| Thursday, 29th December 2022, 4:55 pm

മലൈക്കോട്ടെ വാലിബനില്‍ കമല്‍ഹാസനോ?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടെ വാലിബനില്‍ ഉലകനായകന്‍ കമല്‍ഹാസന്‍ എത്തുന്നതായി വിവരം. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തില്‍ കമല്‍ഹാസനെ കൊണ്ടുവരാനാണ് അണിയറപ്രവര്‍ത്തകര്‍ ഒരുങ്ങുന്നുന്നതെന്നാണ് കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്തത്.

കമല്‍ഹാസനും മോഹന്‍ലാലും വീണ്ടും ഒരുമിക്കാന്‍ പോവുന്നതിന്റെ ആഹ്ലാദത്തിലാണ് ആരാധകര്‍. 2019ല്‍ ചാക്രി സംവിധാനം ചെയ്ത ഉന്നെപോല്‍ ഒരുവന്‍ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ആമേന് ശേഷം പി.എസ്. റഫീക്കിന്റെ രചനയില്‍ ഒരുങ്ങുന്ന ലിജോ ചിത്രം കൂടിയാണ് മലൈക്കോട്ടെ വാലിബന്‍.

ചിത്രീകരണം ജനുവരി 10ന് രാജസ്ഥാനില്‍ ആരംഭിക്കും. അറുപത് ദിവസത്തെ ചിത്രീകരണമാണ് പ്ലാന്‍ ചെയ്യുന്നത്. ബോളിവുഡ് താരം വിദ്യൂത് ജംവാള്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററിനെ പല കഷ്ണങ്ങളാക്കി ക്രമം തെറ്റിച്ച് മിനിട്ടുകളുടെ വ്യത്യാസത്തില്‍ മോഹന്‍ലാല്‍ ഡിസംബര്‍ 21 മുതല്‍ പോസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെ പല ഊഹാപോഹങ്ങളാണ് ചിത്രത്തെ പറ്റി പുറത്ത് വന്നുകൊണ്ടിരുന്നത്. പല പേരുകള്‍ ചര്‍ച്ചയിലുയര്‍ന്നിരുന്നു. മലൈക്കോട്ടൈ വാലിബനും അതിലൊന്നായിരുന്നു.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തില്‍ നായികയായി എത്തുന്നത് രാധിക ആപ്തെയാണ്. ഒക്ടോബര്‍ 25 നാണ് മോഹന്‍ലാല്‍ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ് സെഞ്ചുറി ഫിലിംസ് എന്നിവയുടെ ബാനറില്‍ ഷിബു ബേബി ജോണ്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ആദ്യ നിര്‍മാണ സംരംഭമാണ് ഇത്. മധു നാലകണ്ഠനാണ് ഛായാഗ്രഹണം. സംവിധായകനായ ടിനു പാപ്പച്ചനാണ് ചിത്രത്തിന്റെ ചീഫ് ഡയറക്ടര്‍.

മമ്മൂട്ടിയുമായി ആദ്യമായി ഒന്നിക്കുന്ന നന്‍പകല്‍ നേരത്ത് മയക്കമാണ് റിലീസിന് ഒരുങ്ങുന്ന എല്‍.ജെ.പി ചിത്രം. വൈശാഖ് സംവിധാനം ചെയ്ത മോണ്‍സ്റ്ററാണ് ഒടുവില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം റാമിന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്.

content highlight: actor Kamal Haasan is coming to Malaikote Valiban directed by Lijo Jose Pellissery starring Mohanlal

We use cookies to give you the best possible experience. Learn more