മമ്മൂട്ടിയുടെ മാതാവിന്റെ മരണത്തില്‍ അനുശോചനവുമായി നടന്‍ കമല്‍ ഹാസന്‍. ജീവിച്ചിരിക്കുന്ന സമയത്ത് മകന്‍ എത്തപ്പെട്ട ഉയരങ്ങള്‍ കാണാന്‍ ആ ഉമ്മക്കായെന്നും വലിയ സംതൃപ്തിയോടെയായിരിക്കും അവര്‍ വിടവാങ്ങിയതെന്നും കമല്‍ പറഞ്ഞു. സമയത്തിന് മാത്രമേ മമ്മൂട്ടിയുടെ വേദനയെ സുഖപ്പെടുത്താനാവൂയെന്നും ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ കമല്‍ പറഞ്ഞു.
‘പ്രിയപ്പെട്ട മമ്മൂക്ക, താങ്കളുടെ മാതാവിന്റെ വിയോഗത്തെ പറ്റി അറിഞ്ഞു. നിങ്ങള്‍ ഭാഗ്യവാനാണ്. കാരണം ജീവിച്ചിരിക്കുന്ന സമയത്ത് നിങ്ങളെത്തിയ ഉയരം കാണാന്‍ ആ ഉമ്മക്കായി. വലിയ സംതൃപ്തിയോടെയായിരിക്കും അവര്‍ വിടവാങ്ങിയത്. നിങ്ങളുടെ വേദനയെ സമയത്തിന് മാത്രമേ സുഖപ്പെടുത്താനാവൂ. നിങ്ങളുടെ വേദനയില്‍ പങ്കുചേരുന്നു,’ കമല്‍ കുറിച്ചു.
വെള്ളിയാഴ്ചയാണ് മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായില്‍ അന്തരിച്ചത്. 93 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് പുലര്‍ച്ചെയായിരുന്നു അന്ത്യം.
ഫാത്തിമയുടെ ഖബറടക്കം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വൈക്കം ചെമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും, സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവനും ജുമാ മസ്ജിദില്‍ എത്തി ചേര്‍ന്നിരുന്നു.
കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്, എം.പിമാരായ ജോസ് കെ. മാണി, എ.എം. ആരിഫ്, എ.എ. റഹീം, അഡ്വ കെ. സുരേഷ് കുറുപ്പ് തുടങ്ങിയവരും സംസ്‌കാരത്തിന് എത്തിയിരുന്നു.
Content Highlight: Actor Kamal Haasan condoles the death of Mammootty’s mother