെ മുതിര്‍ന്ന സഹോദരന്‍ ബാലു ജീവിതം മുഴുവന്‍ പാട്ടിന് വേണ്ടി മാറ്റിവെച്ചു; അതുകൊണ്ടാണ് അദ്ദേഹം ശബ്ദമായി മാറിയത്; എസ്.പി.ബിയുടെ ഓര്‍മകളില്‍ കമല്‍ ഹാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 26th September 2021, 3:43 pm

കഴിഞ്ഞ ദിവസമായിരുന്നു ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ഒന്നാം ചരമവാര്‍ഷികം. ഗായകരും സിനിമാരംഗത്തെ മറ്റുള്ളവരും അദ്ദേഹത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ചിരുന്നു. ഒരുപാട് പേര്‍ തങ്ങളുടെ പ്രിയപ്പെട്ട എസ്.പി.ബിയുടെ ഗാനം പങ്കുവെച്ച് കൊണ്ടായിരുന്നു ഓര്‍മ പുതുക്കിയത്.

തെന്നിന്ത്യന്‍ സൂപ്പര്‍താരം കമല്‍ ഹാസനും എസ്.പി.ബിയുമൊത്തുള്ള ഓര്‍മകള്‍ പങ്കുവെച്ചു. ട്വിറ്ററിലൂടെയായിരുന്നു കമല്‍ ഹാസന്‍ ഓര്‍മകള്‍ പങ്കുവെച്ചത്. എസ്.പി.ബിയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു കമല്‍ ഹാസന്‍.

”ഒരു കാര്യം ചെയ്യുന്നതില്‍ തീവ്രമായി മുഴുകിയിരിക്കുന്ന ഒരാള്‍ സ്വയം ആ കാര്യമായിത്തന്നെ മാറും. എന്റെ മുതിര്‍ന്ന സഹോദരന്‍ ബാലു അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ പാട്ട് പാടുന്നതിന് വേണ്ടി മാത്രമായി അര്‍പ്പിച്ചു.

അതുകൊണ്ടാണ് അദ്ദേഹം ഒരു ശബ്ദമായി മാറിയത്. സ്വന്തം ശരീരത്തെ വെടിഞ്ഞ് അദ്ദേഹം ഇപ്പോള്‍ ശബ്ദത്തിന്റെ രൂപത്തില്‍ നമുക്കിടയില്‍ നിലനില്‍ക്കുന്നു,” എന്നായിരുന്നു കമല്‍ ഹാസന്‍ ട്വിറ്ററില്‍ കുറിച്ചത്.

എസ്.പി.ബിയുമൊത്തുള്ള രണ്ട് ഫോട്ടോകളും കമല്‍ പങ്കുവെച്ചിരുന്നു. ഇരുവരുടേയും ചെറുപ്പകാലത്ത് എടുത്ത ഫോട്ടോയാണ് ഒന്ന്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25നായിരുന്നു എസ്.പി. ബാലസുബ്രഹ്മണ്യം അന്തരിച്ചത്. കൊവിഡ് ബാധിതനായി ചെന്നൈയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു മരണം.

തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലായി 40,000ല്‍ അധികം പാട്ടുകള്‍ എസ്.പി.ബി പാടിയിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ആറ് തവണ മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരവും നേടിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actor Kamal Haasan remembers singer SP Balasubrahmanyam