| Tuesday, 24th November 2020, 8:17 am

'വൈകി കിട്ടുന്ന നീതിയെങ്കിലും നല്‍കൂ, അദ്ദേഹത്തെ വിട്ടയക്കൂ'; പേരറിവാളന്റെ മോചനമാവശ്യപ്പെട്ട് കമല്‍ ഹാസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പേരറിവാളനെ വിട്ടയക്കണമെന്നാവശ്യവുമായി നടന്‍ കമല്‍ ഹാസനും. പേരറിവാളന്റെ വിചാരണ നടക്കുന്നത് ശരിയായ രീതിയിലാണോ എന്ന കാര്യത്തില്‍ സംശയമുള്ളതായും കമല്‍ ഹാസന്‍ പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ശരിയായ രീതിയില്‍ വിചാരണ പോലും നടന്നുവെന്ന് സംശയങ്ങള്‍ നിലനില്‍ക്കേ, മുപ്പത് വര്‍ഷത്തിലേറെയായി പേരറിവാളന്റെ ജയില്‍ വാസം തുടരുകയാണ്. കോടതികള്‍ വെറുതെ വിട്ടെങ്കിലും ഒരു ഗവര്‍ണറുടെ ഒപ്പിന് വേണ്ടി കാത്തിരിക്കുകയാണ്. വൈകി കിട്ടുന്ന നീതിയെങ്കിലും നല്‍കൂ, പേരറിവാളനെ വിട്ടയക്കൂ,’

പേരറിവാളന്റെ പരോള്‍ കാലാവധി ഒരാഴ്ച കൂടി നീട്ടി സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ആശുപത്രി സന്ദര്‍ശനത്തിന് ആവശ്യമായ എല്ലാ സുരക്ഷാ സൗകര്യങ്ങളും പേരറിവാളിന് ഒരുക്കി നല്‍കണമെന്നും തമിഴ്‌നാട് സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

പേരറിവാളനെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ് സിനിമാ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും നടന്‍ വിജയ് സേതുപതിയും അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. രാജീവ് ഗാന്ധി വധക്കേസില്‍ 30 വര്‍ഷമായി ജയിലില്‍ കഴിയുകയാണ് പേരറിവാളന്‍.

പേരറിവാളനെ ഉടന്‍ മോചിപ്പിക്കണമെന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് വിജയ് സേതുപതി ആവശ്യപ്പെട്ടത്. ‘കുറ്റം ചെയ്യാതെ 30 വര്‍ഷം ജയിലില്‍. മകന് വേണ്ടി 30 വര്‍ഷം പോരാടിയ അമ്മ. തമിഴ്‌നാട് മുഖ്യമന്ത്രിയോടും ഗവര്‍ണറോടും അപേക്ഷിക്കുന്നു. അവര്‍ക്ക് നീതി നല്‍കണം’ എന്ന് കാര്‍ത്തിക്ക് ട്വിറ്ററില്‍ കുറിച്ചു.

നിരവധി പേരാണ് പേരറിവാളനെ വെറുതെ വിടണമെന്നാവശ്യപ്പെട്ട് രംഗത്തെത്തുന്നത്. നേരത്തെ രണ്ടാഴ്ച്ചക്കാലത്തേക്ക് പേരറിവാളന് പരോള്‍ ലഭിച്ചിരുന്നു. ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിന്നീട് പേരറിവാളന് പരോള്‍ ലഭിക്കുന്നത്.

പേരറിവാളന്റെ ജയില്‍ മോചനത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ച് 2 വര്‍ഷം കഴിഞ്ഞിട്ടും ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതില്‍ സുപ്രീം കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

വധത്തിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം 20 വര്‍ഷമായിട്ടും പൂര്‍ത്തിയാകാത്തതിനെയും ജസ്റ്റിസ് എല്‍.നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചിരുന്നു.

പേരറിവാളനുള്‍പ്പെടെ കേസിലെ 7 പ്രതികളെ വിട്ടയയ്ക്കാന്‍ തമിഴ്‌നാട് 2018 സെപ്റ്റംബറിലാണു തീരുമാനിച്ചത്. ഇനിയും ഗവര്‍ണര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണു പേരറിവാളന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

രാജീവ് ഗാന്ധി വധക്കേസില്‍ 1991 ജൂണിലാണ് പേരറിവാളന്‍ അറസ്റ്റിലായത്. അന്ന് അദ്ദേഹത്തിന് 19 വയസായിരുന്നു. രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ ബോംബില്‍ ഉപയോഗിച്ച ബാറ്ററി വാങ്ങി നല്‍കി എന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Kamal Haasan Demands the release of Perarivalan

We use cookies to give you the best possible experience. Learn more